'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

ഈ വര്‍ഷം ആദ്യമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിടവാങ്ങിയത്. തായ്‌ലന്റിലെ കോ സാമുയിയിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും തായ്‌ലന്റ് പോലീസ് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ വോണുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 51-കാരി ജീന സ്റ്റിയുവാര്‍ട്ട്. ലോകത്തെ ഏറ്റവും ഹോട്ട് ആയ മുത്തശ്ശി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ജീന.
'വോണുമായി എനിക്ക് രഹസ്യബന്ധമാണുണ്ടായിരുന്നത്. ഞാന്‍ വോണുമായി ഡേറ്റിങ്ങിലായിരുന്നു. അദ്ദേഹം തന്നെയാണ് അത് രഹസ്യമാക്കിവെയ്ക്കാന്‍ പറഞ്ഞത്. എന്റെ സുഹൃത്തും വിശ്വസ്തനുമായിരുന്നു വോണ്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ തകര്‍ന്നിരിക്കുകയാണ്', ഡെയ്‌ലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ജീന പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ മെസ്സേജുകള്‍ വഴിയാണ് വോണിനെ പരിചയപ്പെട്ടതെന്നും 2018-ല്‍ ഗോള്‍ഡ് കോസ്റ്റിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ചയെന്നും ജീന വ്യക്തമാക്കുന്നു.
'ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ ഗോള്‍ഡ് കോസ്റ്റില്‍ പോയി കണ്ടു. ആ രാത്രി മുഴുവന്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാന്‍ വളരെ രസകരമായിരുന്നു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും ക്രിക്കറ്റ് താരത്തിലേക്കുള്ള വളര്‍ച്ചയുമെല്ലാം അദ്ദേഹം എന്നോട് സംസാരിച്ചു. ഞങ്ങള്‍ വളരെയധികം അടുത്തു. ഞങ്ങളുടെ ബന്ധം പരസ്യമാക്കാതെ സൂക്ഷിക്കാമെന്നും ഞാന്‍ വോണിന് വാക്കുകൊടുത്തു.
ഇതോടെ പാപ്പരാസികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചായിരുന്നു യാത്രകളെല്ലാം. ഗോള്‍ഡ് കോസ്റ്റിലെ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങള്‍ മെല്‍ബണില്‍വെച്ചും കണ്ടുമുട്ടി', ജീന പറയുന്നു. തായ്‌ലന്റില്‍ പോകുന്നതിന് മുമ്പും വോണുമായി സംസാരിച്ചിരുന്നെന്നും ജീന അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Content Highlights: worlds hottest grandma jina stewert claims she was dating shane warne before his death