'ആ മറുപടി വായിച്ച് ഞാൻ നടുങ്ങി'; ഗർഭിണിയായിരിക്കെ ചാറ്റ് ജിപിടി ജീവൻ രക്ഷിച്ച കഥ പങ്കുവെച്ച് യുവതി

നതാലിയ ടാരിയാന്‍ | Photos: instagram
നതാലിയ ടാരിയാന്‍ | Photos: instagram

കേവലം കൗതുകത്തിനപ്പുറം എഐ ടൂളുകള്‍ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ സെര്‍ച്ചിനേക്കാള്‍ കൃത്യതയോടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന എഐ ചാറ്റ് ബോട്ടുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ജോലിയുടെ ഭാഗമായും മറ്റുമാണ് പ്രധാനമായി ആളുകള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എഐ ചാറ്റ് ബോട്ടുകളിലെ പ്രധാനിയായ ചാറ്റ് ജിപിടി ജീവന്‍ രക്ഷിച്ച കഥയാണ് യുഎസ് സ്വദേശിയായ യുവതിക്ക് പറയാനുള്ളത്. 
 
യുഎസ്സിലെ നോര്‍ത്ത് കരോലിന സ്‌റ്റേറ്റില്‍ നിന്നുള്ള യുവതിയാണ് നതാലിയ ടാരിയാന്‍. താന്‍ എട്ടുമാസം ഗര്‍ഭിണിയായിരിക്കെ ഉണ്ടായ അനുഭവമാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നതാലിയയുടെ കഥ ഉടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 

തന്റെ താടിയെല്ലില്‍ മുറുക്കം തോന്നുന്നത് എന്തുകൊണ്ടാണ് എന്ന് നതാലിയ ചാറ്റ് ജിപിടിയോട് വെറുതേ ചോദിച്ചതാണ് സംഭവത്തിന്റെ തുടക്കം. അത്ര ഗൗരവമുള്ള സംഗതിയൊന്നുമാകില്ല എന്നായിരുന്നു നതാലിയയുടെ മനസില്‍ അപ്പോള്‍. എന്നാല്‍ ചാറ്റ് ജിപിടിയുടെ മറുപടി അവരെ അക്ഷരാര്‍ഥത്തില്‍ നടുക്കി. 

രക്തസമ്മര്‍ദ്ദം പരിശോധിക്കാനാണ് ചാറ്റ് ജിപിടി നിര്‍ദേശിച്ചത്. രക്തസമ്മര്‍ദം കുറയുമെന്നാണ് കരുതിയതെങ്കിലും അത് അപകടകരമാംവിധം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിക്കാനാണ് ചാറ്റ് ജിപിടി അടുത്തതായി നിര്‍ദേശിച്ചത്. 

ആശുപത്രിയിലെത്തിയപ്പോഴേക്കും നതായിയയുടെ രക്തസമ്മര്‍ദം 200/146 എന്ന അപകടകരമായ നിലയിലെത്തിയിരുന്നു. യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. ഇതോടെ അടിയന്തരമായി അവര്‍ സി-സെക്ഷന്‍ അഥവാ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. 

'എന്റെ കുഞ്ഞ് സുരക്ഷിതനായി പിറന്നുവീണു. ഇപ്പോള്‍ ഞാനും സുരക്ഷിതയാണ്. ആ രാത്രി ഞാന്‍ ഉറങ്ങാന്‍ പോയിരുന്നെങ്കില്‍... പിന്നീട് ഉണരില്ലായിരുന്നു.' -നതാലിയ കുറിച്ചു. പ്രസവത്തിനുശേഷം അഞ്ചുദിവസത്തേക്ക് നതാലിയയുടെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. ഒരുസമയം അവരുടെ കാഴ്ച താത്കാലികമായി നഷ്ടപ്പെട്ട അവസ്ഥ വരെയുണ്ടായി. ഇതിനുശേഷമാണ് നതാലിയയുടെ ആരോഗ്യം സാധാരണനിലയിലായത്. തന്റെയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച ചാറ്റ് ജിപിടിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നതാലിയ പോസ്റ്റ് അവസാനിപ്പിച്ചത്. 

(ശ്രദ്ധിക്കുക: ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ് ബോട്ടുകളെ പൂർണമായി ആശ്രയിക്കരുത്)

Content Highlights: US Woman Says ChatGPT Saved Her Life After Spotting Dangerous Symptoms