പ്രശ്‌നം പാര്‍ട്ടിക്കാരെ നിയമിക്കുന്നതല്ല, നിയമിക്കപ്പെടുന്നവര്‍ക്ക് കഴിവുണ്ടോ എന്നതാണ് | മല്ലികാ സാരാഭായ് അഭിമുഖം

കലാമണ്ഡലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കഥകളിയെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് കലാമണ്ഡലം ചാൻസലറും വിശ്രുത നർത്തകിയുമായ മല്ലികാ സാരാഭായ്. കഴിവില്ലാത്തവരെ കലാമണ്ഡലത്തിൽ നിയമിക്കുന്നതിനെക്കുറിച്ചുള്ള നിരാശ പങ്കുവെച്ച അവർ, കോർപ്പറേറ്റ് ഫണ്ടുകൾ കലാമണ്ഡലത്തിന്റെ നടത്തിപ്പിന് അത്യാവശ്യമെന്ന് നിരീക്ഷിക്കുന്നു. കഥകളി പുതിയ കാലത്തിനനുസരിച്ച് മാറേണ്ടതിനെപ്പറ്റി അവർ സധൈര്യം പറയുന്നു. ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്...
ലോകത്തിനുമുന്നിൽ ഉയർത്തിക്കാണിക്കേണ്ട സ്ഥാപനമാണ് കലാമണ്ഡലം. അവിടെ വൃത്തിയായി എഴുതാനും മെയിൽ അയക്കാനും അറിഞ്ഞുകൂടാത്ത ഒരു സംഘം ജോലിചെയ്യുന്നതിന്റെ പ്രശ്നങ്ങളെ പ്പറ്റി സൂചിപ്പിച്ചിരുന്നു. ഇത്തരം അൺപ്രൊഫഷണലിസത്തിൽനിന്ന് സ്ഥാപനത്തെ കരകയറ്റാൻ ഇനിയെന്താണ് മാർഗം
ഊർജസ്വലമായ കലാസ്ഥാപനമായിരുന്ന കലാമണ്ഡലം പെട്ടെന്നാണ് ബോധന ലോകത്തിലേക്ക് കടന്ന് ഒരു ഡീംഡ് സർവകലാശാലയായത്. അതിനനുസൃതമായി പരിശീലനംസിദ്ധിച്ച പുതിയ ആളുകളെ കൊണ്ടുവരുന്നതിനുപകരം സ്ഥാപനത്തിൽ പഴയമട്ടിൽ ജോലിചെയ്തിരുന്ന ആളുകൾതന്നെ തുടർന്നു. പുതിയ രീതി അവർക്ക് അപ്രാപ്യമായിരുന്നു. ഇത് വർഷങ്ങളായി തുടർന്നുപോന്നു. അതോടെ ഇന്നത്തെ കാലത്തിനുവേണ്ട കംപ്യൂട്ടറും അക്കൗണ്ടിങ്ങും ഇംഗ്ലീഷ് ഭാഷാവിനിമയവുമൊന്നും അറിയാത്തവരായി അവർ മാറി. ഇത് സ്ഥാപനത്തെ വല്ലാതെ പിറകോട്ടടിപ്പിച്ചു. അതോടൊപ്പം പല അധ്യാപകരും ഗുരുക്കൻമാരും മാറാൻ വിമുഖതകാണിച്ചു. ലോകം മുഴുവൻ മാറുമ്പോൾ മാറാതിരുന്നാൽ നമ്മൾ അപ്രസക്തരായിത്തീരും. മാറ്റം അവരെ ദുർബലരാക്കുകയല്ല, മറിച്ച് മുന്നോട്ടുള്ള പ്രയാണത്തെ ശാക്തീകരിക്കുകയാണെന്ന് ഞാൻ അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. സന്തോഷമുള്ള കാര്യമെന്താണെന്നുവെച്ചാൽ പുതുതലമുറയിലെ പലരും മാറ്റത്തെ ഉൾക്കൊള്ളുകയും അതിനെ സ്വാംശീകരിക്കുകയും അതൊരു ഭീഷണിയല്ലെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്നതാണ്.
