തെരുവുനായയേയും പരീക്ഷണത്തിനെടുക്കുമോ? ഇന്ത്യയിലെ മൃഗപരീക്ഷണം ഇനി എളുപ്പമോ; ആശങ്കയുയർത്തി പുതിയ കരട് ചട്ടം

നിങ്ങൾ ദിവസവും ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ... വീടിന് പരിസരത്തെ പൂച്ച... ഉപേക്ഷിക്കപ്പെട്ട അരുമമൃഗങ്ങൾ.. ഇവയൊക്കെ നാളെ പരീക്ഷണശാലകളിൽ എത്തിയേക്കുമോ? മൃഗപരീക്ഷണങ്ങളിൽ ഏതൊക്കെ മൃഗങ്ങളെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ് ഇന്ത്യയിലെ പുതിയ കരട് ചട്ടങ്ങൾ. അതായത് ഇന്ത്യയിൽ മൃഗങ്ങളിൽ പരീക്ഷണം നടത്തുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുന്നു. പുതിയ കരട് ചട്ടങ്ങൾ പ്രകാരം, പരീക്ഷണങ്ങളിൽ മൃഗങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വേദനയുടെയും ദുരിതത്തിന്റെയും തീവ്രതയെ അടിസ്ഥാനമാക്കി അനുമതി നൽകുന്ന രീതി കൊണ്ടുവരാനാണ് നിർദേശം. ഇതോടെ ചില പരീക്ഷണങ്ങൾക്ക് കേന്ദ്രസമിതിയുടെ മുൻകൂർ അനുമതി ആവശ്യമില്ലാതായേക്കാം. അതേസമയം, തെരുവുമൃഗങ്ങൾ, വന്യമൃഗങ്ങൾ, കുരങ്ങുകൾ തുടങ്ങിയവയെ പ്രത്യേക സാഹചര്യങ്ങളിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന വ്യവസ്ഥകളും കരടിലുണ്ട്. ഗവേഷണ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും മരുന്ന്, ബയോമെഡിക്കൽ മേഖലകൾക്കും അനുമതി നടപടികൾ ലളിതമാക്കുകയാണ് ചട്ടങ്ങളിലെ മാറ്റങ്ങളുടെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, ഈ മാറ്റങ്ങൾ മൃഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മതിയായ ഉറപ്പുനൽകുമോ എന്ന ചോദ്യവുമായി മൃഗക്ഷേമ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മൃഗപരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നത് ആര്?
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള കമ്മിറ്റി ഫോർ കൺട്രോൾ ആൻഡ് സൂപ്പർവിഷൻ ഓഫ് എക്സ്പിരിമെന്റ്സ് ഓൺ ആനിമൽസ് ആണ് പുതിയ കരട് ചട്ടങ്ങൾ പുറത്തിറക്കിയത്. 'പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ഡ്രാഫ്റ്റ് റൂൾസ് 2026' എന്നതാണ് പുതിയ കരട് നിയമം. 1968-ലേയും 1998-ലേയും ചട്ടങ്ങൾക്കു പകരമായി പുതിയ ചട്ടക്കൂട് കൊണ്ടുവരാനാണ് നിർദേശം. നിലവിലുള്ള സംവിധാനത്തിൽ, എലി, മുയൽ തുടങ്ങിയ ചെറിയ മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങൾക്ക് സ്ഥാപനതലത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ ആനിമൽ എത്തിക്സ് കമ്മിറ്റികൾക്ക് അനുമതി നൽകാനാകും. എന്നാൽ വലിയ മൃഗങ്ങളെ ഉപയോഗിക്കുന്ന പരീക്ഷണങ്ങൾക്ക് സാധാരണയായി കേന്ദ്രസമിതിയുടെ അനുമതിയും ആവശ്യമാണ്. പുതിയ കരട് ചട്ടങ്ങളിലെ റൂൾ 11 ഈ രീതിയിൽ മാറ്റം നിർദേശിക്കുന്നു. പരീക്ഷണങ്ങളിൽ മൃഗങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ദോഷത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ അവയെ നാല് വിഭാഗങ്ങളായി തിരിക്കും: ലഘുവായവ, മിതമായവ, ഗുരുതരമായവ, പരീക്ഷണത്തിനു ശേഷം മൃഗത്തിനെ വീണ്ടെടുക്കാൻ കഴിയാത്തവ. ഈ വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ, മൃഗത്തിന്റെ വലുപ്പം പരിഗണിക്കാതെ ലഘുവായതും മിതമായതുമായ പരീക്ഷണങ്ങൾക്ക് സ്ഥാപനതല സമിതികൾക്ക് അനുമതി നൽകാനാകും. എന്നാൽ ഗുരുതരമായതോ വീണ്ടെടുക്കാനാകാത്തതോ ആയ വിഭാഗത്തിൽപ്പെടുന്ന പരീക്ഷണങ്ങളിൽ, എലികൾക്കും മുയലുകൾക്കും അപ്പുറമുള്ള വിഭാഗങ്ങളിലെ മൃഗങ്ങളെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രസമിതിയുടെ അനുമതി ആവശ്യമായി വരും. അതായത്, ചില പരീക്ഷണങ്ങൾക്കുള്ള അനുമതി തേടി കേന്ദ്രസമിതിയെ സമീപിക്കേണ്ടതില്ലാത്ത സാഹചര്യം ഇതിലൂടെ ഉണ്ടായേക്കാം. വലിയ മൃഗങ്ങളെ ഉപയോഗിച്ചുള്ള ലഘുവായതും മിതമായതുമായ പരീക്ഷണങ്ങൾ സംബന്ധിച്ച് പഠനം ആരംഭിക്കുമ്പോഴും ഇടക്കാലത്തും പൂർത്തിയാകുമ്പോഴും റിപ്പോർട്ട് നൽകണമെന്നും കരട് നിർദേശിക്കുന്നു.
പരീക്ഷണത്തിന്റെ തീവ്രത തീരുമാനിക്കുന്നത് എങ്ങനെ?
നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് അനുസരിച്ച്, എലികൾ, മുയലുകൾ തുടങ്ങിയ ചെറിയ ലാബ് മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് അതത് സ്ഥാപനങ്ങളിലെ ഇൻസ്റ്റിറ്റിയൂഷണൽ അനിമൽ എത്തിക്സ് കമ്മിറ്റികൾക്ക് അനുമതി നൽകാൻ അധികാരമുണ്ടായിരുന്നു. എന്നാൽ നായ്ക്കൾ, കുരങ്ങുകൾ, വലിയ കന്നുകാലികൾ തുടങ്ങിയ വലിയ മൃഗങ്ങളിലെ പരീക്ഷണങ്ങൾക്ക് കേന്ദ്രീയ സമിതിയായ സിസിഎസ്ഇഎയുടെ നേരിട്ടുള്ള മുൻകൂർ അംഗീകാരം നിർബന്ധമായിരുന്നു. എന്നാൽ ഡ്രാഫ്റ്റ് റൂൾസ് 2026-ലെ റൂൾ 11 അനുസരിച്ച് ഈ വിഭജനം പൂർണ്ണമായും മാറ്റിയെഴുതപ്പെടുന്നു. പുതിയ ചട്ടപ്രകാരം പരീക്ഷണങ്ങളെ അവ മൃഗങ്ങളിൽ സൃഷ്ടിക്കുന്ന ശാരീരിക-മാനസിക പ്രയാസങ്ങളുടെ അടിസ്ഥാനത്തിൽ നാല് തീവ്രതാ വിഭാഗങ്ങളായി തിരിക്കുന്നു-
നോൺ-റിക്കവറി -പൂർണ്ണ അനസ്തെഷ്യ നൽകിയ ശേഷം മൃഗം ബോധം വീണ്ടെടുക്കാതെ തന്നെ പരീക്ഷണം അവസാനിക്കുന്ന അവസ്ഥ.
മൈൽഡ് -വളരെ കുറഞ്ഞ അളവിലുള്ള താത്കാലിക വേദനയോ മാനസിക സമ്മർദ്ദമോ മാത്രം ഉണ്ടാക്കുന്ന പരീക്ഷണങ്ങൾ.
മോഡറേറ്റ് -മിതമായ അളവിലുള്ള വേദനയോ കുറച്ചുകാലം നീണ്ടുനിൽക്കുന്ന ശാരീരിക അസ്വസ്ഥതകളോ ഉണ്ടാക്കുന്ന പരീക്ഷണങ്ങൾ.
