'ക്ലാരിസിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം, അവളുടേത് സാഹിത്യമല്ല, മന്ത്രവാദമാണ്.' | അക്ഷരംപ്രതി

അക്ഷരംപ്രതി
#കരുണാകരന്‍
ക്ലാരിസ് ലിസ്പെക്ടര്‍ | Photo: Twitter/@jornalnota
ക്ലാരിസ് ലിസ്പെക്ടര്‍ | Photo: Twitter/@jornalnota

'A certain hour of the afternoon was more dangerous.' 

'ക്ലാരിസിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം', ഒരിക്കല്‍ ഒരു വായനക്കാരിയോട് അവളുടെ സുഹൃത്ത് പറഞ്ഞു: ''അവളുടേത് സാഹിത്യമല്ല, മന്ത്രവാദമാണ്.''

ഒരുപക്ഷെ, പെണ്ണുങ്ങളായ എല്ലാ എഴുത്തുകാരികള്‍ക്കും ആ മുന്നറിയിപ്പ് ബാധകമാണ്, ഏത് ദേശത്തും ഏത് ഭാഷയിലും. അവരുടെ സാഹിത്യം, സാഹിത്യമല്ല അവരുടെ മന്ത്രവാദമാണ്. അല്ലെങ്കില്‍, അവരുടെ വായനക്കാരായ പെണ്ണുങ്ങളും ആണുങ്ങളും അങ്ങനെ വിശ്വസിക്കുന്നു. മന്ത്രവാദം ഒരാളെ അയാളല്ലാതാക്കുന്നു. എങ്കില്‍, സാഹിത്യത്തിന്റെ രൂപത്തിലെത്തുന്ന മന്ത്രവാദം അയാളെ കൂടുതല്‍  മാറ്റിമറിക്കുന്നു. യുക്രൈനില്‍ ജനിച്ച് ബ്രസീലില്‍ ജീവിച്ച് പോര്‍ത്തുഗീസ് ഭാഷയില്‍ എഴുതിയ ക്ലാരിസ് ലിസ്‌പെക്ടറുടെ കാര്യത്തില്‍ അവരുടെ സാഹിത്യം മന്ത്രവാദം തന്നെയായിരുന്നു. അവരുടെ എഴുത്ത്  പിന്നീട് അവരെപ്രതി ഉണ്ടായ ഒരു മിത്തോളജിയാവുന്നതും അങ്ങനെയൊരു മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിലുമാണ്.

ചെറുകഥ, ഭാഷയുടെയും കഥാകൃത്തിന്റെയും ഏകവചനപദം പോലെയുള്ള ഒരു സാഹിത്യ പ്രവൃത്തിയാണ്. ക്ലാരിസിന്റെ തന്നെ വരിയില്‍, 'ഒരു വസ്തുവിന്റെ രൂപം യാഥാര്‍ത്ഥ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം' എന്ന നിര്‍ബന്ധം പോലെയുമാണത്. അവരുടെ 'ഗദ്യം' (Prose) വിശേഷിപ്പിക്കപ്പെട്ടത്, അതിന്റെ വൈദേശികതകൊണ്ട് സ്വന്തം ഭാഷയെ സമ്പന്നമാക്കുന്നു എന്നായിരുന്നു. പ്രവാസജീവിതത്തിന്റെയും ദേശത്തിന്റെയും ബൗദ്ധിക സാമീപ്യം ലിസ്‌പെക്ടറുടെ ഗദ്യത്തെയും അവരെഴുതിയിരുന്ന പോര്‍ത്തുഗീസ് ഭാഷയെത്തന്നെയും മാറ്റുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. ''സ്ത്രീകളെ അറിയാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു കലയാണ് അവരുടേത്.''

ക്ലാരിസ് ലിസ്‌പെക്ടരുടെ കഥകളുടെ സമാഹാരത്തിലെ (Clarice Lispector - Complete Stories - Translated from the Portuguese by Kathrina Dodson - New Direction)  കഥകള്‍ മറിച്ചും ചിന്തിക്കുന്നുണ്ടാവില്ല: എന്റെ കഥകളിലൂടെ എന്റെ കലയും ഞാന്‍ പറയുന്നു എന്ന പോലെ അവ തീര്‍ച്ചയായും ഒരു മിത്തോളജി ഉണ്ടാക്കുന്നു. കഥാകൃത്തുക്കള്‍ തങ്ങളെത്തന്നെ മാത്രമല്ല എഴുതുന്നത്, അവരുടെ കല കൂടിയാണ്.