കലാമണ്ഡലം സർക്കാരിന് ഏൽപ്പിച്ചുകൊടുക്കാൻ തീരുമാനമായപ്പോൾ സർക്കാർ അത് നേരാംവണ്ണം നടത്തില്ല എന്ന് ചൂണ്ടിക്കാട്ടി, സ്ഥാപകരിലൊരാളായ മുകുന്ദരാജാവ് ഭരണസമിതിയിൽനിന്ന് രാജിവെച്ചിരുന്നു. കലാമണ്ഡലംപോലുള്ള ഒരു സ്ഥാപനത്തിന്റെ ഭരണനിർവഹണം ഏതുരീതിയിൽ വേണമെന്നാണ് തോന്നുന്നത്? ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സഹൃദയത്വവും കലാസാക്ഷരതയും വിദ്യാഭ്യാസവും രാഷ്ട്രീയാഭിമുഖ്യത്തോടൊപ്പം വേണമെന്ന് നിഷ്കർഷിക്കണ്ടേ?
ഇത് ആത്മാർഥതയുടെയും കലാരസികത്വത്തിന്റെയും വിഷയമല്ല. വേണ്ടത് കാര്യക്ഷമതയും മിടുക്കുമാണ്. കലാമണ്ഡലത്തെ ലോകനിലവാരത്തിലാക്കാൻ കഥകളിമുദ്രകൾ അറിയാവുന്നവരോ കണക്കുകൂട്ടലിൽ സാമർഥ്യമുള്ളവരോ എന്നതിനെക്കാൾ കാര്യശേഷിയുള്ളവരെയാണ് വേണ്ടത്. രണ്ടുകാര്യങ്ങളാണ്: ഒന്ന്, ഇന്നത്തെ കാലത്തിനനുസരിച്ചുള്ള ഉയർന്ന കാര്യശേഷിയുള്ളവരായിരിക്കുക. കലാപരമായ മേഖലയിലാവട്ടെ, തുറന്ന സമീപനവും. അയഥാർഥമായ ഭീഷണി നേരിടുന്നെന്ന് ധരിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. ആരും കഥകളിയുടെ വേരുകൾ ഇല്ലാതാക്കുകയല്ല. മറിച്ച്, മാറിയ പശ്ചാത്തലത്തിൽ, മാറിയ ആസ്വാദനതലത്തിൽ, അടിസ്ഥാനമൂല്യത്തെ മാറ്റാതെ അതിനെ കൂടുതൽ പ്രസക്തി യുള്ളതാക്കി മാറ്റുക. ‘ദർപ്പണ’യിൽ (ഗുജറാത്തിലെ അഹമ്മദാബാദിൽ 1949-ൽ മൃണാളിനി സാരാഭായ് തുടങ്ങിയ സ്ഥാപനം) വർഷങ്ങളായി ഞാനിത് പരീക്ഷിച്ചുവിജയിപ്പിച്ചതാണ്. ഇതാ, പുതിയ കാലത്തിനനുസരിച്ച് നാം മുന്നേറി എന്നുപറയാൻ നമുക്കുപറ്റണം.
കലാമണ്ഡലത്തിന്റെ തുടക്കകാലത്ത് മഹാകവി വള്ളത്തോളും കലാകാരൻമാരും ഇന്ത്യയൊട്ടുക്കുനടന്ന് പണംപിരിച്ചിട്ടുണ്ട്. നാട്ടുരാജാക്കൻമാരടക്കമുള്ളവർ പിന്തുണയുമായി വന്നിരുന്നു. കലാമണ്ഡലത്തിനിപ്പോഴും അതേ അവസ്ഥയാണോ?
കലാരംഗത്ത് പണമിറക്കുന്നത് ഇപ്പോൾ വളരെ കുറവാണ്. കലാരസികരായ ധനാഢ്യരോ അവരുടെ ബന്ധുക്കളോ കല പരിപോഷിപ്പിക്കാനായി നിർമിച്ച മന്ദിരങ്ങളും മറ്റും നാം കണ്ടിട്ടുണ്ട്. കേരളത്തിൽ ഇത്തരമൊരു രീതി കണ്ടിട്ടില്ല.
