ഏറ്റവും ദുഃഖകരമായ ഒരു രോഗത്തിന്റെ സാമീപ്യവുമായി ഒരു നോവല്‍ ഉടനീളം കഥ പറയുമ്പോള്‍...

'There is also a dead, mummified past.' (Georgi Gospodinov- 'Time Shelter')
ഒരിക്കല്‍ സംഭവിച്ചതെന്തോ, അതല്ല നിങ്ങളുടെ ഭൂതകാലം; ചിലപ്പോളത് തൊട്ടുമുമ്പ് നിങ്ങള്‍ ഭാവനയില്‍ കണ്ടതുകൂടിയാണ്. 'അല്‍ഷിമേഴ്‌സ്' രോഗത്തെ കലയും ആധിയുമാക്കി ബള്‍ഗേറിയന്‍ കവിയും നോവലിസ്റ്റുമായ ഗ്യോര്‍ഗി ഗോസ്‌പോദിനോവ് എഴുതിയ 'ദ ടൈം ഷെല്‍ട്ടര്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ (പരിഭാഷ: അന്‍ജേല റോദേല്‍) വായിക്കുമ്പോള്‍ ചില സമയത്ത് ഓര്‍മ നാശത്തിന്റെ ഒരു രൂപക്കൂട്ടിനു മുമ്പില്‍ നില്‍ക്കുന്നതായാണ് തോന്നുക. ശാന്തമായ ഒരു സ്ഥലത്ത് നമ്മള്‍ ചെന്നുനില്‍ക്കുന്നു. അവിടെ എല്ലാം അവസാനിക്കുകയുമാണ്. മരണം പോലെ നിര്‍മമമായ ഒരു പിന്‍വാങ്ങലാണ് അത്. 2023-ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയ നോവലാണിത്. പ്രമേയംകൊണ്ടും ഘടനകൊണ്ടും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച വേറിട്ട രചനയുമാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനീ നോവല്‍ വായിക്കുന്നു. ചില ദിവസങ്ങളില്‍ വായിക്കാതെയും ഇരുന്നു. പിന്നെ വീണ്ടും തുടര്‍ന്നു. ഏറ്റവും ദുഃഖകരമായ ഒരു രോഗത്തിന്റെ സാമീപ്യമാണ് നോവലിലുടനീളമുള്ളത്. ഒപ്പം വ്യക്തികളായി ചുരുങ്ങിക്കൊണ്ട് തങ്ങളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ജീവിതങ്ങളിലേക്ക് തിരിയുന്ന മനുഷ്യരെയും നമ്മള്‍ കാണുന്നു. അവരുടെ നാടും വീടും, അതിനെക്കാള്‍ അവര്‍ ഒരിക്കല്‍ സാമൂഹികമായി പങ്കിട്ട ചരിത്രവും എങ്ങനെ അവരെ ഈ കാലത്ത് സന്ദര്‍ശിക്കുന്നുവെന്നും നോവല്‍ അനുഭവപ്പെടുത്തുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ പശ്ചാത്തലം മുഴുവന്‍ കഥയ്ക്ക് മറ്റൊരു തലവും നല്‍കുന്നു. ആ അര്‍ത്ഥത്തില്‍ ദ ടൈം ഷെല്‍ട്ടര്‍' ഒരേസമയം ചരിത്രപരമായും മാനുഷികമായും എല്ലാ മനുഷ്യരുടെയും കഥയുമാകുന്നു.
