ഓട്ടം ഒരു ഭാഷയാകുമ്പോൾ: രണ്ടു രമാബായിമാർക്കിടയിലെ ഒരു നൂറ്റാണ്ടിന്റെ ദൂരം

രമാബായി നാല്പത്തിയേഴു വയസ്സുള്ള വിധവയാണ്. പോരാളി എന്നർത്ഥം വരുന്ന രൺവീർ എന്ന പേരായിരുന്നു ഭർത്താവിന്. രണ്ടു പെൺകുട്ടികളാണ് രമാബായിയ്ക്കുള്ളത്. അവർ പഠിക്കുകയാണ്. രമാബായി മഹാരാഷ്ട്രയിലെ മാറാത്തവാഡ പ്രദേശത്തെ ബീഡ് ജില്ലയിലെ അംബാജിഗോയ് ക്ഷേത്രനഗരത്തിലാണ് താമസിക്കുന്നത്. ബീഡിലുള്ള ഒരു സ്‌പോർട്‌സ് അക്കാദമിയുടെ കാന്റീനിലാണ് ജോലി. അവിടെ പഠിക്കുന്നവർക്കായി എല്ലാ ദിവസവും ഇരുന്നൂറു ചപ്പാത്തിയുണ്ടാക്കും. അങ്ങനെ മാസത്തിൽ കിട്ടുന്ന 8,500 രൂപ കൊണ്ടാണ് രമാബായി വീടു നോക്കുന്നത്, സ്വന്തം കുട്ടികളെ പഠിക്കാൻ വിടുന്നത്. ക്യാന്റീനിലെ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കിക്കഴിഞ്ഞാൽ അവർ വീട്ടിലെ പെൺകുട്ടികളുടെ ഭാവിയെ ഓർത്ത് ആശങ്കപ്പെടും. രമയുടെ ഭർത്താവ് മരിച്ചത് 2012-ലാണ്.
2026 സെപ്റ്റംബർ രണ്ടാം തീയതിയിലെ മറാത്തി ദിനപ്പത്രങ്ങളിലും വടക്കേയിന്ത്യയിലെ ഹിന്ദി- ഇംഗ്ലീഷ് പത്രങ്ങളിലും രമാബായി കയ്യിൽ റബ്ബർ ചപ്പലുകളുമേന്തി നഗ്‌നപാദയായി ഓടുന്ന ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു.