അക്ഷരങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പെൺകരുത്ത്; ഇവരാണ് പയ്യന്നൂരിലെ ന്യൂസ് പേപ്പർ ലേഡീസ്

പയ്യന്നൂർ: ഇന്ദുലേഖ പത്രവുമായി നടത്തം തുടങ്ങിയിട്ട് അഞ്ചുവർഷമായി. മഴയത്ത് കുട, തെരുവുനായകൾക്കുമുന്നിൽ വടി. ഇതുവരെ പത്രവുമായുള്ള യാത്ര മുടക്കിയിട്ടില്ല. രാവിലെ 5.45-ന് ഇറങ്ങും. തട്ടാർകടവ് റോഡ്, പടിഞ്ഞാറേക്കരയിലെ വീടുകളിൽ മാതൃഭൂമി പത്രം നൽകി വരുമ്പോൾ ഒന്നരമണിക്കൂർ. ദിവസം ഒൻപത് കിലോമീറ്റർ സഞ്ചാരം.
മാസത്തിൽ ആദ്യ 15 ദിവസം വൈകിട്ട് പിന്നെയും ഒരു യാത്രയുണ്ട്. കളക്ഷൻ പിരിക്കാൻ. കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചുമുള്ള ഒരു നടത്തമാണിതെന്ന് ഇന്ദുലേഖ പറഞ്ഞു. ഭർത്താവ് പി.സി.പ്രദീപ്കുമാറിനാണ് മാതൃഭൂമി പത്രത്തിന്റെ ഏജൻസി. 300 പത്രമുണ്ട്. മകൻ നവനീതും സഹായിക്കുന്നു. പത്രവിതരണത്തിന് പിള്ളേരെ കിട്ടാൻ പ്രയാസമാണ്. വന്നാൽത്തന്നെ കുറച്ചുദിവസം. എങ്കിലും പത്രവുമായുള്ള നടത്തത്തിൽ ഇന്ദുലേഖ ഹാപ്പിയാണ്.
വി.കെ.ഷർമിള 15 വർഷമായി പത്രവിതരണത്തിലുണ്ട്. മാതൃഭൂമിയുടെ വെള്ളൂർ ബാങ്ക് ജങ്ഷൻ ഏജന്റാണ്. ദിവസം 250 പത്രം ഷർമിള വിതരണം ചെയ്യും. ഭർത്താവ് വി.ടി.വി.നാരായണനും മകൻ അഭിനവും സഹായിക്കുന്നു. പത്രം കൊടുക്കാൻ ആളെ കിട്ടാത്തപ്പോഴാണ് ഷർമിള ഇറങ്ങിയത്. മുൻപ് നടത്തമായിരുന്നെങ്കിൽ ഇപ്പോൾ സ്കൂട്ടറിലാണ് പോക്ക്. രാവിലെ അഞ്ചിന് ഇറങ്ങും. നൽകി വീട്ടിലെത്തുമ്പോൾ ഏഴുമണി കഴിയും. ശനി, ഞായർ ദിവസങ്ങളിലാണ് കളക്ഷൻ പിരിവ്.
Content Highlights: In Payyanur, Indulekha and Sharmila have been leading newspaper distribution for years. Overcoming challenges like rain and stray dogs, these women ensure timely delivery of news, covering several kilometers daily to serve their community.