ബധിരലോകത്തിന് ആരു നൽകും കേൾവിയന്ത്രം?

അറുപതുകൊല്ലങ്ങൾക്കു മുൻപ് കേരളത്തിലെ രണ്ടാം പാഠപുസ്തകത്തിൽ ഒരു വാചകമുണ്ടായിരുന്നു 'ഹരിയും സിംഹവും ഒന്നുതന്നെ' എന്ന്. സിംഹത്തിന്റെ പര്യായപദമായി ഹരി എന്ന വാക്കും കൂടി പഠിപ്പിക്കാനായിരുന്നു അത്. ഇന്നും മറക്കാതെ ആ വാചകം മനസ്സിൽ നിൽക്കുന്നു. പര്യായമെന്ന പദത്തിന് വിവിധ അർഥങ്ങൾ തരുന്ന ശബ്ദതാരാവലി നമുക്ക് നൽകുന്ന മറ്റൊന്നുകൂടിയുണ്ട്, 'പര്യായമെന്നത് ഒരു വസ്തു ഒന്നിനെ വിട്ട് മറ്റൊന്നിനെ എന്ന മുറയ്ക്ക് പല വസ്തുക്കളെ പ്രാപിക്കുന്നതായോ, പല വസ്തുക്കൾ ഓരോന്നോരോന്നായി ഒന്നിനെ പ്രാപിക്കുന്നതായോ പറയുന്നത്' ആണെന്ന്. ഇതിന്നുദാഹരണമായി ഭാഷാഭൂഷണകാരൻ പറയുന്നത് ഇതാണ്-'അന്തിക്കു കമലം വിട്ടു കാന്തി ചെന്നിതു ചന്ദ്രനിൽ'. രാത്രിയായപ്പോൾ കാന്തി താമരപ്പൂവിൽ നിന്നും ചന്ദ്രനിലേക്ക് ചേക്കേറുന്നതാണ് പര്യായം എന്ന്. അടുത്ത കാലത്ത് മലയാളത്തിൽ അൻവർ അലി എഴുതിയ കവിതയിൽ ഗാന്ധിയിലേക്ക് ചേക്കേറുന്ന കാന്തിയെക്കുറിച്ച് പറയുന്നുണ്ട്. കാന്തിയുടെ പര്യായപദമായി ഗാന്ധി മാറുകയാണ്.
ഹിംസയുടെ പര്യായത്തെക്കുറിച്ചാണ് ഈ ആഴ്ച ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഹിംസ എങ്ങനെയാണ് ഒന്നിനെ വിട്ട് മറ്റൊന്നിനെ പ്രാപിക്കുന്നത് എന്ന് ആലോചിക്കാനുള്ള ശ്രമമാണ്. ഇസ്രയേൽ-അമേരിക്ക-ഇറാൻ യുദ്ധം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഇസ്രയേലിലും ഇറാനിലും നടന്ന രണ്ടു സമാനസംഭവങ്ങളുടെ അഗാധമായ ഇരുട്ടിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ആ ഇരുട്ട് ഒരു മുറിയിൽ നിന്നും പുറത്തു കടക്കുമ്പോൾ തീരുന്ന ഒന്നല്ല. അത് ചിന്തകളുടെ സർവഗ്രഹങ്ങളേയും ആകാശഗംഗകളേയും പുതച്ചുകിടക്കുന്ന അനുക്ഷണവികസ്വരമായ അഗാധാന്ധകാരമാണ്.