ചെറുകഥകളെപ്പറ്റി ചിന്തിക്കുമ്പോള്‍ ക്ലാരിസിന്റെ ഒരു കഥ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കഥയാണത്. 'Love' എന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ 'Amor'. എന്ന ചെറുകഥ. 'പ്രണയം' എന്നോ 'കൊതി' എന്നോ 'ഇഷ്ട'മെന്നോ മലയാളത്തില്‍ ആ പേരിന്റെ അര്‍ഥം മനസ്സിലാക്കാം. ഒരുപക്ഷെ, ഈ കഥയ്ക്ക് ഈ മൂന്ന് അര്‍ത്ഥവും ചേരും. ചിലപ്പോള്‍ വേറെ അര്‍ത്ഥങ്ങളും ചേരും. കഥ, ഒരു സ്ത്രീയെപ്പറ്റിയാണ്. ഭാര്യയും അമ്മയുമായ ഒരു 'ഇടത്തരം' വീട്ടുകാരിയെപ്പറ്റി.

ഒരു ദിവസം ഉച്ചതിരിഞ്ഞ സമയത്ത് അവള്‍, അന്ന എന്നാണ് അവളുടെ പേര്, പലചരക്കു കടയില്‍ നിന്നും വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി ഒരു ട്രാമി (tram) വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയില്‍ അവള്‍ പലതും ഓര്‍ക്കുന്നുണ്ട്. വീടിനെപ്പറ്റി, സ്‌കൂളില്‍ പോയ കുട്ടിയെപ്പറ്റി, ജോലിക്കുപോയ ഭര്‍ത്താവിനെപ്പറ്റി, ഒരിക്കലും വീട്ടിലിരിക്കാന്‍ തോന്നാത്ത, അവളെ നിസ്സഹായമാക്കി എന്നുമെത്തുന്ന ഉച്ചനേരത്തെപ്പറ്റി. എന്നാല്‍, ട്രാം ഒരിടത്തെത്തുമ്പോള്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരാളെ അന്ന കാണുന്നു: ച്യൂയിംഗം വായിലിട്ടു ചവച്ചുകൊണ്ട്, പുഞ്ചിരിക്കുകയാണോ കരയുകയാണോ എന്ന മുഖത്തോടെ, അവളെ തന്നെ നോക്കിനില്‍ക്കുന്ന ഒരു പുരുഷന്‍. ആ നില്‍പ്പ്, ആ നോട്ടം, അയാളുടെ മുഖത്തെ ഭാവം അവള്‍ക്ക് മനംപുരട്ടല്‍  വരെ ഉണ്ടാക്കുന്നു. അത് വളരെ അശ്ലീലമായ കാഴ്ചയായി അവള്‍ക്ക് അനുഭവപ്പെടുന്നു. അന്നയും ഇമ വെട്ടാതെ അയാളെത്തന്നെ നോക്കി ഇരിക്കുന്നു.  

