ജീവിച്ചിരിക്കേ സാറാ തോമസ് വിസ്മൃതിയിലായതില്‍ ആരോടും പരിഭവമില്ല | 'അമ്മയോര്‍മകളി'ല്‍ ശോഭ ജോര്‍ജ്

മലയാള സാഹിത്യത്തില്‍ തലയെടുപ്പോടെ നിന്ന പേരാണ് സാറാ തോമസ്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, ചിന്നമ്മു, നീലക്കുറിഞ്ഞികള്‍ ചുവക്കും കാലം, അസ്തമയം, ഗുണിതം തെറ്റിയ കണക്ക്, ഗ്രഹണം... തുടങ്ങി എഴുപത്-എണ്‍പത് കാലഘട്ടത്തില്‍ മലയാള നോവല്‍സാഹിത്യത്തെയും സിനിമയെയും ഒന്നുപോലെ സ്വാധീനിച്ച പ്രതിഭയുടെ തൂലികയില്‍നിന്നു പിറന്ന രചനകള്‍ ഏറെയാണ്. അതിശയോക്തിയില്ലാതെ, ഭാഷയുടെ അതിപ്രസരമില്ലാതെ, ഏതൊരു വായനക്കാരനെയും ജീവിതവുമായി എളുപ്പത്തില്‍ കോര്‍ത്തിണക്കാവുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകവഴി സാറാ തോമസ് മലയാളസാഹിത്യത്തിലെ നടവഴികള്‍ അനായാസം താണ്ടിക്കയറി. ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തില്‍ എഴുത്തുനിര്‍ത്തിയ സാറാ തോമസ്സിനെക്കുറിച്ച് 'അമ്മയോര്‍മകളില്‍' മകള്‍ ശോഭ ജോര്‍ജ് സംസാരിക്കുന്നു.
മലയാളസാഹിത്യത്തില്‍ സാറാ തോമസ് എന്ന പേര് അടയാളപ്പെടുത്തപ്പെടുന്നത് 'ജീവിതമെന്ന നദി' എന്ന നോവലിലൂടെയാണ്. എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് മമ്മി ആദ്യത്തെ നോവലായ 'ജീവിതമെന്ന നദി' എഴുതുന്നത്. എന്റെ ഡാഡി തോമസ് സക്കറിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മമ്മി എഴുത്തുതുടങ്ങിയത്. ആശുപത്രിയില്‍നിന്നു വന്നാല്‍ മമ്മിക്കൊപ്പം ഇരുന്ന് ആ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം വിവരിച്ചു പറയുന്നത് ഡാഡിയുടെ ശീലമായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയിലെ എല്ലാ കാര്യങ്ങളും മമ്മിക്ക് ഹൃദിസ്ഥമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡാഡിയുടെയും സഹപ്രവര്‍ത്തകരുടെയും മറ്റ് ജീവനക്കാരുടെയും കഥകള്‍ കേള്‍ക്കാന്‍ മമ്മിക്ക് വലിയ ഇഷ്ടമായിരുന്നു.
Content Highlights: Ammayormakal, Sara Thomas, Sobha George, Mathrubhumi