ധനാഢ്യർ പലപ്പോഴും ചെയ്യുന്നത് പരിപോഷിപ്പിക്കലല്ല, മറിച്ച് മറ്റൊന്ന് സൃഷ്ടിക്കാൻ ശ്രമിക്കലാണ്. വിത്തുകൾ വിതച്ച് വളർത്തിയെടുക്കുന്നതിനുപകരം നമ്മളിവിടെ ചെയ്യുന്നത് പുതിയ ഒന്നിനെ സൃഷ്ടിക്കാൻ ശ്രമിക്കലാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചുകൂടുകയും കലാമണ്ഡലം ഞങ്ങളുടെ അഭിമാനസ്തംഭമാണെന്നും അതിന്റെ അവസ്ഥ ഇപ്പോഴെന്താണെന്നും അതിന് വേണ്ടതെന്താണെന്നും അതിനു ഞങ്ങൾക്ക് എന്തുചെയ്യാൻപറ്റുമെന്നും ചിന്തിക്കണം.
സഹൃദയസംഘങ്ങളെയും കോർപ്പറേറ്റുകളെയും പണത്തിനായി ആശ്രയിച്ചാൽ ആശയപരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലേ
സർക്കാർ ഫണ്ടിങ്ങിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. സർക്കാർ ഫണ്ടിങ്ങും കോർപ്പറേറ്റ് ഫണ്ടിങ്ങും തമ്മിൽ ശരിയായ സമതുലനമുണ്ടായാൽ ആശയപരമായ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയില്ലെന്ന് ഞാൻ കരുതുന്നു.
രാഷ്ട്രീയാതിപ്രസരം കലാമണ്ഡലത്തെയും ബാധിക്കുന്നതായി പറഞ്ഞിരുന്നു. പാർട്ടിനിയന്ത്രിത ഡാൻസ് സ്കൂളായി കലാമണ്ഡലം മാറി എന്ന ആരോപണം വിമർശകർ ഉന്നയിക്കുന്നുണ്ട്. എന്താണ് അഭിപ്രായം.
ഒരിക്കലുമല്ല. കലാമണ്ഡലം ഒരു പാർട്ടിയുടെയും നിയന്ത്രണത്തിലല്ല. ഇവിടെ കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും നിയമിച്ചിട്ടുണ്ട്. പ്രശ്നം പാർട്ടിക്കാരെ നിയമിക്കുന്നതിലല്ല. മറിച്ച് നിയമിക്കപ്പെടുന്നവർക്ക് കഴിവുണ്ടോ എന്നതാണ്. കഴിവുള്ളവരാണെങ്കിൽ അവർ ഏതുപാർട്ടിയുടെ ആളാണെന്നത് എന്റെ വിഷയമല്ല. ഏതു പാർട്ടിയാണെങ്കിലും കഴിവുള്ളവരെമാത്രം നിയമിക്കണമെന്നണ് എനിക്ക് അഭ്യർഥിക്കാനുള്ളത്.
കഥകളി, കൂടിയാട്ടം പോലുള്ള ക്ലാസിക്കൽ കലകളിൽ കാലത്തിനനുസരിച്ച് മാറ്റംവേണമെന്ന് തോന്നുന്നുണ്ടോ. എങ്കിൽ അതിന്റെ അതിർവരമ്പ് എത്രത്തോളമാണ്?