പിന്നെയാണ് അവള്‍ മനസ്സിലാക്കുന്നത് അയാള്‍ അന്ധനാണെന്ന്. അയാള്‍ ഇരുട്ടില്‍നിന്നുകൊണ്ട് പുറത്തേക്കു നോക്കുകയാണ്. ഒരു പക്ഷെ മറ്റൊരു ഇരുട്ടിനെ. അത് അവളെ കൂടുതല്‍ അസ്വസ്ഥയാക്കുന്നു. പക്ഷെ, അപ്പോഴും അയാള്‍ 'അവളെത്തന്നെ നോക്കി ച്യൂയിംഗം ചവച്ചുകൊണ്ടേയിരിക്കുന്നു'. അതേ പുഞ്ചിരിയോടെ. അല്ലെങ്കില്‍ നിശ്ശബ്ദമായ അതേ കരച്ചിലോടെ. അടുത്ത നിമിഷം മുമ്പോട്ട് നീങ്ങുകയോ ഒപ്പം ഒരു ബ്രേക്ക് ഇടുകയോ ചെയ്തതിനാല്‍ ട്രാം അതിയായി കുലുങ്ങുകയും അന്ന പെട്ടെന്ന് പേടിച്ച് ഒച്ചയുണ്ടാക്കുകയും ചെയ്യുന്നു. അവളുടെ മടിയില്‍ അതുവരെയും സുരക്ഷിതമായി ഇരുന്ന വീട്ടുസാധനങ്ങള്‍ വെച്ച സഞ്ചി താഴേക്കുവീഴുന്നു. ആ കൂട്ടത്തില്‍ അവള്‍ വാങ്ങിവെച്ചിരുന്ന മുട്ടകളും ഉണ്ടായിരുന്നു. മുട്ടകള്‍  സഞ്ചിക്കുള്ളില്‍ത്തന്നെവെച്ച് പൊട്ടുന്നു. ടാമിലെ എല്ലാവരും അവളെ നോക്കുന്നു. എന്തുചെയ്യണം എന്നറിയാതെ അവള്‍ താന്‍ വന്നുപെട്ട ആ നശിച്ച 'നോട്ട'ത്തെ, ഉച്ചനേരത്തെ, ആ യാത്രയെ, ഉള്ളാലെ ശപിച്ച്, മുട്ട പൊട്ടിയതിനാ ഇതിനകം നനഞ്ഞുതുടങ്ങിയ സഞ്ചിയിലേക്ക് വീണുപോയ സാധനങ്ങള്‍ എടുത്തുവെയ്ക്കുന്നു. ട്രാം പിന്നെയും മുമ്പോട്ട് പോകുന്നു..

''ഉച്ച സമയങ്ങളില്‍ ഒരു നിശ്ചിത മണിക്കൂര്‍ കൂടുതല്‍ അപകടകരമാവുന്നു'', ക്ലാരിസ് തന്റെ കഥാപാത്രത്തിനുവേണ്ടി, അന്നയ്ക്കു വേണ്ടി, എഴുതുന്നു. ''ആ സമയത്ത്, അവള്‍ നട്ട മരങ്ങള്‍ അവളെ നോക്കി ചിരിക്കുന്നു. അവളുടെ ശക്തി ആവശ്യമില്ലാത്ത നേരം, എന്തും, അവളെ വിഷമിപ്പിക്കുന്നു''.  അല്ലെങ്കില്‍, അത്ര നേരവും, അവള്‍ ആ വീട്ടിലെ ഓരോ പണിയും ചെയ്യുകയാണ്. തുടയ്ക്കലും കഴുകലും എല്ലാം ഒരു ജോലിക്കാരി അവളെ സഹായിക്കാന്‍ അടുക്കളയില്‍ ഉണ്ടായിരിക്കുമ്പോഴും.

ഇപ്പോള്‍ ട്രാം അന്ന ഇറങ്ങേണ്ട സ്ഥലവും പിന്നിട്ടിരിക്കുന്നു. തന്റെ മറവിയെ പഴിച്ച് അവള്‍ അടുത്ത സ്റ്റോപ്പി  ലിറങ്ങുന്നു. പക പിന്നെയും ബാക്കിയാവുകയാണ്. ടൗണില്‍ നിരത്തിലൂടെ അവള്‍ വെറുതെ നടക്കാന്‍ തുടങ്ങുന്നു. നടന്നുനടന്ന് അന്ന ഒരു ബോട്ടാണിക്ക് ഗാര്‍ഡനില്‍ എത്തുന്നു. അവള്‍ എന്തിനെന്നറിയാതെ അവിടേയ്ക്ക് കയറുന്നു. ഇപ്പോളവള്‍ മറ്റൊരു സ്ഥലത്തും സമയത്തുമാണ്.

