'നിങ്ങളുടെ മകനെ എനിക്ക് വിവാഹം കഴിപ്പിച്ച് തരുമോ?'; ഇന്ത്യക്കാരനായ ഡ്രൈവറോട് വിദേശ യുവതി

യുവതി ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: TikTok/@leiacoral
യുവതി ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: TikTok/@leiacoral

ഇന്ത്യക്കാരനായ ക്യാബ് ഡ്രൈവറുടെ ആതിഥ്യ മര്യാദയും ഊഷ്മളതയും എടുത്തുകാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിദേശിയായ യുവതി. ഊബര്‍ കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് ഡ്രൈവറില്‍ നിന്നുണ്ടായ അനുഭവമാണ് യുവതി പങ്കുവെച്ചത്. @leiacoral_ എന്ന ഉപയോക്താവാണ് ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

'ഞാനെന്റെ ഊബര്‍ ഡ്രൈവറുടെ വീട്ടില്‍ ഒരു ഇന്ത്യന്‍ വിരുന്നിന് പോകുകയാണ്, ഒരുപക്ഷേ അദ്ദേഹത്തിന്റെ മകന്‍ എന്റെ ഭാവി ഭര്‍ത്താവായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് യുവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. വീഡിയോയില്‍ ഡ്രൈവര്‍ യുവതിയെ തന്റെ വീട്ടിലേക്ക് വിരുന്നിന് സ്‌നേഹത്തോടെ ക്ഷണിക്കുന്നത് കാണാം. വളരെ സന്തോഷത്തോടെ യുവതി 'വിരുന്നില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ട്' എന്ന് ഡ്രൈവറോട് പറയുന്നുമുണ്ട്. 'അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മകനെ എനിക്ക് വിവാഹം കഴിപ്പിച്ചു തരാമല്ലോ' എന്നും യുവതി തമാശയായി ചോദിക്കുന്നുണ്ട്. 'അതിന് ഒരു പ്രശ്‌നവുമില്ല' എന്നാണ് ഡ്രൈവര്‍ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്.

ഈ സംഭാഷണത്തെ കൂടുതല്‍ മനോഹരമാക്കുന്നത് ഡ്രൈവറുടെ സ്‌നേഹത്തോടെയുള്ള പ്രവൃത്തികളാണ്. ഇഷ്ടവിഭവങ്ങള്‍ എഴുതി നല്‍കാനായി അദ്ദേഹം ആ സ്ത്രീക്ക് ഒരു നോട്ട്പാഡ് നല്‍കുന്നുണ്ട്. 'ഇതില്‍ എല്ലാം എഴുതിത്തരൂ, എനിക്ക് എന്റെ ഭാര്യയോട് പറയാമല്ലോ' എന്നും അദ്ദേഹം യുവതിയോട് പറയുന്നുണ്ട്. ഇത് കണ്ട് 'നിങ്ങള്‍ എത്ര അടിപൊളിയായ മനുഷ്യനാണ്' എന്ന് യുവതി ആശ്ചര്യത്തോട് പറയുന്നതും വീഡിയോയിലുണ്ട്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'വളരെ മനോഹരമായിരിക്കുന്നു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന് ഉറപ്പാണ്'- ഒരു ഉപയോക്താവ് കുറിച്ചു. 'ഇതിന്റെ ബാക്കി കൂടി അറിയണമെന്നുണ്ടായിരുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്.

'എന്റെ ഊബര്‍ ഡ്രൈവര്‍ എന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിക്കാന്‍ ആത്മാര്‍ത്ഥമായി ക്ഷണിച്ചിരുന്നു. പക്ഷേ പോകാതിരുന്നതില്‍ എനിക്കിപ്പോള്‍ ഖേദമുണ്ട്.' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

Content Highlights: womans wholesome exchange with Indian cab driver