സിവിയർ- കഠിനമായ വേദനയോ ദീർഘകാല മാനസിക ശാരീരിക ആഘാതങ്ങളോ ഉണ്ടാക്കുന്ന പരീക്ഷണങ്ങൾ.
പുതിയ ചട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ചർച്ചകൾക്ക് വഴിവെക്കുന്നതുമായ മാറ്റങ്ങളിലൊന്നാണ് പരീക്ഷണങ്ങളുടെ തീവ്രത നിർണയിക്കുന്ന രീതി. പുതിയ ചട്ടങ്ങൾ പ്രകാരം, പരീക്ഷണങ്ങൾ മൃഗങ്ങളിൽ ഉണ്ടാക്കുന്ന വേദനയുടെയും പ്രയാസങ്ങളുടെയും (തീവ്രത) അടിസ്ഥാനത്തിലാണ് അനുമതികൾ നൽകുന്നത്. മുൻപ് മൃഗത്തിന്റെ ശരീരവലിപ്പവും ഇനവും നോക്കിയാണ് അനുമതി നൽകിയിരുന്നതെങ്കിൽ, പുതിയ കരട് നിയമത്തിൽ പരീക്ഷണം ഉണ്ടാക്കുന്ന വേദനയുടെ തീവ്രത നോക്കിയാണ് അനുമതി തീരുമാനിക്കുന്നത്. എലി, മുയൽ തുടങ്ങിയ ചെറിയ മൃഗങ്ങളിലെ പരീക്ഷണങ്ങൾക്ക് മാത്രം അനുമതി നൽകിയിരുന്ന സ്ഥാപന സമിതികൾക്ക്, ഇനി മൃഗത്തിന്റെ വലിപ്പം നോക്കാതെ തന്നെ വേദന കുറഞ്ഞതും മിതമായതുമായ പരീക്ഷണങ്ങൾക്ക് നേരിട്ട് അനുമതി നൽകാം. മുൻപ് വലിയ മൃഗങ്ങൾ ഉൾപ്പെടുന്ന എല്ലാ പരീക്ഷണങ്ങൾക്കും കേന്ദ്ര സമിതിയുടെ മുൻകൂർ അനുമതി നിർബന്ധമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, എലി, മുയൽ എന്നിവയേക്കാൾ വലിയ മൃഗങ്ങളിൽ നടത്തുന്ന കഠിനമായ പരീക്ഷണങ്ങൾക്ക് മാത്രമേ കേന്ദ്ര സമിതിയുടെ അനുമതി ആവശ്യമുള്ളൂ. മുൻപ് കെട്ടിടങ്ങളോടു കൂടിയ സ്ഥിരം ലാബുകൾക്ക് മാത്രം അനുമതി ഉണ്ടായിരുന്ന സ്ഥാനത്ത്, താൽക്കാലികവും മൊബൈൽ സംവിധാനങ്ങളുള്ളതുമായ ലാബുകളും ഇതിൽ ഉൾപ്പെടും.വലിയ മൃഗങ്ങളിലെ ലളിതമായ പരീക്ഷണങ്ങൾക്ക് കേന്ദ്ര സമിതിയുടെ മുൻകൂർ അനുമതിക്ക് പകരം, പരീക്ഷണത്തിന്റെ തുടക്കം, ഇടക്കാല പുരോഗതി, പൂർത്തീകരണം എന്നീ 3 ഘട്ടങ്ങളിൽ വിവരങ്ങൾ അറിയിച്ചാൽ മതിയാകും..
കരടിലെ അനുബന്ധം ഒന്നിൽ ലഘുവായ പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളായി മുതിർന്ന എലികളെയോ എലിവർഗത്തിൽപ്പെട്ട മൃഗങ്ങളെയോ ഹ്രസ്വകാലത്തേക്ക് ഒറ്റയ്ക്ക് പാർപ്പിക്കുന്നതും ,സാമൂഹിക സമ്പർക്കം നിഷേധിക്കുന്നതും ഹ്രസ്വകാലവും ഒഴിവാക്കാവുന്നതുമായ നേരിയ വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ചില നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ട്യൂമർ പഠനങ്ങൾ, ആരോഗ്യത്തിൽ അസാധാരണത്വങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യേക ഭക്ഷണക്രമങ്ങൾ, മുതിർന്ന എലികൾക്ക് 48 മണിക്കൂർ വരെ ഭക്ഷണം നൽകാതിരിക്കുന്ന പരീക്ഷണങ്ങൾ എന്നിവ മിതമായ വിഭാഗത്തിന്റെ ഉദാഹരണങ്ങളാണ്. ഈ വർഗീകരണം വെറും സാങ്കേതികമായ ഒന്നല്ല.
