ട്രെയിനർക്ക് ഒരു രൂപ പോലും കൊടുത്തില്ല, ജിമ്മിലും പോയില്ല; ChatGPTയുടെ സഹായത്തോടെ 5kg കുറച്ച് യുവതി

അഞ്ജനി ഭോജ്/ അഞ്ജനി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ anjani bhoj
അഞ്ജനി ഭോജ്/ അഞ്ജനി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ anjani bhoj

ചാറ്റ് ജിപിടിയുടെ സഹായത്തോടെ 40 ദിവസത്തിനുള്ളില്‍ അഞ്ച് കിലോ ഭാരം കുറച്ചതിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്റര്‍. ചാറ്റ് ജിപിടി തയ്യാറാക്കിയ വ്യക്തിഗത ഫിറ്റ്‌നസ്, പോഷകാഹാര പ്ലാനിന്റെ സഹായത്തോടെയാണ് ഒരു രൂപ പോലും ചെലഴിക്കാതെ ഭാരം കുറച്ചതെന്ന് യുവതി ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു. 

അഞ്ജനി ഭോജ് എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഭക്ഷണ ക്രമത്തിന്റേയും വ്യായാമ സെഷനുകളുടേയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എനിക്ക് പിസിഒഎസ് ഉണ്ട്. ഗ്യാസ് മൂലം വയറ് വീര്‍ക്കുക, ആഹാരത്തിനോടുള്ള ആസക്തി, ഊര്‍ജ്ജക്കുറവ്, കൊഴുപ്പ് എന്നിവയെല്ലാം ഉണ്ട്. എന്നാല്‍ ഇത്തവണ ചാറ്റ്ജിപിടിക്ക് ഒരു പദ്ധതിയുണ്ടായിരുന്നു - ഒരു യഥാര്‍ത്ഥ പദ്ധതി.'-അഞ്ജനി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 

തന്റെ ശരീരത്തിനും ഭക്ഷണ ആവശ്യങ്ങള്‍ക്കും ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു ദിനചര്യ രൂപീകരിക്കാന്‍ എഐ ചാറ്റ്‌ബോട്ട് എങ്ങനെ സഹായിച്ചുവെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. 'ഞാനൊരു വ്യായാമം പോലും മുടക്കിയില്ല, ഭക്ഷണക്രമം കൃത്യമായി പാലിച്ചു,' അവര്‍ പറയുന്നു. മടിയുള്ള ദിവസങ്ങളിലും വ്യായാമം ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ കുറുക്കുവഴികളൊന്നും ഉപയോഗിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) രോഗനിര്‍ണയവും ഭക്ഷണ നിയന്ത്രണങ്ങളും പരിഗണിച്ചുള്ളതായിരുന്നു ചാറ്റ്ജിപിയുണ്ടാക്കിയ പ്ലാനെന്നും അഞ്ജനി പറയുന്നു. പാല്‍ ഉത്പന്നങ്ങളും ഗ്ലൂട്ടനും ഒഴിവാക്കി മുട്ട, ചിക്കന്‍, ബേസില്‍ സീഡ്‌സ്, സാലഡുകള്‍, വേ പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തി. 'അഞ്ച് കിലോ കുറഞ്ഞെന്ന് മാത്രമല്ല, അതിനേക്കാള്‍ വലിയ ചില കാര്യങ്ങള്‍ ഞാന്‍ നേടി. എന്റെ ജീവിതത്തില്‍ അച്ചടക്കം വന്നു. ആത്മവിശ്വാസം കൂടി'-യുവതി പറയുന്നു. 

ഭോജ് ഉപയോഗിച്ച ചാറ്റ്ജിപിടി നിര്‍ദ്ദേശം തന്റെ പോസ്റ്റില്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട്. 'ഹായ് ചാറ്റ്ജിപിടി, ഞാന്‍ (നിങ്ങളുടെ പേര്), (നിങ്ങളുടെ പ്രായം), (ഉയരം), (ഭാരം), എനിക്ക് പിസിഒഎസ് ഉണ്ട് (നിയന്ത്രിതം), ഇല്ലെങ്കില്‍ ഈ ഘട്ടം ഒഴിവാക്കുക. എനിക്ക് കൊഴുപ്പ് കുറയ്ക്കുകയും ലീന്‍ മസില്‍ ഉണ്ടാക്കുകയും വേണം. ഞാന്‍ ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ചെയ്യുന്നു. എനിക്കൊരു ആഴ്ചയിലെ വ്യായാമവും ഭക്ഷണക്രമവും നല്‍കുക. ഞാന്‍ ചിക്കന്‍, മുട്ട, ബേസില്‍ സീഡ്‌സ്, സാലഡുകള്‍, വേ പ്രോട്ടീന്‍ എന്നിവ കഴിക്കും. ഞാന്‍ പാല്‍ ഉത്പന്നങ്ങളും ഗ്ലൂട്ടനും ഒഴിവാക്കും. (നിങ്ങളുടെ ഭക്ഷണ മുന്‍ഗണനയെ അടിസ്ഥാനമാക്കി)'-ഇതാണ് അഞ്ജനി  പ്രോപ്റ്റ് ആയി നല്‍കിയത്. 

ഇതിന് താഴെ ഒട്ടേറെപ്പേര്‍ എഐ ഒരു സൗജന്യ ഫിറ്റ്‌നസ് ടൂളായി ഉപയോഗിക്കുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് എഴുതി. പ്രത്യേകിച്ച് പിസിഒഎസ് പോലുള്ള ഹോര്‍മോണ്‍ സംബന്ധമായ അവസ്ഥകളുള്ള സ്ത്രീകള്‍ക്ക്. അഞ്ജനി ഭാരം കുറയ്ക്കാനുള്ള ദിനചര്യ അതീവ അര്‍പ്പണബോധത്തോടെ പിന്തുടര്‍ന്നതും ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു.

അഞ്ജനി ഭോജ് തന്റെ പോസ്റ്റ് ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലോടെയാണ് അവസാനിപ്പിക്കുന്നത്. ഇപ്പോള്‍ ചാറ്റ്ജിപിടിയോട് ചോദിക്കുകയും പ്ലാന്‍ തുടങ്ങുകയും ചെയ്യുക. എന്നാല്‍ അതിന് മുമ്പ് ഗവേഷണം നടത്തണം. എല്ലാത്തിലുമുപരി ഇത് നിങ്ങളുടെ ശരീരമാണെന്നും അതിനെക്കുറിച്ച് നിങ്ങള്‍ വ്യക്തമായ ബോധമുണ്ടാകണമെന്നും അവര്‍ കുറിച്ചു. 

Content Highlights: woman shares ChatGPT prompt behind her 5 kg weight loss in 40 days