‘ഹോട്ടലിലെ ബുഫെയില്‍നിന്ന് ഇന്ത്യന്‍ കുടുംബം പഴങ്ങളും പുഴുങ്ങിയ മുട്ടയും പൊതിഞ്ഞുകൊണ്ടുപോയി'-ചര്‍ച്ചയായി കുറിപ്പ്

സൂറിച്ചിലെ ഒരു ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് ബുഫെയില്‍ നിന്ന് ഇന്ത്യക്കാരായ വിനോദസഞ്ചാരികള്‍ ഭക്ഷണം പൊതിഞ്ഞെടുത്തതിനെ കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ച് സുമിത് എന്ന യുവാവ്. ഭക്ഷണം പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന് പ്രത്യേകം നിര്‍ദേശമുണ്ടായിട്ടും ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടായ മോശം സ്വഭാവത്തെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.
ഇത് വളരെ പെട്ടെന്നുതന്നെ എക്‌സില്‍ ചര്‍ച്ചാവിഷയമായി. യാത്രകളിലും മറ്റ് രാജ്യങ്ങളില്‍ പോകുമ്പോഴുമെല്ലാം പാലിക്കേണ്ട മര്യാദകളെ കുറിച്ച് പലരും പ്രതികരിച്ചു. ഭക്ഷണം കഴിച്ചശേഷം അവര്‍ ഒഴിഞ്ഞ പാത്രങ്ങളില്‍ പഴങ്ങളും തൈരും പുഴുങ്ങിയ മുട്ടകളും നിറച്ചുവെച്ചുവെന്നും അത്
പുറത്തുകൊണ്ടുപോയെന്നും കുറിപ്പിലുണ്ട്. ഡൈനിങ് ഏരിയയില്‍ അതിഥികള്‍ ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകരുത് എന്ന് ബുഫേയുടെ പ്രവേശന കവാടത്തിലെ ബോര്‍ഡില്‍ കൃത്യമായി എഴുതിയിട്ടുണ്ടെന്നും യുവാവ് കുറിച്ചു.
'സത്യം പറഞ്ഞാല്‍, ഈ പെരുമാറ്റം കണ്ട് എല്ലാവരും അത്ഭുതപ്പെടുകയും ഞെട്ടുകയും ചെയ്തു. ആ ഇന്ത്യന്‍ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയിലായിരുന്നു. അവര്‍ വലിയൊരു തുക തന്നെ നല്‍കിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും ഈ മോശം കാര്യത്തിലൂടെ വിദേശികള്‍ ഇന്ത്യക്കാരെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ കാണിച്ചുതന്നു'-സുമിത് കുറിച്ചു.
ഇത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പലരും പോസ്റ്റിന് താഴെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ ഈ ഇന്ത്യന്‍ കുടുംബത്തെ പ്രതിരോധിച്ചു. ബുഫേകളില്‍ ഭക്ഷണം പാക്ക് ചെയ്യുന്ന രീതി ഒരു പ്രത്യേക സമൂഹത്തിന്റേത് മാത്രമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഹോട്ടല്‍ ബൂഫേകളില്‍ നിന്ന് പഴങ്ങളോ ലഘുഭക്ഷണങ്ങളോ രഹസ്യമായി കൊണ്ടുപോകുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു.
'കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഞങ്ങള്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലുമായി ഏഴ് ഹോട്ടലുകളില്‍ താമസിച്ചു. ഇറ്റാലിയന്‍, അമേരിക്കന്‍ വിനോദസഞ്ചാരികളും ചിലയിടങ്ങളില്‍ ഇതുതന്നെ ചെയ്തു. അവര്‍ ക്രോസാന്റുകളും പഴങ്ങളും തൈരും പാക്ക് ചെയ്തു. എന്നാല്‍ ഇന്ത്യക്കാര്‍ ചെയ്യുമ്പോള്‍ മാത്രം അത് വലിയ വാര്‍ത്തയാകുന്നു.'' വൈറലായ പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു.
'പല വിദേശികളും ബൂഫേയില്‍ നിന്ന് പഴങ്ങളും തൈരും എടുത്ത് പിന്നീട് കഴിക്കാനായി കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യക്കാരെ ന്യായീകരിക്കുന്നില്ല. പക്ഷേ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരേക്കാള്‍ സംഘമായി യാത്ര ചെയ്യുന്നവരാണ് ഇത് കൂടുതല്‍ ചെയ്യുന്നത്.'-മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
'സത്യം പറഞ്ഞാല്‍, ഞാന്‍ സ്വിസ്, ഇറ്റലി, പ്രാഗ്, ഓസ്ട്രിയ തുടങ്ങിയ ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്, എല്ലാവരും ഇത് ചെയ്യാറുണ്ട്. യൂറോപ്യന്മാര്‍ പഴങ്ങളും ബ്രെഡും ജാമുകളും കൂടെ കൊണ്ടുപോകാറുണ്ട്. ഹോട്ടലുകാര്‍ക്ക് അതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഇന്ത്യക്കാര്‍ അത് ചെയ്യുമ്പോള്‍ അതൊരു വാര്‍ത്തയോ ട്വീറ്റോ ആയി മാറുന്നു. എന്തുകൊണ്ട്?'-മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.
Content Highlights: x user react to indian family packing breakfast in zurich hotel