ഒരു പരീക്ഷണത്തിന് കേന്ദ്രസമിതിയുടെ അനുമതി ആവശ്യമുണ്ടോ, സ്ഥാപനതല സമിതിക്ക് തന്നെ തീരുമാനമെടുക്കാനാകുമോ എന്നതിനെ ഇത് നേരിട്ട് ബാധിക്കും.
മൃഗങ്ങൾക്ക് എത്രത്തോളം വേദനയോ ദുരിതമോ ഉണ്ടാകുമെന്ന് വിലയിരുത്തുന്നതിൽ സ്ഥാപനങ്ങൾക്കുതന്നെ വലിയ പങ്ക് ലഭിക്കുമ്പോൾ താൽപര്യസംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് വിമർശകരുടെ ആശങ്ക. പരീക്ഷണം നടത്തുന്ന സ്ഥാപനത്തിന് തന്നെ അതിന്റെ തീവ്രത നിർണയിക്കാൻ കഴിയുന്നത് മേൽനോട്ടത്തെ ദുർബലപ്പെടുത്തുമെന്നാണ് മൃഗക്ഷേമ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പീപ്പിൾ ഫോർ ആനിമൽസിന്റെ ട്രസ്റ്റി ഗൗരി മൗലേഖി കരട് ചട്ടങ്ങളെ വിമർശിച്ചു. പരീക്ഷണങ്ങളുടെ തീവ്രത നിർണയിക്കുന്നതിൽ വ്യക്തതക്കുറവുണ്ടെന്നും ചില പരീക്ഷണങ്ങൾക്ക് കേന്ദ്രസമിതിയുടെ അനുമതി ഒഴിവാക്കുന്നത് മൃഗസംരക്ഷണത്തിന്റെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ ദുർബലപ്പെടുത്താമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
തെരുവുനായകളെയും പൂച്ചകളെയും പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുമോ?
പുതിയ കരടിൽ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്ന മറ്റൊരു വിഷയം, പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാവുന്ന മൃഗങ്ങളുടെ ഉറവിടവും തരവുമാണ്. വന്യജീവികളെയോ കാട്ടിൽനിന്ന് ലഭിക്കുന്ന മൃഗങ്ങളെയോ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുന്ന സമീപനമല്ല കരടിലുള്ളത്. പകരം, നിശ്ചിത സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന വ്യവസ്ഥകളാണ് നിർദേശിക്കുന്നത്. 2022-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. എന്നാൽ മറ്റൊരു ഇനം മൃഗത്തെ ഉപയോഗിച്ച് പഠനത്തിന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന ശാസ്ത്രീയ ന്യായീകരണവും ബാധകമായ നിയമപ്രകാരം അധികാരപ്പെട്ടവരുടെ അനുമതിയും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിച്ചാൽ ചില ഇളവുകൾ അനുവദിക്കാനാണ് കരടിലെ റൂൾ 5 നിർദേശിക്കുന്നത്. മനുഷ്യേതര പ്രൈമേറ്റുകൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.
കുരങ്ങുകൾ ഉൾപ്പെടെയുള്ള മനുഷ്യേതര പ്രൈമേറ്റുകളെ സംബന്ധിച്ച് റൂൾ 6 പ്രത്യേക വ്യവസ്ഥകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഗുരുതരമായതോ ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതോ ആയ മനുഷ്യരോഗാവസ്ഥകൾ, അടിസ്ഥാന ശാസ്ത്രീയ ഗവേഷണം, ജീവിവർഗങ്ങളുടെ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളിൽ ഇവയെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകാം. മറ്റൊരു മൃഗവർഗത്തെ ഉപയോഗിച്ച് ഗവേഷണത്തിന്റെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന നിബന്ധനയും ഇതിൽ ഉൾപ്പെടുന്നു. പരീക്ഷണത്തിനായി പ്രത്യേകമായി വളർത്തുന്ന മൃഗങ്ങളെ ഉപയോഗിച്ച് പഠനത്തിന്റെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും യോഗ്യതയുള്ള അധികാരി ഇളവ് അനുവദിക്കുകയും ചെയ്താൽ കാട്ടിൽനിന്ന് ലഭിക്കുന്ന മൃഗങ്ങളെയും ഉപയോഗിക്കാം.