അതിനുംമുമ്പേ അവള്‍ക്കുണ്ടായ മറ്റൊരു അനുഭവത്തിന്റെ തീവ്രതയില്‍നിന്നാണ് ഇങ്ങനെയൊരു സ്ഥലത്ത് (ബോട്ടാണിക്കല്‍ ഗാര്‍ഡന്‍) അന്ന എത്തിയതെന്ന് നമ്മള്‍ പതുക്കെ മനസ്സിലാക്കുന്നു. വഴിയരികിലെ ഓരോ കാഴ്ചയും കണ്ട് അന്ന ട്രാമി  ഇരിക്കുമ്പോഴാണ് ച്യൂയിംഗം ചവച്ചുകൊണ്ട് നില്‍ക്കുന്ന അന്ധനെ കാണുന്നത്. ആ കാഴ്ച്ച, അന്നയെ, ആ നിമിഷത്തില്‍ വെച്ചുതന്നെ, പ്രവചനാതീതമായ ഒരു മാനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു: ഏറ്റവും അഗാധമായ, ഏറ്റവും അനുകമ്പയുള്ള വികാരത്താല്‍ അന്ന ആക്രമിക്കപ്പെടുന്നു. അത് അവളെ ഓക്കാനത്തിലേക്കുവരെ എത്തിക്കുന്നു. തന്റെ ഈയനുഭവത്തില്‍ അന്ന അമ്പരക്കുന്നു. അവളുടെ ദൈനംദിന ജീവിതത്തിന്റെ ആവര്‍ത്തനത്തില്‍നിന്ന്, അവളുടെ വളരെ സാധാരണമായ അസ്തിത്വത്തില്‍നിന്ന് അന്നയെ അകറ്റുന്ന ഒരു സംഭവമായാണ് ക്ലാരിസ് അന്ധനുമായുള്ള അവളുടെ ഈ അഭിമുഖീകരണത്തെ അവതരിപ്പിക്കുന്നത്. ആ സമയംതൊട്ട് അന്ന വസ്തുക്കളെയും ആളുകളെയും അസാധാരണമായ രീതിയില്‍ കാണാന്‍ തുടങ്ങുന്നു. ആ അനുഭവം അന്നയെ അവളുടെ ജീവിതത്തിന്റെ 'സ്വന്തം തിരഞ്ഞെടുപ്പ്' പോലെ വളഞ്ഞുപിടിക്കുന്നു. അവള്‍ ചെന്നുപെട്ട ഗാര്‍ഡന്‍ നമ്മെ, ഒരുവേള, ഏദന്‍ തോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. അവിടെ അവള്‍ ആരുമില്ലാതെ അവള്‍ക്കുമാത്രമുള്ള ഏകാന്തതയെ നേരിടുന്നു.

''അന്ധനായ ഒരു മനുഷ്യന്‍ ച്യൂയിംഗം ചവച്ചുകൊണ്ട് ലോകത്തെ ഇരുണ്ട ആഹ്‌ളാദത്തിലേക്ക് തള്ളി വിട്ടു'' എന്നാണ് കഥയില്‍ നാം വായിക്കുന്നത്. അന്ധനോടുള്ള അന്നയുടെ അനുകമ്പ ഒരു യാതനപോലെ  അക്രമാസക്തമായിരുന്നു എന്നും പക്ഷെ ലോകം അവളുടെതുതന്നെയായിരുന്നു എന്നും ക്ലാരിസ് ഓര്‍മ്മിപ്പിക്കുന്നു. ആ ലോകമാകട്ടെ, വൃത്തികെട്ടും നശിച്ചുകൊണ്ടും അവള്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു വെന്നും കഥ പറയുന്നു.

ക്ലാരിസ് ലിസ്‌പെക്റ്റര്‍ തന്റെ കാലത്തെ യൂറോപ്യന്‍ തത്വചിന്തയുമായി അടുത്ത ബന്ധമുള്ള എഴുത്തുകാരിയായിരുന്നു എന്ന് അവരുടെ ജീവചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ സ്പിനോസയുടെ കൃതികള്‍ വളരെ ഇഷ്ടത്തോടെ വായിച്ചിരുന്നു. ഈ കഥ തന്നെ സാര്‍ത്രിന്റെ 'അസ്തിത്വവാദ'വുമായി ബന്ധപ്പെടുത്തി ആലോചിക്കുന്നവരുണ്ട് - കഥയില്‍ പ്രകടമായി പറയുന്ന 'ഓക്കാന'ത്തെപ്പറ്റി, വര്‍ത്തമാനത്തെ ഭേദിക്കുന്ന മടുപ്പിനെപ്പറ്റി, നമ്മള്‍ വായിക്കുന്നുമുണ്ട്. പക്ഷെ, നമ്മള്‍ ഈ കഥാകൃത്തിനെ ഇഷ്ടപ്പെടുക കഥയെ തന്റെതന്നെ സ്വത്വത്തിന്റെയും തന്റെ തന്നെ കലയുടെയും വാഹകമാക്കുന്നതിലെ ഭംഗി ഓര്‍ത്തുകൊണ്ടാവും 'Love' അങ്ങനെയൊരു കഥയാണ്.

