ഭക്ഷണമുണ്ടാക്കാനും ഉറങ്ങാനും ഒരു സ്ഥലം; വാടക താങ്ങാനാകാത്തതിനാല്‍ ടോയ്‌ലറ്റ് റൂമില്‍ താമസിച്ച് യുവതി

യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: douyin/ yang
യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: douyin/ yang

ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളംകൊണ്ട് ചിലപ്പോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനില്ല. വാടക നല്‍കാനോ സാധനങ്ങള്‍ വാങ്ങാനോ പണം തികഞ്ഞെന്ന് വരില്ല. അത്തരത്തില്‍ ജീവിതം പ്രതിസന്ധിയിലായപ്പോള്‍ യാങ് എന്ന് പേരുള്ള ചൈനീസ് യുവതി അത് മറികടക്കാന്‍ തിരഞ്ഞെടുത്തത് വ്യത്യസ്തമായൊരു വഴിയാണ്.

ഒരു ഓഫീസ് ടോയ്‌ല്റ്റില്‍ താമസിക്കുക എന്നതായിരുന്നു ആ മാര്‍ഗം. 9000 രൂപ മുതല്‍ 21000 രൂപ വരെ വരുന്ന വാടക കൊടുക്കാനില്ലാത്തതിനാലണ് യാങ് ടോയ്‌ലറ്റില്‍ താമസം തുടങ്ങിയത്. അവിടെയാണെങ്കില്‍ മാസം 600 രൂപ വാടകയായി നല്‍കിയാല്‍ മതി. ഹുനാന്‍ പ്രവിശ്യയിലെ സുസോഹു എന്ന സ്ഥലത്തെ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുന്ന യാങ്ങിന്റെ ശമ്പളം 30000 രൂപയാണ്. അവിടെ ശരാശരി ശമ്പളം 88000 രൂപയാണ്. 

ഇതോടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കേണ്ടെന്ന് കരുതിയാണ് താന്‍ ടോയ്‌ലറ്റ് തിരഞ്ഞെടുത്തതെന്ന് ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള 19-കാരി പറയുന്നു. ഫര്‍ണിച്ചര്‍ കടയുടമയുമായി താന്‍ സംസാരിക്കുകയും അദ്ദേഹം അനുമതി നല്‍കിയതോടെ ആറ് സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഓഫീസ് റെസ്റ്റ് റൂമില്‍ താമസം ആരംഭിച്ചതെന്നും അവര്‍ പറയുന്നു. രണ്ട് ടോയ്‌ലറ്റുകളും സിങ്കും ഉള്‍പ്പെടുന്നതാണ് ഈ റെസ്റ്റ് റൂം. ഇവിടെ ഒരു മടക്കാന്‍ പറ്റുന്ന കിടക്കയും വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള റാക്കും ഭക്ഷണം ഉണ്ടാക്കാനുള്ള ചെറിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും ടോയ്‌ലറ്റ് വൃത്തിയാക്കുമെന്നും അതിനാല്‍ ദുര്‍ഗന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാറില്ലെന്നും യാങ് പറയുന്നു. അധിക ദിവസവും രാത്രിയില്‍ നൂഡില്‍സ് ഉണ്ടാക്കാറുണ്ടെന്നും അവര്‍ പറയുന്നു. കമ്പനിയില്‍ 24 മണിക്കൂറും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷയോര്‍ത്തുള്ള പേടിയില്ല. പകല്‍ സമയങ്ങളില്‍ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഇതേ റെസ്റ്റ് റൂമാണ് ഉപയോഗിക്കാറുള്ളതെന്നും യാങ് കൂട്ടിച്ചേര്‍ക്കുന്നു.

ആദ്യം ഫര്‍ണിച്ചര്‍ കടയുടെ ഉടമസ്ഥയുടെ വീട്ടിലായിരുന്നു യാങ് താമസിച്ചിരുന്നത്. പിന്നീടാണ് ഓഫീസ് റെസ്റ്റ് റൂമിലേക്ക് മാറിയത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തന്റെ ടോയ്‌ലറ്റ് റൂമിലെ ജീവിതത്തെ കുറിച്ച് യാങ് വ്‌ളോഗുകള്‍ ചെയ്യാറുണ്ട്. നിലവില്‍ 15000 ഫോളോവേഴ്‌സാണ് യാങ്ങിനുള്ളത്. 

Content Highlights: young chinese woman lives in office toilet