‘മംദാനി മുന്നാഭായ് MBBS 16 തവണ കണ്ടു, ഹാരി പോട്ടർ ചിത്രം ചെയ്യേണ്ടെന്ന് പറഞ്ഞു, അഭിനയിക്കാന്‍ വിളിച്ചെങ്കിലും വന്നില്ല’ -മീരാ നായർ

#Lifestyle Desk
മീരാ നായർ, സൊഹ്റാൻ മംദാനി | ചിത്രങ്ങൾ: എഎഫ്പി
മീരാ നായർ, സൊഹ്റാൻ മംദാനി | ചിത്രങ്ങൾ: എഎഫ്പി

ലോകം ഉറ്റുനോക്കിയ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് സൊഹ്‌റാന്‍ മംദാനി എന്ന ഇന്ത്യന്‍ വംശജന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിനോട് വരെ കൊമ്പുകോര്‍ത്ത മംദാനി തിളങ്ങുന്ന വിജയം നേടി ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി. നഗരത്തിന്റെ ആദ്യ ഏഷ്യന്‍-മുസ്‌ലിം മേയര്‍ എന്ന പ്രത്യേകതയും മംദാനിക്കുണ്ട്. ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. ഇപ്പോഴിതാ മകനെ കുറിച്ച് സംസാരിക്കുകയാണ് മീരാ നായര്‍.

Don’t Miss: സിറിയൻ കലാകാരി, കണ്ടുമുട്ടിയത് ഡേറ്റിങ് ആപ്പിൽ; സൊഹ്‌റാൻ മംദാനിയുടെ ജീവിതപങ്കാളി റാമ ദുവാജിയെ അറിയാം

സോറു എന്നാണ് മീരാ നായര്‍ മകനെ വാത്സല്യത്തോടെ വിളിക്കുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് സഞ്ജയ് ദത്ത് നായകനായെത്തിയ കോമഡി ചിത്രം മുന്നാഭായ് എംബിബിഎസ് ആയിരുന്നു കുട്ടിയായിരിക്കെ സൊഹ്‌റാന്‍ മംദാനിയുടെ ഇഷ്ടചിത്രമെന്ന് അവര്‍ പറയുന്നു. 'മുത്തച്ഛനൊപ്പമോ ഞങ്ങള്‍ക്കൊപ്പമോ എല്ലാമായി 16 തവണ അവന്‍ മുന്നാഭായ് എംബിബിഎസ് കണ്ടിട്ടുണ്ട്. അതായിരുന്നു അവന്റെ ഇഷ്ടപ്പെട്ട ചിത്രം. സോയാ അക്തറിന്റെ ലക്ക് ബൈ ചാന്‍സാണ് അവന്റെ മറ്റൊരു ഇഷ്ടചിത്രം.' -ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് മീരാ നായര്‍ പറഞ്ഞു.

ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സൊഹ്റാൻ മംദാനിയെ അമ്മ മീരാ നായർ ആലിംഗനം ചെയ്യുന്നു | ചിത്രം: എപി

ഹാരി പോട്ടര്‍ ചിത്രവും ദി നെയിംസേക്ക് എന്ന ചിത്രവും സംവിധാനം ചെയ്യാനുള്ള അവസരം ഒന്നിച്ച് വന്നപ്പോള്‍ ഏത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പം അകറ്റിയത് മംദാനിയാണെന്നും മീരാ നായര്‍ പറഞ്ഞു. 'അവന് അപ്പോള്‍ 14 വയസായിരുന്നു. എനിക്ക് നെയിംസേക്ക് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ സോറുവിനോട് സംസാരിച്ചു. എന്ത് ചെയ്യണമെന്ന് അവനോട് ചോദിച്ചു. 'അമ്മേ, ഹാരി പോട്ടര്‍ സംവിധാനം ചെയ്യാന്‍ ഒരുപാട് പേര്‍ വേറെയുണ്ട്. പക്ഷേ ദി നെയിംസേക്ക് നിങ്ങള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ' എന്നാണ് അവന്‍ പറഞ്ഞത്. പ്രകാശം തൂകിയത് പോലെയായിരുന്നു അത്. ആശയക്കുഴപ്പത്തില്‍ നിന്ന് ഞാന്‍ മോചിതയായി. എല്ലായ്‌പ്പോഴുമെന്ന പോലെ ശരിയായ കാര്യം അവന്‍ കണ്ടു.' -മീരാ നായര്‍ പറഞ്ഞു.

Also Read: ആയുധമേന്തിയ കമാൻഡോകളും ഫോൺ ജാമറും; ആർഭാടമായി സൊഹ്‌റാന്‍ മംദാനിയുടെ വിവാഹാഘോഷം

താന്‍ സംവിധാനം ചെയ്ത സീരീസില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അത് നിരസിച്ച മംദാനിയേയും മീരാ നായര്‍ ഓര്‍ത്തു. 'ദി സ്യൂട്ടബിള്‍ ബോയ് എന്ന സീരീസിലെ പ്രധാനവേഷം ഞാന്‍ അവന് വാഗ്ദാനം ചെയ്തതാണ്. ആ വേഷം അവന്‍ ചെയ്യണമെന്ന് ശരിക്കും ഞാന്‍ ആഗ്രഹിച്ചിരുന്നു. 'ഇത്തരം ഓഫറുകള്‍ കിട്ടാനായി മരിക്കാന്‍ വരെ തയ്യാറാകുന്ന ആളുകളുണ്ട്. പക്ഷേ ഞാന്‍ ആ കൂട്ടത്തില്‍ പെട്ടയാളല്ല' എന്നായിരുന്നു അവന്റെ മറുപടി. അഭിനയിക്കാന്‍ വിമുഖതയുള്ള നടനായിരുന്നു അവന്‍.' -മീരാ നായര്‍ പറഞ്ഞു.

Content Highlights: Munna Bhai MBBS Was Zohran Mamdani’s Favourite Film, Watched 16 Times, Turned Down Role in A Suitable Boy, Says Mira Nair