പരീക്ഷണങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് തീരുമാനിക്കാനും അനുമതി നൽകാനുമുള്ള അധികാരം അതത് സ്ഥാപനങ്ങൾക്കു തന്നെ നൽകുന്നത് ഗവേഷണം വേഗത്തിലാക്കുമെങ്കിലും പരീക്ഷണങ്ങളിൽ സ്വാർത്ഥ താൽപ്പര്യങ്ങൾ കലരാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്ഥാപനം തങ്ങളുടെ ഗവേഷണ രീതി മോഡറേറ്റ് വിഭാഗമാണെന്ന് സ്വയം തീരുമാനിച്ചാൽ കേന്ദ്ര സമിതിയുടെ മുൻകൂറായുള്ള മേൽനോട്ടമില്ലാതെ തന്നെ വലിയ മൃഗങ്ങളിൽ പോലും പരീക്ഷണം നടത്താൻ അവർക്ക് സാധിക്കും., വന്യജീവികൾ, കുരങ്ങുകൾ , തെരുവ് മൃഗങ്ങൾ എന്നിവയെ ഉപയോഗിക്കുന്നതിലുണ്ടായിരുന്ന നിരോധനങ്ങളിൽ പുതിയ കരട് നിയമം ഉപാധികളോടെ ഇളവുകൾ അനുവദിക്കുന്നുണ്ട്. ശാസ്ത്രീയ ന്യായീകരണങ്ങളോടെ വന്യജീവികളെയും, ഗുരുതര രോഗ പഠനങ്ങൾക്കായി കുരങ്ങുകളെയും, മറ്റ് പകര സംവിധാനങ്ങളില്ലാത്ത സാഹചര്യങ്ങളിൽ തെരുവ് മൃഗങ്ങളെയും പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാം.
തുറന്ന വിപണിയിൽനിന്ന് മൃഗങ്ങളെ വാങ്ങാനും അനുമതിയോ?
പരീക്ഷണങ്ങൾക്ക് ആവശ്യമായ മൃഗങ്ങളെ എവിടെനിന്ന് വാങ്ങാമെന്ന കാര്യത്തിലും കരട് മാറ്റങ്ങൾ നിർദേശിക്കുന്നു. രജിസ്റ്റർ ചെയ്ത ബ്രീഡർമാരിൽനിന്നോ വ്യാപാരികളിൽനിന്നോ ലഭ്യമല്ലെങ്കിൽ, ചില കന്നുകാലികൾ, കാർഷിക മൃഗങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ എന്നിവയെ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിൽനിന്നോ തുറന്ന വിപണിയിൽനിന്നോ വാങ്ങാൻ അനുമതി നൽകുന്ന വ്യവസ്ഥ കരടിലുണ്ട്. എന്നാൽ ഇതിനായി സ്ഥാപനതല സമിതിയുടെ മുൻകൂർ അനുമതി, മൃഗങ്ങളെ വാങ്ങിയതിന്റെ രേഖകൾ, മൃഗഡോക്ടറുടെ സാക്ഷ്യപ്പെടുത്തലോടെയുള്ള ക്വാറന്റൈൻ, പരീക്ഷണത്തിന് മുമ്പുള്ള ആരോഗ്യസ്ഥിരീകരണം തുടങ്ങിയ നടപടികൾ പാലിക്കേണ്ടതുണ്ട്. ഇവ CCSEA-യുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കണം. രജിസ്റ്റർ ചെയ്ത ഉറവിടങ്ങളിൽനിന്നല്ലാതെ മൃഗങ്ങളെ ശേഖരിക്കുമ്പോൾ അവയുടെ ആരോഗ്യചരിത്രവും പശ്ചാത്തലവും സംബന്ധിച്ച വിവരങ്ങൾ അപൂർണമായിരിക്കാം. ഇത് പരീക്ഷണഫലങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാനും വ്യത്യസ്ത പഠനങ്ങൾ തമ്മിൽ കൃത്യമായ താരതമ്യം നടത്തുന്നത് ബുദ്ധിമുട്ടാക്കാനും സാധ്യതയുണ്ടെന്നാണ് മൃഗക്ഷേമ സംഘടനകളുടെ വാദം. ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യയും ഈ വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദുർബലമായി നിർവചിക്കപ്പെട്ട ഒഴിവാക്കലുകൾ വന്യമൃഗങ്ങളെയും തെരുവുമൃഗങ്ങളെയും സംരക്ഷിത മൃഗങ്ങളെയും ഉപയോഗിക്കാൻ വഴിയൊരുക്കുകയും ഗവേഷണത്തിന്റെ വിശ്വാസ്യതയ്ക്കും മൃഗക്ഷേമത്തിനുള്ള ധാർമ്മിക സുരക്ഷാസംവിധാനങ്ങൾക്കും തിരിച്ചടിയാകുകയും ചെയ്യുമെന്ന് സംഘടന പറയുന്നു.
