‘ഞാൻ കായികതാരമാണ്, വഞ്ചിക്കില്ല, ഈ അധ്യായം അവസാനിച്ചു’; ധനശ്രീയുടെ ആരോപണങ്ങൾ തള്ളി യുസ്‌വേന്ദ്ര ചാഹൽ

മുൻഭാര്യ ധനശ്രീ വർമ തനിക്കെതിരെ ഉന്നയിച്ച വഞ്ചനാ ആരോപണങ്ങൾ നിഷേധിച്ച് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. വിവാഹിതരായി രണ്ടാം മാസത്തിൽ തന്നെ ചാഹൽ വഞ്ചിച്ചത് കൈയോടെ പിടികൂടി എന്ന ധനശ്രീയുടെ അവകാശവാദം പുറത്തുവന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ താരം പ്രതികരിച്ചത്. താൻ ഇതിനോടകം ജീവിതത്തിൽ മുന്നോട്ട് പോയി എന്നും, എന്നാൽ പ്രശസ്തിക്കായി ധനശ്രീ ഇപ്പോഴും തന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും ചാഹൽ ആരോപിച്ചു.
താൻ ഒരു കായികതാരമാണെന്നും വഞ്ചിക്കില്ലെന്നും യുസ്‌വേന്ദ്ര ചാഹൽ പറയുന്നുണ്ട്. "ഞങ്ങളുടെ വിവാഹം 4.5 വർഷം നീണ്ടുനിന്നു. രണ്ട് മാസത്തിനുള്ളിൽ വഞ്ചന നടന്നുവെങ്കിൽ ആരാണ് അത് തുടരുക?"- എന്ന് അദ്ദേഹം ചോദിച്ചു.
താൻ ഭൂതകാലത്തിൽ നിന്ന് പുറത്തുവന്നു എന്നും എന്നാൽ ചില ആളുകൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും 35 വയസ്സുകാരനായ താരം കൂട്ടിച്ചേർത്തു.
സത്യം ഒന്നുമാത്രമാണെന്നും അറിയേണ്ടവർക്കറിയാമെന്നും താൻ തന്റെ ജീവിതത്തിലും കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ചാഹൽ പറഞ്ഞു. ഇനി ഒരിക്കലും ഈ അധ്യായത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധനശ്രീയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ
ധനശ്രീ വർമ്മ നിലവിൽ റൈസ് ആൻഡ് ഫാൾ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ്. ഷോയിൽ നടി കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെയാണ് വിവാഹബന്ധം തകർന്നതിനെക്കുറിച്ച് ധനശ്രീ വെളിപ്പെടുത്തിയത്.
ഓഗസ്റ്റിൽ വിവാഹനിശ്ചയവും ഡിസംബറിൽ വിവാഹവും കഴിഞ്ഞു. പിന്നാലെ ചാഹലിനൊപ്പം യാത്ര ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചാഹലിന്റെ പെരുമാറ്റത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾ ശ്രദ്ധിക്കുകയുണ്ടായെന്നും ധനശ്രീ പറയുന്നുണ്ട്. ആളുകൾ എന്തെങ്കിലും കാര്യങ്ങൾ ആഗ്രഹിക്കുമ്പോഴും അത് കിട്ടിക്കഴിയുമ്പോഴും ഉള്ള വ്യത്യാസമായിരുന്നു അത്.
ചാഹലിൽ മാറ്റങ്ങൾ പ്രകടമായിരുന്നിട്ടും താൻ ആ ബന്ധത്തിൽ വിശ്വാസം തുടർന്നുവെന്നും ധനശ്രീ പറയുന്നുണ്ട്. ചുറ്റുമുള്ള ആളുകൾക്ക് ഒരുപാടുതവണ അവസരങ്ങൾ നൽകുന്നയാളായിരുന്നു താൻ. തന്റെ ഭാഗത്തുനിന്ന് നൂറുശതമാനം ശ്രമിച്ചിട്ടും ഫലം കാണാതിരുന്നപ്പോൾ അത് മടുത്തുവെന്നും ധനശ്രീ പറയുന്നുണ്ട്. അതേസമയം ചാഹലിനോട് തനിക്കുള്ള കരുതൽ ഒരുനാളും ഇല്ലാതാവില്ലെന്നും ധനശ്രീ എടുത്തുപറയുന്നുണ്ട്.
ഈ വർഷം മാർച്ചിൽ മുംബൈ കുടുംബകോടതിയാണ് ചാഹലിനും ധനശ്രീ വർമയ്ക്കും വിവാഹമോചനം അനുവദിച്ചത്. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂണിൽ ഇരുവരും വേർപിരിഞ്ഞിരുന്നു. 2025 ഫെബ്രുവരി അഞ്ചിന് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയിൽ സംയുക്ത ഹർജി നൽകി. 4.75 കോടി രൂപയാണ് ജീവനാംശമായി ചാഹൽ ധനശ്രീക്ക് നൽകിയത്.
Content Highlights: Cricketer Yuzvendra Chahal responds to ex-wife Dhanashree Verma`s cheating claims