പ്രണയം ഒരു നരകചിത്രം വരയ്ക്കുന്നു

വാക്കോളം
#ജയകൃഷ്ണന്‍
അസീത്ത ആഹ്രെമാൻ, ഗറൗസ് അബ്ദൊൾമലെക്യാൻ
അസീത്ത ആഹ്രെമാൻ, ഗറൗസ് അബ്ദൊൾമലെക്യാൻ

ഇറാനിയൻ കവികളായ ഗറൗസ് അബ്ദൊൾമലെക്യാൻ, അസീത്ത ആഹ്രെമാൻ എന്നിവരുടെ രചനകളെപ്പറ്റി 'വാക്കോള'ത്തിൽ. 

''നിങ്ങൾക്ക് ഭ്രാന്താണ്. കാരണം, നിങ്ങൾ ഇന്നലെ വെടിയേറ്റുമരിച്ചുകഴിഞ്ഞു; എന്നിട്ടും നാളെ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണു നിങ്ങൾ. നിങ്ങൾക്ക് ഭ്രാന്താണ്- കാരണം നിങ്ങൾ രാത്രിയെ ഖനനംചെയ്യുകയാണ്, നിങ്ങളുടെ കിടക്കയ്ക്കിടയിലെ ഇരുട്ടിന്റെ തുണ്ടുകളെ ഒളിപ്പിക്കാൻവേണ്ടി. ഇല്ലായ്മയുടെ തണലിലിരുന്ന് ഇല്ലായ്മയുടെ പുസ്തകത്താളുകൾ മറിക്കുകയാണ് നിങ്ങൾ.”

ഇറാനിയൻ കവി ഗറൗസ് അബ്ദൊൾമലെക്യാന്റെ(Garous Abdolmalekian) കവിതകളിൽ രണ്ടു യുദ്ധങ്ങൾക്കിടയിലകപ്പെട്ട ഒരു ജനതയുടെ കീറിപ്പറിഞ്ഞ ചിത്രങ്ങളാണുനിറയെ. ഏകാധിപത്യമതഭരണകൂടത്തിന്റെ യുദ്ധം, അതിനെ ചവിട്ടടിയിലാക്കാൻവെമ്പുന്ന ശത്രുക്കളുടെ യുദ്ധം. രണ്ടു യുദ്ധങ്ങളും ഇറാനിലെ ജനങ്ങളോടാണ്. ഇല്ലായ്മയുടെ ചുട്ടുപൊള്ളുന്ന തണലിലാണ് അവരെപ്പോഴും ഇരിക്കുന്നത്.

ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ നടുവിലാണ് അബ്ദൊൾമലെക്യാൻ ജനിക്കുന്നത്. യുദ്ധത്തിനും യുദ്ധഭീതിക്കും നടുവിലായിരുന്നു എപ്പോഴും അദ്ദേഹവും മറ്റുള്ളവരും. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഈ രണ്ട് അവസ്ഥകളിലൂടെയുമുള്ള അതിജീവനമാണ് അദ്ദേഹത്തിന്റെ Lean Against This Late Hour എന്ന സമാഹാരത്തിലെ കവിതകളെല്ലാം. മരിച്ചവർപോലും ആ വരികളിൽ സ്വസ്ഥരല്ല. Long Exposure എന്ന കവിതയിൽ മൃതരായവരുടെ മരിക്കാത്ത വ്യഗ്രതയെ ആവിഷ്‌കരിക്കുന്നതിങ്ങനെ: 'കാറ്റടിക്കുമ്പോൾ കസേരയിലെ പൊടിയിളകുന്നു, മുറിയിൽ ചുറ്റിക്കറങ്ങുന്നു പിന്നെ അവൾക്കരികെ കിടക്കുന്നു- അതിനു ചുണ്ടുകളുണ്ടായിരുന്ന ദിനങ്ങൾ ഓർത്തുകൊണ്ട്.'' തൃഷ്ണകളൊടുങ്ങാതെ പൊടിയായി അസ്തമിച്ചുപോയ ജന്മങ്ങളാണ് ഒരു യുദ്ധത്തിന്റെ ഒരേയൊരു ബാക്കിപത്രം. The Oasis of Now എന്ന കവിതയിൽ, ലോകപ്രശസ്ത ഇറാനിയൻ കവിയും ചിത്രകാരനുമായ സോഹ്റാബ് സെപേഹ്രി(Sohrab Sepehri) എഴുതി: 'എന്നെയാണന്വേഷിക്കുന്നതെങ്കിൽ നീ സ്‌നിഗ്ധതയോടെ, നിശ്ശബ്ദയായി വരുക. അല്ലെങ്കിൽ എന്റെ ഏകാന്തതയെ പൊതിഞ്ഞിരിക്കുന്ന സ്ഫടികഹൃദയത്തെ നീ പൊട്ടിച്ചുകളയും.'അബ്ദൊൾമലെക്യാന്റെ കവിതകളിലേക്ക് കടന്നുവരുന്നതാകട്ടെ ബോംബുകൾമാത്രമാണ്. ഏകാന്തതയെമാത്രമല്ല, പ്രണയിക്കാനാഗ്രഹിക്കുന്ന ചുണ്ടുകളെപ്പോലും അത് പൊടിയാക്കി മാറ്റുന്നു.