മൃഗങ്ങളുടെ വേദന കുറയ്ക്കാൻ മൂന്ന് പ്രധാന തത്വങ്ങൾ
മൃഗപരീക്ഷണങ്ങളെ നിയന്ത്രിക്കുമ്പോൾ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യം നൽകുന്ന മൂന്ന് തത്വങ്ങളും പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെ 'മൂന്ന് ആർ' (3Rs) എന്നാണ് വിളിക്കുന്നത്. ശാസ്ത്രീയമായി വിശ്വസനീയമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് മൃഗങ്ങളെ പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കുക. വിശ്വസനീയമായ ശാസ്ത്രീയ ഫലങ്ങൾ ലഭിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ എണ്ണം മൃഗങ്ങളെ മാത്രം ഉപയോഗിക്കുക. മൃഗങ്ങൾക്ക് ഉണ്ടാകുന്ന വേദനയും സമ്മർദവും ദുരിതവും കുറയ്ക്കുന്നതിനായി മെച്ചപ്പെട്ട പാർപ്പിടം, പരിചരണം, വെറ്ററിനറി സേവനം, പരീക്ഷണരീതികൾ എന്നിവ ഉറപ്പാക്കുക. ഇതിനുപുറമെ, ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾ സിസിഎസ്ഇഎ-യിൽ രജിസ്റ്റർ ചെയ്യണം. പരീക്ഷണങ്ങൾക്ക് വെറ്ററിനറി മേൽനോട്ടം, സ്ഥാപനതല പരിശോധന, രേഖകൾ സൂക്ഷിക്കൽ, റിപ്പോർട്ടിങ് എന്നിവയും നിർദേശിക്കുന്നുണ്ട്. ദീർഘകാലം നിലനിൽക്കുന്നതും ലഘൂകരിക്കാൻ കഴിയാത്തതുമായ ഗുരുതരമായ വേദനയോ ദുരിതമോ ഉണ്ടാക്കുന്ന പരീക്ഷണങ്ങൾ നിരോധിക്കാനും കരട് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ കേന്ദ്രതല അനുമതിക്കു പകരം കൂടുതൽ തീരുമാനങ്ങൾ സ്ഥാപനതല സമിതികൾക്ക് കൈമാറുമ്പോൾ ഈ സുരക്ഷാസംവിധാനങ്ങൾ മതിയാകുമോ എന്ന കാര്യത്തിലാണ് തർക്കം തുടരുന്നത്.
നിലവിലുള്ള സുരക്ഷാ വ്യവസ്ഥകളിൽ എന്ത് മാറ്റം വരും?
കരട് ചട്ടങ്ങളിൽനിന്ന് ചില പ്രധാന സുരക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്തതായും മാറ്റിയതായും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൃഗങ്ങളുടെ പുനരധിവാസത്തിനായി ജീവിതകാലം മുഴുവൻ ധനസഹായം ഉറപ്പാക്കുന്ന വ്യവസ്ഥ, അനസ്തേഷ്യ സംബന്ധിച്ച അടിസ്ഥാന ആവശ്യകതകൾ, ഇതിനകം അറിയാവുന്ന ഫലങ്ങളുള്ള പരീക്ഷണങ്ങൾ ആവർത്തിക്കുന്നത് നിയന്ത്രിക്കുന്ന വ്യവസ്ഥകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് അവരുടെ വിമർശനം.
