'ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യന്‍'; പ്രഭാസിനെ അടുത്ത ജന്മത്തിൽ മകനായി വേണമെന്ന് സറീനാ വഹാബ്

സറീനാ വഹാബ്, പ്രഭാസ്
സറീനാ വഹാബ്, പ്രഭാസ്

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ സുപരിചിതയായ നടിയാണ് സറീനാ വഹാബ്. ജൂനിയര്‍ എന്‍.ടി.ആര്‍, പ്രഭാസ് തുടങ്ങിയ മുന്‍നിര താരങ്ങളുടെ അമ്മവേഷങ്ങളില്‍ ഉള്‍പ്പെട അഭിനയിച്ച സറീന തനിക്ക് പ്രഭാസിനോടുള്ള സ്‌നേഹത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. അടുത്ത ജന്മത്തില്‍ പ്രഭാസിനെ തനിക്ക് മകനായി ലഭിക്കണമെന്നാണ് ദൈവത്തോടുള്ള പ്രാര്‍ഥനയെന്ന് അവര്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സറീന. 

'പ്രഭാസിനെ പോലെ മറ്റാരുമില്ല. അടുത്ത ജന്മത്തില്‍ എനിക്ക് രണ്ട് മക്കള്‍ വേണമെന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നത്. ഒന്ന് സൂരജ് (സറീനാ വഹാബിന്റെ മകന്‍), മറ്റൊന്ന് പ്രഭാസ്. കാരണം പ്രഭാസ് വളരെ നല്ലൊരു മനുഷ്യനാണ്. അവന്റെയുള്ളില്‍ ഒട്ടും അഹങ്കാരമില്ല. പാക്കപ്പ് ചെയ്ത് കഴിഞ്ഞാല്‍ പ്രഭാസ് സെറ്റിലെ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കും. അവന് അത് ചെയ്യേണ്ട കാര്യമില്ല. എങ്കിലും അവന്‍ എല്ലായ്‌പ്പോഴും അങ്ങനെ ചെയ്യും.' -സറീനാ വഹാബ് പറഞ്ഞു. 

'തനിക്ക് ഷോട്ട് ഇല്ലെങ്കില്‍ പോലും പ്രഭാസ് എല്ലായ്‌പ്പോഴും സെറ്റിലുണ്ടാകും. കാരവാനിലേക്ക് പോകാറില്ല. എനിക്ക് പ്രഭാസിന്റെ കൂടെ അഭിനയിക്കുന്നതോര്‍ത്ത് വലിയ ആശങ്കയായിരുന്നു. എന്നാല്‍ അവന്‍ എന്നെ വളരെ കംഫര്‍ട്ടബിളാക്കി. എന്നോട് മാത്രമല്ല, തന്റെ നായികമാരോടും അവന്‍ നന്നായാണ് പെരുമാറിയത്. ആളുകളോട് സംസാരിക്കുമ്പോള്‍ അവന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടാകും. അവന്‍ ആരോടെങ്കിലും മോശമായി പെരുമാറുന്നതോ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങള്‍ വിശക്കുന്നു എന്ന് പറഞ്ഞാല്‍ അവന്‍ വീട്ടിലേക്ക് വിളിച്ച് 50 പേര്‍ക്കുള്ള ഭക്ഷണം എത്തിക്കും.' -സറീന പറഞ്ഞു. 

ഉടന്‍ തിയേറ്ററുകളിലെത്താനിരിക്കുന്ന ദി രാജാസാബ് എന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം സറീനാ വഹാബും അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ ആദ്യ ഹൊറര്‍ ചിത്രമാണ് ദി രാജാ സാബ്. 
 

Content Highlights: Zarina Wahab wants Prabhas as son in her next life