സ്റ്റേഡിയത്തിന് നടുവിലെ വൈറൽ പ്രൊപ്പോസല്‍; സ്മൃതി മന്ദാനയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ ഡിലീറ്റ് ചെയ്ത് പലാഷ് മുഛല്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം റദ്ദാക്കിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്മൃതി മന്ദാനയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പലാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
നേരത്തേ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കുന്നതായാണ് കുടുംബം അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ സ്മൃതി മന്ദാന വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയാ പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ പലാഷ് മുഛല്‍ സ്മൃതി മന്ദാനയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
വിവാഹനിശ്ചയത്തിന് പിന്നാലെയാണ് പലാഷ് മുഛല്‍ വ്യത്യസ്തമായ പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ചത്. സ്മൃതിക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന. നവി മുംബൈയിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയമായ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ വെച്ചായിരുന്നു വിവാഹാഭ്യര്‍ഥന. എങ്ങോട്ടാണെന്ന് പറയാതെ കണ്ണ് മൂടിക്കെട്ടിയാണ് സ്മൃതിയെ പലാഷ് കൊണ്ടുപോയത്.
Don’t Miss: സ്മൃതി മന്ദാന വിവാഹം റദ്ദാക്കിയത് പലാഷിന്റെ മറ്റൊരു ബന്ധം കാരണമോ? വിവാഹ വിവാദത്തിൽ ഇതുവരെ നടന്നതെല്ലാം
സ്റ്റേഡിയത്തിന് നടുവില്‍ വെച്ച് സ്മൃതിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പലാഷ് കണ്ണിലെ കെട്ടഴിച്ചു. തുടര്‍ന്ന് താരത്തിന് മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടാണ് പലാഷ് വിവാഹാഭ്യര്‍ഥന നടത്തിയത്. സമ്മതം മൂളിയ സ്മൃതി മന്ദാന പലാഷിനെ പ്രണയപൂര്‍വം ആലിംഗനം ചെയ്യുന്നതും പലാഷ് സ്മൃതിയെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പലാഷ് നീക്കം ചെയ്തിരിക്കുന്നത്.
Content Highlights: Palash Muchhal Deletes Viral Stadium Proposal Video After Smriti Mandhana Called Off Wedding