തൊണ്ണൂറാം വയസ്സിലാണ് എന്റെ അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത്. മാറ്റത്തെയും സാങ്കേതികതയെയും നമ്മുടെ സഹായിയായാണ് കാണേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കലാരൂപവും ഒരു ഭാഷയാണ്. അതുമുരടിച്ചാൽ അപ്രസക്തമാവും. കഥകളിയും അതുപോലെയാണ്. അതിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് കോട്ടംവരാതെ പുതിയ കഥകൾ അവതരിപ്പിക്കാനാവണം. പുതിയ ആസ്വാദകരിലേക്ക് അതിനെ എത്തിക്കാനാവണം. ഉദാഹരണത്തിന്, കഥകളി വിഷ്വലായി കാണിക്കുമ്പോൾ സബ് ടൈറ്റിലുകൾ കൊടുക്കുന്നത് ശരിയല്ല എന്ന് ചിലർ വാദിക്കുന്നു. തെറ്റാണത്. 2008 മുതൽ ഞാനിത് ചെയ്യുന്നുണ്ട്. കാരണം, കാണുന്ന എല്ലാവർക്കും പിന്നണിപ്പാട്ടിന്റെ അർഥമറിയണമെന്നില്ല. പുതിയ കാലത്തിന്റെ വെളിച്ചത്തിൽ അവരിതിനെ മനസ്സിലാക്കേണ്ട ആവശ്യമില്ലേ. ഉണ്ടെന്നാണ് ഞാൻ പറയുക. അതിനായി അതിന്റെ അടിസ്ഥാനഘടകങ്ങളിൽ മാറ്റംവരുത്തേണ്ടതുണ്ടോ. ഒരിക്കലും വേണ്ട. ഇന്നത്തെ കാലത്ത് ദുര്യോധനവധത്തെ പുതിയ രീതിയിൽ വ്യാഖ്യാനിക്കണ്ടേ. വേണമെന്ന് ഞാൻ കരുതുന്നു. ഞാനതുപരീക്ഷിച്ചതാണ്. എന്റെ ദ്രൗപദിയും സീതയും ആധുനിക സ്ത്രീകളുടെ കാഴ്ചപ്പാടിലാണ് കഥ പറഞ്ഞത്. അപ്പോൾ അതിനു പുതിയ പ്രസക്തി കൈവരും. അപ്പോൾ പുതിയ ആസ്വാദകർ കടന്നുവരും. അവർ മൂലരൂപം കാണാൻ ഉത്സുകരുമാവും.
ക്രിക്കറ്റുപോലെ, ഷോർട്ടർ വേർഷനാണ് കഥകളിക്കുനല്ലത് എന്ന കാഴ്ചപ്പാടിനെ എങ്ങനെ കാണുന്നു.
പുതിയ കാലഗതിയിൽ ശ്രദ്ധ എന്നത് ഏറെനേരം പിടിച്ചുവെക്കാൻപറ്റുന്ന ഒന്നല്ല എന്നറിയാമല്ലോ. മണിക്കൂറുകൾ നീളുന്ന, പദാനുപദം ശ്രദ്ധിക്കേണ്ട ഒന്നായി മാറുന്നത് കഥകളിയുടെ വളർച്ചയ്ക്കെതിരാവുമെന്ന് ഞാൻ കരുതുന്നു. അതിനെ ബുദ്ധിപൂർവം റീപാക്കേജ് ചെയ്യേണ്ടതുണ്ട്. പതിയെപ്പതിയെ അതിന്റെ സമയദൈർഘ്യം ആസ്വദിക്കാൻ അനുവാചകർക്കാവും. ആസ്വാദകർക്ക് പരിശീലനമാവശ്യമുണ്ട്. അതിനായുള്ള സമയവും സന്ദർഭവും നാമൊരുക്കണം.
പിസെ നോക്കൂ, നാമതിനെ ഏതൊക്കെ രീതിയിൽ മാറ്റി. പാവം ഇറ്റലിക്കാർക്കുപോലും മനസ്സിലാക്കാൻ പറ്റാത്ത രീയിൽ അതിനെ വൈവിധ്യവത്കരിച്ചു. കഥകളി ക്ലബ്ബുകളിലും ക്ഷേത്രമുറ്റത്തുംമാത്രം ഒതുങ്ങിനിന്നാൽ മതിയോ? അതിന് ഗുജറാത്തിലും മിസോറമിലും ആസ്വാദകർ വേണ്ടേ? അപ്പോൾ നാം ആസ്വാദകരെ കൂടെനിർത്തണം, കൂടെ കൊണ്ടുപോകണം.