ജാതി നിരോധിച്ചുകൊണ്ട് കാലിഫോർണിയ പ്രസ്താവനയിറക്കി; ജാതി നമ്മുടെ സംഭാവനയായിരുന്നു

അറുപത്തി രണ്ടാമത്തെ വയസ്സിലാണ് ഞാൻ സെനറ്റിലെ മുപ്പത്തിയൊന്നു വർഷത്തെ സേവനം മതിയാക്കി പടിയിറങ്ങുന്നത്. വിരമിക്കലിനെക്കുറിച്ച് ഞാൻ പലതവണ ആലോചിച്ചിരുന്നുവെങ്കിലും ഇനിമുതൽ ജോലിയില്ലെന്ന യാഥാർഥ്യം എനിക്കുകൂടി ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലുള്ള ഒരു കാരണം മനസ്സാ തേടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു സന്തോഷവാർത്തയുമായി സോണിയ വിളിക്കുന്നത്. അവൾ അമ്മയാവാൻ പോകുന്നു. ഞാനെന്റെ ആദ്യകാലമോർത്തു പോയി. ഓരോ ഗർഭകാലത്തും വിശ്രമമില്ലാതെ ജീവിതത്തിന്റെ കംപ്യൂട്ടർ കീപാഡുകൾ ഇരുന്നും നിന്നും നടന്നും മാറിമാറി വിരലുകൾക്ക് വഴക്കിയെടുത്ത കാലം. സീ സെക്ഷൻ കഴിഞ്ഞ് കയ്യിൽ കിട്ടിയ കുഞ്ഞിനെ എങ്ങനെ എടുക്കണമെന്നറിയാതെ, തുന്നലുകൾ തന്ന വേദനയിൽ വാപൊളിച്ച് കരഞ്ഞിരുന്ന കാലം. അമ്മയെ മാത്രം വിളിച്ചുകരഞ്ഞ് നിരാലാബയായി നിന്നിരുന്ന ആ കാലം മുന്നിൽ തെളിഞ്ഞതും ഞാൻ ഉടൻതന്നെ സെക്ഷൻ ഓഫീസറായ ലോറയെ വിളിച്ച് സെനറ്റിൽനിന്നു വിരമിക്കുന്ന കാര്യം ചർച്ചചെയ്തു. മാലിനിയും അനൂപും താമസിച്ചിരുന്നത് ഞങ്ങളിൽനിന്നു വളരെ അകലെയല്ലാതിരുന്നതിനാൽ അവൾക്ക് കുഞ്ഞുണ്ടായപ്പോൾ ഏറെക്കുറേ സഹായങ്ങൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞിരുന്നു. സോണിയയും എഡ്ഡും ന്യൂയോർക്കിലാണ് താമസമാക്കിയിരിക്കുന്നത്. വാഷിങ്ടണിൽനിന്ന് നാലുമണിക്കൂർ യാത്രയുണ്ട്. ജോലിയിൽനിന്നു വിരമിക്കാതെ അവൾക്ക് എന്റെ സാമീപ്യമോ സഹായങ്ങൾ ലഭ്യമാവില്ല. എന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിടാൻ ഏറ്റവും യോജിച്ച സമയം ഇതുതന്നെ. കൂടുതൽ ചിന്തിച്ചാൽ ഇവിടംവിട്ട് പോകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ തീരുമാനം കഴിയുന്നതും വേഗം നടപ്പാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.
അമേരിക്കയിൽ വിരമിക്കൽ പ്രായമില്ല. മനസ്സും ശരീരവും ഓഫീസ് ജോലികളോട് നീതി പുലർത്തുന്ന കാലം വരെ ജോലിയെടുക്കാം. വർഷാവർഷം നടത്തുന്ന അപ്രൈസൽ മീറ്റിങ്ങുകളാണ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ക്ഷമതയില്ലായ്മയും ഓർമിപ്പിക്കുക. കുറച്ചുകൂടി കഴിഞ്ഞിട്ടുപോരേ എന്ന് ലോറ ആശങ്കയോടെ മുഖത്തേക്ക് നോക്കിയെങ്കിലും സെനറ്റിലെ എന്റെ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചുകൊടുക്കാൻ പറ്റിയ ആളെ തിരഞ്ഞെടുക്കാൻ സമയമായി എന്നുതന്നെയായിരുന്നു എന്റെ മറുപടി. അതുവരെ ചെയ്തുകൊണ്ടിരുന്ന ജോലികളെല്ലാം പിൻഗാമിയെ പഠിപ്പിച്ചുകൊടുത്ത് അത് പ്രാവർത്തികമാക്കാൻ തുടങ്ങിയിട്ടുവേണം എനിക്ക് പടിയിറങ്ങാൻ.