വായിക്കുമ്പോള്‍ ഹൃദയാകര്‍ഷകമായ ഒരു ഉടമ്പടിയിലേക്കു നിങ്ങളെ കൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ 'ദ ടൈം ഷെല്‍ട്ടര്‍', ഒരുപക്ഷെ നിങ്ങളുടെ നോവലാവില്ല. മാത്രമല്ല, നോവലിന്റെ പ്രമേയം, 'അല്‍ഷിമേഴ്‌സ്', ആ രീതിയെത്തന്നെ കുഴമറിച്ചിടുന്നു. ഇതിവൃത്തംകൊണ്ട് ഓടുക എന്ന രീതിയിലുള്ള എഴുത്തല്ല ഗോസ്‌പോദിനോവ് തന്റെ ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍, ഏതെങ്കിലും ഒരു സംഭവത്തെയോ, അതിനെ തുടര്‍ന്നുവരുന്ന സംഭവങ്ങളെയോ അല്ല നോവലില്‍ ചിത്രീകരിക്കുന്നത്. മറിച്ച്, ഒരു മഹാവ്യഥയായി തുടരുന്ന ഒരു രോഗത്തെ മുഴുവന്‍ മനുഷ്യാനുഭവമാക്കുകയാണ്. കഥയായി പറയാന്‍ ഇത്രമാത്രമേ ഉള്ളൂ: ഗൗസ്റ്റ്യന്‍, (മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ എന്നേ ഇയാളെപ്പറ്റി നമുക്ക് നോവല്‍ അവസാനിക്കുമ്പോഴും തോന്നൂ) അലയുന്ന മനസ്സും ശീലവുള്ള ഒരാള്‍, ഒരു ക്ലിനിക്ക് തുടങ്ങുന്നു. അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം പകരാവുന്ന, അല്ലെങ്കില്‍ അവരുടെ രോഗമുക്തിയ്ക്ക് വാഗ്ദാനമായിമാറാവുന്ന ഒരു പരീക്ഷണമാണ് അയാള്‍ തന്റെ ഈ ക്ലിനിക്കില്‍ ആരംഭിക്കുന്നത്. അതിനുവേണ്ടി ക്ലിനിക്കിന്റെ ഓരോ നിലയും ഓരോ ദശകത്തിന്റെയും സൂക്ഷ്മമായ വിശാദാംശങ്ങളിലൂടെ അയാള്‍ പുനഃസൃഷ്ടിക്കുന്നു. ഓരോ നിലയിലും 'ഓരോ ദശകത്തിന്റെയും ആളുകള്‍ എന്നപോലെ രോഗികളെ' പാര്‍പ്പിക്കുന്നു. അങ്ങനെ അവരെ, അവര്‍ ജീവിച്ചിരുന്ന കാലത്തിലേക്ക്, അവരുടെ 'കഴിഞ്ഞുപോയ ഓര്‍മ്മകളിലേക്ക്' മാറ്റി പാര്‍പ്പിക്കുന്നു. അഥവാ, അവരുടെ മറവിയെ പ്രതിരോധിക്കുന്നു. അവര്‍ പാര്‍ക്കുന്ന ഇടം അവര്‍ ഒരിക്കല്‍ ജീവിച്ചിരുന്ന കാലമാണ്. അല്ലെങ്കില്‍ അതാണ് അവര്‍ ഓര്‍മിക്കുന്നത്. അവരുടെ രോഗത്തിന്റെ, മറവിയുടെ ശമനമാണ് അവിടെ പ്രതീക്ഷിക്കുന്നത്. പതുക്കെ വിജയകരമാവുന്ന ഈ പരീക്ഷണം രോഗമില്ലാത്തവരെപ്പോലും ആ ക്ലിനിക്കിലേക്ക് ആകര്‍ഷിക്കുന്നു. അവരതിനെ കാലത്തിന്റെ രക്ഷാകേന്ദ്രമായി കാണുകയോ സ്വീകരിക്കുകയോ ചെയ്യുന്നു. അല്ലെങ്കില്‍, ഇത്തരമൊരു അഭയസ്വീകരണത്തിലൂടെ അവര്‍ വര്‍ത്തമാനത്തിന്റെ ഭയാനകതകളില്‍ നിന്നും രക്ഷപ്പെടുകയാണ്. അതോടെ ഒരിക്കല്‍ കഴിഞ്ഞുപോയ കാലം, ഭൂതകാലം, അവരുടെയും ദേശത്തിന്റെയും വര്‍ത്തമാനത്തെ കീഴ്‌പ്പെടുത്താന്‍ തുടങ്ങുന്നു.
മറവിക്കെതിരായ സമരമായിക്കൂടിയാണ് നോവല്‍ ഒരു 'യൂറോപ്പ്യന്‍ മാധ്യമ'മാകുന്നത് എന്ന് അവിടെനിന്നും വരുന്ന നോവലുകള്‍- വിശേഷിച്ചും ശീതയുദ്ധകാലത്തിനും ശേഷം പലപ്പോഴും ഓര്‍മിപ്പിക്കുന്നു. ഏതെങ്കിലുമൊരു സവിശേഷ സംഭവത്തെ ഇതിവൃത്തമാക്കുന്നതിനെക്കാള്‍ അത് ഒരു സവിശേഷ കാലത്തെയോ അതിന്റെ ഓര്‍മ്മകളുടെ ശേഖരത്തെയോ ഇതിവൃത്തമാക്കുന്നു. 'ദ ടൈം ഷെല്‍ട്ടര്‍' അങ്ങനെയൊരു കൃതികൂടിയാണ്. ബള്‍ഗേറിയന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ പല ഓര്‍മകളും മിന്നിമായുന്ന കഥാപാത്രങ്ങളും ഈ നോവലിലുമുണ്ട്. ഒരു മഹാരോഗത്തിന്റെ നിറഞ്ഞ സാന്നിധ്യത്തിനുമൊപ്പം ഒരിക്കല്‍ ആ രാജ്യത്ത് നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിന്റെ ഓര്‍മകളും സംഭവങ്ങളും കലരുന്നുമുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനം നടക്കുന്ന ഡ്യൂബ് ചെക്കിന്റെ തിരഞ്ഞെടുപ്പും പിറകെ വരുന്ന സ്റ്റാലിനിസ്റ്റ്‌റ് കാലവും ഈ ഓര്‍മയുടെ ഭാഗമാണ്. അതാകട്ടെ, വളരെ സൂക്ഷമമായും കുറച്ചും മാത്രവും ഗോസ്‌പോദിനോവ് ഉപയോഗിക്കുന്നു. 'പോളിറ്റ് ബ്യൂറോ' പോലുള്ള പാര്‍ട്ടി-ഭരണ സംവിധാനങ്ങളുടെ പേരുകളും ദസ്തയേവ്‌സ്‌കിയെ പോലുള്ള എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മയും പരാമര്‍ശങ്ങളും നോവലില്‍ അദ്ദേഹം ഉപയോഗിക്കുന്നു. നോവലില്‍, കഥയുടെ ഭാഗമായിത്തന്നെ വായിക്കാവുന്ന, ദസ്തയേവ്‌സ്‌കിയെ ഉദ്ധരിക്കുന്നതുതന്നെ മനോഹരമാണ്: 'ദൈവമില്ലെങ്കില്‍, എല്ലാം അനുവദനീയമാണെന്ന് ദസ്തയേവ്‌സ്‌കി പറയും. ദൈവം ഒരു വലിയ ഓര്‍മ മാത്രമാവുകയാണ്. പാപങ്ങളുടെ ഓര്‍മ, അനന്തമായ സംഭരണ ശേഷിയുള്ള ഓര്‍മകളുടെ ഒരു മേഘം. മറവിയുള്ള ഒരു ദൈവം, അല്‍ഷിമേഴ്‌സ് ഉള്ള ഒരു ദൈവം, എല്ലാ ബാധ്യതകളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നു. ഓര്‍മയില്ല, കുറ്റകൃത്യകളുമില്ല...
നോവലില്‍ ഈ കഥ പറയുന്നത് ഗൗസ്റ്റ്യന്റെ സുഹൃത്താണ്, അയാള്‍ തന്റെ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മയിലൂടെ, ഒരു രോഗത്തെയും ഒരിക്കല്‍ അവര്‍ തമ്മില്‍ പങ്കിട്ട ചങ്ങാത്തത്തെയും ഓര്‍മിക്കുന്നു. തനിക്ക് പ്രധാനപ്പെട്ട ഒരാളുമായുള്ള സൗഹൃദത്തെപ്പറ്റിയും അയാളുടെ അസാധാരണമായ ശ്രമത്തെ പറ്റിയും പറഞ്ഞുകൊണ്ട് ബള്‍ഗേറിയയും ലോകവും കലരുന്ന ഒരു കാലത്തെ നോവല്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നോവല്‍ അവസാനിക്കുമ്പോള്‍ പതുക്കെ കഥ പറയുന്ന ആളും ഓര്‍മ നാശത്തിലേക്കോ, അങ്ങനെയൊരു അവസ്ഥയിലേക്കോ നീങ്ങുകയാണ്. നോവലിന്റെ അവസാന പേജുകള്‍തന്നെ അങ്ങനെയാണ് സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അവ്യക്തങ്ങളായ വരികളും അപൂര്‍ണ്ണങ്ങളായ ആള്‍രൂപങ്ങളുടെ ചിത്രീകരണവും ഗോസ്‌പോദിനോവ് ഉപയോഗിക്കുന്നു.