യുദ്ധം കിടപ്പറയിലേക്കുപോലും കടന്നുവരുന്നതിനെപ്പറ്റി Border എന്ന കവിതയിൽ അബ്ദൊൾമലെക്യാൻ പറയുന്നുണ്ട്: 'ഞാൻ വിശ്രമിക്കുമ്പോൾ എന്റെ ഭാര്യ യുദ്ധത്തെക്കുറിച്ചുള്ള ഒരു കവിത വായിക്കുന്നു. ഇനി ടാങ്കുകൾ എന്റെ കിടക്കയിലേക്കു കടന്നുവരുകയേ വേണ്ടൂ. വെടിയുണ്ടകൾ എന്റെ സ്വപ്നങ്ങളിൽ അനേകം തുളകൾ തീർത്തിരിക്കുന്നു. അവയിലൊന്നിലൂടെ നോക്കുമ്പോൾ മഞ്ഞു പൊതിഞ്ഞതിനാൽ തൊലിവെളുത്ത ഒരു തെരുവു കാണാം. ഹിമപാതമില്ലെങ്കിൽ തെരുവിനും കിടക്കവിരിക്കും ഇടയിലുള്ള അതിർത്തി വ്യക്തമായി കാണാം.'തുടർന്ന് ഒരു ചലച്ചിത്രത്തിലെന്നപോലെ കവിത മറ്റൊരു ദൃശ്യത്തിലേക്കു നീങ്ങുന്നു: തെരുവിലെ കിടങ്ങുകൾകടന്ന് ടാങ്കുകൾ കിടക്കവിരിയിലേക്കും തുടർന്ന് കവിയുടെ സ്വപ്നത്തിലേക്കും കയറിവരുകയാണ്. സ്വപ്നത്തിലിപ്പോൾ കവിയുടെ ബാല്യകാലമാണുള്ളത്. അവിടെയും ബോംബുകൾ പതിക്കുന്നു. തുടർന്ന് ഒരു ആശുപത്രിയിൽ മരണാസന്നനായി കിടക്കുന്ന ഒരുവനിലേക്ക് കവിതയിലെ ദൃശ്യം മാറുന്നു: തിരശ്ശീലയിൽ പച്ചച്ച പർവതനിരകൾ മരുഭൂമിയായി ഒടുങ്ങുമ്പോൾ കവിത അവസാനിക്കുകയാണ്.

A Wolf Lying in Wait എന്ന പുസ്തകത്തിൽ ഇറാനിയൻ ചലച്ചിത്രകാരൻ അബ്ബാസ് കിയറോസ്തമി എഴുതി: 'നീയില്ലാത്തപ്പോൾ ഞാൻ നിന്നോട് സംസാരിക്കുന്നു. നീയുള്ളപ്പോൾ ഞാൻ സംസാരിക്കുന്നതാകട്ടെ എന്നോടുതന്നെയും.'കിയറോസ്തമിയുടെ സിനിമകൾ ഏറെ സ്വാധീനിച്ചിട്ടുള്ള ഗറൗസ് അബ്ദൊൾമലെക്യാന്റെ വരികളിൽ പക്ഷേ, പ്രണയത്തെക്കാൾ ഏകാന്തതയാണുള്ളത്. കാരണം 'ഒരു പുസ്തകത്തിന്റെ പുറംചട്ടകൾപോലെ മരണത്തിന്റെ ഇരുവശങ്ങളും സ്പർശിച്ചുകഴിഞ്ഞവരാണ്'ആ കവിതകൾ നിറയെ.

'ദുരിതംപിടിച്ച കണ്ണാടിയോട് ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു: നിന്റെ കണ്ണുകളിൽ ഞാനാരാണ്? എനിക്കു വ്യക്തമായി കാണാൻ കഴിയുന്നുണ്ട്; ഞാനാരായിരുന്നോ അവളുടെ നിഴൽ പോലുമല്ല ഞാൻ.'