എന്നാൽ ഈ മാറ്റങ്ങളുടെ കൃത്യമായ വ്യാപ്തി വിലയിരുത്താൻ പഴയ ചട്ടങ്ങളും അവയ്ക്കു കീഴിലുള്ള അനുബന്ധ മാർഗനിർദേശങ്ങളും പുതിയ കരടുമായി വിശദമായി താരതമ്യം ചെയ്യേണ്ടതുണ്ട്. പുതിയ ചട്ടങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ നിർദേശങ്ങളും നിലവിൽ പ്രാബല്യത്തിലുള്ള വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതും പ്രധാനമാണ്.
ലോകം മൃഗപരീക്ഷണങ്ങൾ കുറയ്ക്കുമ്പോൾ ഇന്ത്യയുടെ നീക്കം
അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, ചൈന, ബ്രസീൽ തുടങ്ങിയിടങ്ങളിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കുറയ്ക്കുന്നതിനും മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കൃത്യമായി മാതൃകയാക്കുന്ന ഗവേഷണരീതികൾ വികസിപ്പിക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മനുഷ്യകോശങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകൾ, ഓർഗൻ-ഓൺ-എ-ചിപ്പ് സാങ്കേതികവിദ്യ, കമ്പ്യൂട്ടർ മാതൃകകൾ, ത്രീഡി കോശമാതൃകകൾ തുടങ്ങിയവ ചില മേഖലകളിൽ മൃഗപരീക്ഷണങ്ങൾക്ക് പകരമായോ അവയുടെ ആവശ്യകത കുറയ്ക്കുന്ന മാർഗങ്ങളായോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഓരോ ഗവേഷണത്തിനും അനുയോജ്യമായ ബദൽ ശാസ്ത്രീയമായി സാധൂകരിക്കേണ്ടതുണ്ട്. ഇത്തരം ബദൽ മാർഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയത്ത് മൃഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള അനുമതി ലളിതമാക്കുന്നതും കേന്ദ്രതല മേൽനോട്ടത്തിന്റെ പരിധി കുറയ്ക്കുന്നതും ആശങ്കാജനകമാണെന്നാണ് മൃഗക്ഷേമ സംഘടനകളുടെ നിലപാട്.
കരട് ചട്ടങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്?
പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ അവസരം നൽകുന്നതിനായി സെപ്റ്റംബർ 30-നാണ് കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനായിരുന്നു നിർദേശം. അതിനാൽ, ഇവ അന്തിമമായി പ്രാബല്യത്തിൽ വന്ന നിയമങ്ങളാണെന്ന് കരുതരുത്. നിലവിൽ ചർച്ചയിലുള്ളത് നിർദേശിക്കപ്പെട്ട മാറ്റങ്ങളാണ്. അന്തിമ ചട്ടങ്ങളിൽ എന്തെല്ലാം വ്യവസ്ഥകൾ നിലനിൽക്കും, ഏതെല്ലാം മാറ്റങ്ങൾ വരും എന്നത് ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഗവേഷണ നടപടികൾ ലളിതമാക്കേണ്ടതിന്റെ ആവശ്യകതയും മൃഗങ്ങളുടെ വേദനയും ദുരിതവും തടയേണ്ട ഉത്തരവാദിത്തവും തമ്മിൽ എങ്ങനെ സന്തുലിതാവസ്ഥ കണ്ടെത്തും എന്നതാണ് ഈ കരട് ഉയർത്തുന്ന പ്രധാന ചോദ്യം. ഒരു പരീക്ഷണത്തിന് അനുമതി നൽകുമ്പോൾ അതിന്റെ ശാസ്ത്രീയ ആവശ്യകതയ്ക്കൊപ്പം മൃഗങ്ങൾക്ക് ഉണ്ടാകാവുന്ന ദോഷവും ബദൽ മാർഗങ്ങളുടെ ലഭ്യതയും എത്രത്തോളം കർശനമായി വിലയിരുത്തപ്പെടും എന്നതിലാണ് ഇനി ശ്രദ്ധ.
Content Highlights: India introduces the Prevention of Cruelty to Animals Draft Rules 2026 to streamline biomedical and drug research., Proposed rules classify experiments into four severity levels, potentially allowing institutional committees to approve minor or moderate tests without central clearance., Concerns raised by animal welfare organizations over potential use of stray animals, wildlife, and reduced central oversight., The draft incorporates the 3Rs principle (Replacement, Reduction, Refinement) while facing criticism for removing certain safeguards.