'സംസാരിക്കുക' എന്ന ക്രിയയാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നുവേണമെങ്കില്‍ പറയാന്‍ പറ്റും. മറവിയ്ക്ക് ബദലായുള്ള ഒരു ചികിത്സ പോലെയാണ് അതെന്നും. അല്ലെങ്കില്‍, 'സംസാരിക്കുക' എന്ന പ്രവൃത്തിയാണ് നോവലിന്റെ ഘടനയെ തന്നെ നിര്‍ണ്ണയിക്കുന്നത്. ഓര്‍മയുടെ നാശത്തെ തടയാന്‍ ശ്രമിക്കുന്നു. ഇതിനകം നശിച്ചുപോയ ഒന്നിനെ (ഓര്‍മയെ) നശിച്ചിട്ടില്ല, മറിച്ച് നിങ്ങളിലത് ജീവിക്കുകയാണ് എന്ന പ്രതീതികൊണ്ട് മാരകമായൊരു രോഗത്തെ പ്രതിരോധിക്കാമെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ആ രോഗത്തിന്റെ പ്രാഥമിക ലക്ഷണം പോലെ, കഥയുടെ തുടര്‍ച്ചയെ നോവല്‍ നിരാകരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. ഭാഷയുടെ ഒഴുക്കിനെ തടഞ്ഞിരിക്കുന്നു. അഥവാ, രോഗശമനമില്ലാത്ത ഒരു അസുഖത്തിലോ കാലത്തിലോ മനുഷ്യര്‍ അകപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
വ്യക്തമായും, രോഗശമനമില്ല, പക്ഷേ ഒരു വ്യക്തിക്ക് അസുഖം വരുമ്പോള്‍ പോലും സന്തോഷത്തിന് അവകാശമുണ്ട്, ഗൗസ്റ്റിന്‍, നോവലിലെ കഥാപാത്രം പറയും. അത് ഭൂതകാലത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു, ഓര്‍മ്മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നും. മറ്റൊരിടത്ത് ഇങ്ങനെയും നമ്മള്‍ വായിക്കുന്നു: നാല്‍പ്പതോ അന്‍പതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മാസികകളും പത്രങ്ങളും വായിക്കുമ്പോള്‍, അന്ന് വിഷമിച്ചിരുന്നതുപോലെ ഇപ്പോള്‍ വിഷമിക്കുന്നില്ല. വാര്‍ത്ത ചരിത്രമായിരിക്കുന്നു.
'അല്‍ഷിമേഷ്‌സ്' എന്ന രോഗത്തെ മലയാളത്തില്‍ പലപ്പോഴും 'സ്മൃതിനാശം' എന്നാണ് പരിഭാഷ ചെയ്യാറുള്ളത്. എന്നാല്‍ ഓര്‍മയുടെ നാശത്തെക്കാള്‍, ഓര്‍മ്മയുടെ നഷ്ടത്തെക്കാള്‍, ആ രോഗത്തിന് വിപുലമായ അര്‍ത്ഥവും മാരകമായ 'പ്രവര്‍ത്തനരീതി'യുമുണ്ട് ഇപ്പോഴും ലോകത്തെ പല ഇടങ്ങളില്‍ നിന്നുമുള്ള ഗവേഷകരും ജീവശാസ്ത്രജ്ഞരും അന്വേഷിക്കുന്ന ഒരു രോഗംകൂടിയാണ് അത്. എങ്കില്‍, അങ്ങനെയൊരു പദംകൊണ്ട് ആ വാക്കിനെ മുഴുവനും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നും വരില്ല. ഗോസ്‌പോദിനോവ് തന്റെ നോവലില്‍ കടന്നുപോകുന്നത്, പക്ഷെ, ആ രോഗത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഒറ്റ ലക്ഷണത്തിലാണ് 'ഓര്‍മ്മയുടെ നാശ'മാണ് അത്. സ്ഥലത്തിന്റെയും കാലത്തിന്റെയും ബന്ധങ്ങളുടെയും പിടി അയഞ്ഞുപോയ ആളുകളുടെ ജീവിതത്തിന്റെ സായാഹ്നമാണ് നോവല്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സായാഹ്നങ്ങളെക്കുറിച്ചുള്ള വരികള്‍ തന്നെ നോവലിലുണ്ട്. അഥവാ, വര്‍ത്തമാനത്തിന്റെ ഭയാനകമായ ജീവിതസംവിധാനങ്ങളില്‍ നിന്നും അഭയമായി 'ഓര്‍മ്മയുടെയും മറവിയുടെയും കെട്ടിടം' മാറുന്നു.
Content Highlights: Aksharamprathi, Karunakaran, Georgi Gospodinov, Time Shelter, Mathrubhumi