ഈ കഥയില്‍ അന്നയുടെ അനുഭവം അല്ലെങ്കില്‍ ആവര്‍ത്തിച്ചുകൊണ്ടേ വരുന്ന ദിവസങ്ങളുടെ ഒരു തടസ്സമാണ്. ആ അന്ധനെ കാണുന്നതുവരെ. എന്നാല്‍, അന്ന ചെന്നെത്തുന്ന തോട്ടത്തിന്റെ ധാര്‍മ്മികത മറ്റൊന്നായിരുന്നു. അന്നയുടെ പൂന്തോട്ടത്തില്‍(അല്ലെങ്കില്‍ ക്ലാരിസിന്റെ) ആദ്യ മ്പതികള്‍ക്ക് ദൈവം നല്‍കിയ കല്‍പ്പനകളില്ല, ബൈബിളിലെ ഉദ്യാനത്തില്‍നിന്നും വ്യത്യസ്തമായി, ആകര്‍ഷണവും വെറുപ്പും ഇടകലര്‍ന്ന, നല്ലതും അനുരഞ്ജിപ്പിക്കുന്നതുമായ ലൈംഗിക വ്യക്തിത്വത്തെയാണ് അന്ന അഭിമുഖീകരിക്കുന്നത്. സ്പിനോസയുടെ വാക്കുകളില്‍ പറഞ്ഞാല്‍, അന്ന ലോകത്തിന്റെ കാര്യങ്ങളില്‍ 'ആഘാതമേല്‍ക്കാന്‍'' സ്വയം അനുവദിക്കുന്നു. തന്റെ ശരീരത്തെ ഒരു ഇരിപ്പിടം മാത്രമായി കാണുന്നു.

ക്ലാരിസിന്റെ കഥയിലെക്കുതന്നെ തിരിച്ചു വരട്ടെ. അന്ന, താന്‍ ചെന്നുകയറിയ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നും അവളുടെ വീട്ടിലേക്കുതന്നെ മടങ്ങുന്നു. തന്റെ മകനെ കാണുമ്പോള്‍ അവള്‍ക്ക് എന്തുകൊണ്ടോ കുറ്റബോധം തോന്നുന്നു. അവള്‍ മകനെ ഇറുകെ പുണരുന്നു. ഇത്രയും നേരമോ, ഇത്രയും അമര്‍ത്തിയോ, എന്ന അതിലെ അസ്വാഭാവികതയില്‍നിന്ന് മകന്‍ അമ്മയെ തന്റെ കുഞ്ഞുശരീരത്തില്‍ നിന്നും പതുക്കെ വേര്‍പെടുത്തുന്നു. അമ്മയെത്തന്നെ നോക്കി അവിടെ നിന്നും പോകുന്നു. അന്ന അവളുടെ അടുക്കളയിലേക്ക് ചെല്ലുന്നു. അടുക്കളയുടെയും കിടപ്പുമുറികളുടെയും ഇടുങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങുന്നു. വളരെയധികം ക്ഷീണം തോന്നിപ്പിച്ച ആ പകലില്‍ നിന്ന്, രാത്രി, അത്താഴത്തിനും ശേഷം (ആ രാത്രി അത്താഴത്തിന് അവളുടെ സഹോദരങ്ങള്‍ അതിഥികളുമായിരുന്നു) അന്നയെ അവളുടെ ഭര്‍ത്താവ് 'അവളുടെ ലോകത്തിലേക്കുതന്നെ വീണ്ടും കൊണ്ടുവരുന്നു'. അതിനുംമുമ്പ്, അടുക്കളയില്‍നിന്നും ഉയര്‍ന്ന ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അന്ന നിലവിളിയോടെ അടുക്കളയിലേക്ക് എത്തിയത്. അവിടെ സ്റ്റൗവിനടുത്ത് അന്നയുടെ ഭര്‍ത്താവ് നില്‍ക്കുന്നുണ്ടായിരുന്നു.