ഇറാനിയൻ എഴുത്തുകാരി ഫറൂ ഫറുക്സാദ്(Forugh Forrokhzad) എഴുതിയ Sin എന്ന പുസ്തകത്തിലെ ഈ വരികളിൽ ഇറാനിയൻസ്ത്രീകൾ അഭിമുഖീകരിക്കേണ്ടിവരുന്ന കഷ്ടതനിറഞ്ഞ അനേകം കണ്ണാടികളുണ്ട്. പലതാണ് അവരുടെ യുദ്ധങ്ങൾ. പലപ്പോഴും അവയിലൊന്നിൽനിന്നുപോലും അവർ കരകയറാറുമില്ല- 'രാത്രിയിൽ അടുത്ത തെരുവിൽനിന്ന്, കത്തുന്ന പുസ്തകങ്ങളുടെ ദുർഗന്ധം ജാലകത്തിലൂടെ കടന്നുവന്ന് മുത്തശ്ശിയുടെ പാവാടഞൊറികൾ കണ്ടെത്തുന്നു. അവർ ജപമാലതിരിക്കുമ്പോൾ ആ ഗന്ധം അവരുടെ കൈകളിൽ പിണയുന്നു. കുഞ്ഞിന്റെ തൊട്ടിലിൽ, അത് എത്തിനോക്കുന്നു. മുത്തശ്ശിയുടെ കഥകളിലേക്കുപോലും അത് ഇഴഞ്ഞു കയറുന്നു.'ഇറാനിയൻ എഴുത്തുകാരി അസീത്ത ആഹ്രെമാൻ (Azita Ghahreman) രചിച്ച Negative of A Group Photograph എന്ന പുസ്തകത്തിലെ Night Demon എന്ന കവിതയിൽ തുറന്നുവരുന്ന, കത്തുന്ന പുസ്തകങ്ങളുടെ പുകയും ചാരവും നിറഞ്ഞ വായ അത്തരമൊരു യുദ്ധമുഖമാണ്. 1979-ൽ റൂഹൊള്ള ഖൊമെയ്നിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിനുശേഷം ഇറാനിൽ വ്യാപകമായി പുസ്തകങ്ങൾ കത്തിക്കുന്ന ദൃശ്യം ആഹ്രെമാന്റെ കവിതകളിൽ പിന്നെയും പിന്നെയും കടന്നുവരുന്നു. പുസ്തകങ്ങൾ മാത്രമല്ല, മനുഷ്യജീവനും ചുട്ടുചാമ്പലാക്കപ്പെട്ടു, അപ്പോഴും അതിനുശേഷവും നടന്ന അനേകം യുദ്ധങ്ങളിൽ.

'പ്രണയത്തിന്റെ ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ മെക്കയുടെ ദിശയിലേക്കും പിന്നോട്ടും പ്രാർഥനയോടെ ഏഴു ചുവടുകൾ നടക്കാൻ'ഇറാനിൽ നിരോധിക്കപ്പെടുകയും ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരത്തിനുള്ള ദീർഘപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത Women without Men എന്ന നോവലിലെ മാഡം ബാജി എന്ന കഥാപാത്രം പറയുന്നുണ്ട്. എന്നാൽ, ഷഹഹ്ന്രുഷ് പാർസിപ്പുരിന്റെ(Shahrnush Parsipur) ഈ നോവലിലെ കഥാപാത്രത്തെപ്പോലെ ചുവടുകൾവെക്കാൻ യുദ്ധദുരിതങ്ങളുടെ ദിശയില്ലായ്മയിൽ പകച്ചുനിൽക്കുന്ന പ്രണയത്തിന് എങ്ങനെ കഴിയും? Happy Valentine എന്ന കവിതയിൽ അസീത്ത ആഹ്രെമാൻ എഴുതുന്നതിങ്ങനെ: 'പ്രണയം ഞാനെന്ന കല്ലിൽ വെച്ചുകെട്ടിയ ഒരു ചെമ്പനീർപൂവാണ്. ഞാനതിനെ നിന്റെ ജാലകത്തിലേക്കെറിയുന്നു.'പനിനീർപൂവിനൊപ്പം തകരുകയാണ് ആ ജാലകവും.

Content Highlights: Analysis of Garous Abdolmalekian's poetry regarding the impact of war on human identity., Exploration of how war invades domestic spaces and psychological states., Contextualizing the influence of Abbas Kiarostami and Sohrab Sepehri on contemporary Iranian verse., Examination of the intersection between political oppression, censorship, and the act of writing., Reflections on the themes of love and solitude in the face of existential destruction.