കാരണം ഓറഞ്ചല്ലല്ലോ ഒരേയൊരു പഴം! |സജയ് കെ.വി | മഷിപ്പച്ച

പ്രതീകാത്മക ചിത്രം / കടപ്പാട്: എ.പി
പ്രതീകാത്മക ചിത്രം / കടപ്പാട്: എ.പി

മ്മുടെ സാഹിത്യത്തില്‍ ഏറ്റവും സൂക്ഷ്മവും വ്യഞ്ജകവുമായ ഒരു ഭോജനസന്ദര്‍ഭമുള്ളത് ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ 'അച്ഛന്‍' എന്ന അധ്യായത്തിലാണ്. അതിങ്ങനെ- 'രവി എണീറ്റു ചെന്ന് കലവറപ്പെട്ടി തുറന്ന് നാലു മധുരനാരങ്ങ പുറത്തെടുത്തു.

'കഴിയ്ക്കണം സേര്‍, ദാഹത്തിനു നല്ലതാ'.

ഇന്‍സ്‌പെക്ടര്‍ നാരങ്ങയില്‍ ശ്രദ്ധയത്രയും ചെലുത്തി. തിന്നു തീര്‍ന്നപ്പോള്‍, അല്ലികളില്‍ നിന്ന് നുള്ളിയെടുത്ത നാരും കുരുവുമൊക്കെ പെറുക്കി നാരങ്ങത്തൊലിയില്‍ മടക്കി സൂക്ഷിച്ചു'.

വിശിഷ്ടഭോജ്യമൊന്നുമല്ലാത്ത ഓറഞ്ചിനോടുള്ള ഈ ധ്യാനാത്മകമായ പരിഗണന, ഇന്‍സ്‌പെക്ടര്‍ക്ക് രവിയുടെ പിതൃച്ഛായ നല്‍കുന്നതില്‍ വലിയ പങ്കാണു വഹിക്കുന്നത്. കേവലം ഒരു വാക്യത്താല്‍ വിവരിക്കപ്പെട്ടിരിക്കുന്ന ഒരു ക്രിയ, ഒരു കഥാപാത്രത്തെത്തന്നെ നിര്‍വ്വചിക്കുന്ന വിസ്മയമാണിത്; ഒരു പക്ഷേ 'ഖസാക്കി'ല്‍ മാത്രം നമ്മള്‍ കണ്ടിട്ടുളളത്. ഒന്നും പാഴായിപ്പോകരുത് എന്ന നിഷ്ഠയോടെയെന്നോണമാണ് ഇന്‍സ്‌പെക്ടര്‍ ഓറഞ്ചിനോടു പെരുമാറുന്നത്; 'ഖസാക്കി'ന്റെ  രചനാവേളയില്‍ ഭാഷയോട് വിജയനും.

കാതറീന്‍ മാന്‍സ്ഫീല്‍ഡിന്റെ 'വെളളരിയച്ചാര്‍'(A Dill Pickle) എന്ന കഥയില്‍ ഒരിക്കല്‍ പ്രണയികളായിരിക്കുകയും കലഹിച്ചു പിരിയുകയും ചെയ്ത രണ്ടു പേരാണ് കഥാപാത്രങ്ങള്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഭോജനശാലയില്‍ വച്ച് അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. ആ അപൂര്‍വ്വമാത്രയില്‍ അവര്‍ക്കിടയില്‍ ഒരഭിജ്ഞാനമായി കടന്നുവരുന്നത് ഒരോറഞ്ചാണ്; അതും കഥയുടെ ആദ്യഖണ്ഡികയില്‍ത്തന്നെ -'അങ്ങനെ ആറു വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ അയാളെ വീണ്ടും കണ്ടു. ജപ്പനീസ്പൂപ്പാത്രങ്ങളില്‍ കടലാസ്ഡാഫൊഡിലുകള്‍ വച്ചലങ്കരിച്ച ചെറുമുളം മേശകള്‍ക്കൊന്നിനരികിലാണ് അയാള്‍ ഇരുന്നിരുന്നത്. അയാള്‍ക്കു മുന്നില്‍ ഒരു തളിക നിറയെ, പഴങ്ങള്‍ കൂനയായി വച്ചിരുന്നു, വളരെ ശ്രദ്ധാപൂര്‍വ്വം, അയാളുടേതെന്ന് അവള്‍ പെട്ടെന്നു തിരിച്ചറിഞ്ഞ ആ 'സവിശേഷ'മട്ടില്‍, അയാള്‍ ഒരോറഞ്ചിന്റെ തൊലി കളയുകയായിരുന്നു.'

ഓറഞ്ചിന്റെ തൊലികളയുന്നതിലെ ശ്രദ്ധയും പ്രത്യേകതയും, ഇവിടെ പഴയ കാമുകന്റെ തിരിച്ചറിയല്‍രേഖയായി മാറുന്നു ('പാരമിഷ്ടജനരൂപമോരുവാന്‍ / നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം').

മോഹിച്ച പൂവന്‍പഴത്തിനു പകരം ലഭിച്ച ഓറഞ്ചിന്റെ അല്ലികളടര്‍ത്തുമ്പോള്‍ ബഷീറിന്റെ ജമീലാബീവി നിനച്ചതെന്താവാം; പ്രണയം പൂവന്‍പഴത്തിന്റെ മാംസളമധുരമെങ്കില്‍, ദാമ്പത്യം മധുരനാരങ്ങയുടെ മധുരപ്പുളിപ്പെന്നോ? വിവാഹം ഒരുവളുടെ രുചികളെ ഒരേയൊരോറഞ്ചായ് ചുരുക്കിക്കളയുമെന്നോ?

ദീര്‍ഘകാലം ഒരേ ഭക്ഷണം കഴിച്ചു മടുത്തൊരാള്‍ മറ്റൊരു രുചി തിരഞ്ഞെടുക്കുന്നതു പോലൊരു ലഘുവ്യതിയാനമായേ കരുതിയുള്ളൂ നാരായണഗുരു, ബ്രഹ്‌മചര്യമവസാനിപ്പിച്ച് വിവാഹിതനാവാനുള്ള ആശാന്റെ തീരുമാനത്തെ ('അരിയാഹാരം കഴിച്ചുപോന്ന ഒരാള്‍ അതു നിര്‍ത്തി ഗോതമ്പാഹാരം കഴിച്ചു തുടങ്ങിയതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ'). ഈ സാദൃശ്യകല്പനയെ ഓറഞ്ചിന്റെ രൂപകാത്മകതയുപയോഗിച്ചു പറയുകയായിരുന്നു ജീനെറ്റ് വിന്റര്‍സണിന്റെ, 'ഓറഞ്ചല്ല, ഒരേയൊരു പഴം'(Oranges are not the only fruit) എന്ന നോവല്‍ശീര്‍ഷകം. ലെസ്ബിയന്‍പ്രണയം കൂടി പ്രമേയമാകുന്ന ഇത്തരമൊരു നോവലിന് ഇതിലും ചാരുതയാര്‍ന്നൊരു ശീര്‍ഷകം സങ്കല്പിക്കാനാവില്ല. കാരണം ഓറഞ്ചല്ലല്ലോ ഒരേയൊരു പഴം!

Content Highlights: Mashipacha, Sajay K.V, Orange, Mathrubhumi