''എന്താ പറ്റിയത്?'' എന്ന് അന്ന നിലവിളിയോടെ ചോദിക്കുന്നത് കേട്ട് അയാള്‍ ശരിക്കും ഞെട്ടുകയായിരുന്നു. ''ഒന്നും ഉണ്ടായിട്ടില്ല'', അയാള്‍ അന്നയെ സമാധാനിപ്പിക്കുന്നു. അപ്പോഴും അമ്പരന്നുനില്‍ക്കുന്ന ഭാര്യയെ അയാള്‍ സൂക്ഷിച്ചുനോക്കുന്നു, അവളെ തന്റെ ശരീരത്തിലേക്ക് അടുപ്പിക്കുന്നു. ''നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരിക്കലും'' -അന്ന തന്റെ ഭര്‍ത്താവിനെ നോക്കി പറയുന്നു.  

ക്ലാരിസ് കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ദൈന്യതയുടെ തല കറക്കം തീര്‍ന്നിരുന്നു. കൂടാതെ, അവള്‍ പ്രണയത്തിലൂടെയും അതിന്റെ നരകത്തിലൂടെയും കടന്നുപോയിരുന്നുവെങ്കില്‍, അവള്‍ ഇപ്പോള്‍ കണ്ണാടിക്കുമുന്നില്‍ മുടി ചീകുകയായിരുന്നു, അവളുടെ ഹൃദയത്തില്‍ ഒരു ലോകവുമില്ലാതെ ഒരു നിമിഷത്തേയ്ക്ക്, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്, മെഴുകുതിരി കെടുത്തുന്നതുപോലെ, അവള്‍ പകലിന്റെ ചെറിയ ജ്വാല ഊതിയിരുന്നു.

ക്ലാരിസ് ലിസ്പെക്ടര്‍ ഒരു തവണ മാത്രമാണ് ലൈംഗികതയെക്കുറിച്ച് എഴുതിയത് എന്ന് ഞാന്‍ അവരെക്കുറിച്ചുള്ള ഒരു പഠനത്തില്‍ വായിച്ചിട്ടുണ്ട്. അവരുടെ The Via Crucis of the Body എന്ന പുസ്തകത്തിലായിരുന്നുവത്രെ അത്. ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ക്ലാരിസിന്റെ സുഹൃത്തും പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റുമായ മരിയ ബോണോമി, അക്കാലത്ത് ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് ഒരു സ്ത്രീയെ കണ്ടുമുട്ടിയിരുന്നു, അവര്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു താമസം. അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് ക്ലാരിസ് 'സാങ്കേതിക ചോദ്യങ്ങള്‍' ചോദിക്കുമായിരുന്നു എന്ന് മരിയ ഓര്‍മ്മിക്കുന്നു. 'ഇറക്കുമതി ചെയ്ത അശ്ലീല മാഗസിനുകളുടെ കൈമാറ്റം' തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും. എന്നാല്‍, അവരുടെ ജീവചരിത്രകാരന്‍ ബെഞ്ചമിന്‍ മോസര്‍ നിരീക്ഷിക്കുന്നത്, അവരുടെ ''തീം'' വാസ്തവത്തില്‍ ലൈംഗികതയല്ല, മാതൃത്വമാണ് എന്നാണ്. തീര്‍ച്ചയായും, ഈ അഭിപ്രായത്തെ അടിസ്ഥാനമാക്കി, രണ്ട് സഹജാവബോധങ്ങളെയും ഒരൊറ്റൊന്നില്‍ സംയോജിപ്പിച്ചുകൊണ്ട് (മാതൃസ്‌നേഹത്തെയും ലൈംഗികാഭിലാഷത്തെയും) ആ അതിര്‍വരമ്പിനെ എഴുത്തുകാരി പഴയപടിയാക്കുന്നുവെന്ന് ചിന്തിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ജനനത്തിനും ഇണചേരലിനും പൊതുവായുള്ള സ്ത്രീ അവയവം...
''ക്ലാരിസിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം'', ''അവളുടേത് സാഹിത്യമല്ല, മന്ത്രവാദമാണ്.''


 

Content Highlights: Aksharamprathi, Karunakaran writes about Ukrainian born Brazilian novelist Clarice Lispector