ശമ്പളം അഞ്ച് ലക്ഷം, ആഡംബര ജീവിതം, എന്നിട്ടും ജോലി ഉപേക്ഷിച്ചു; വീഡിയോ പങ്കുവെച്ച് യുവതി

യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ theog_girl_
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ theog_girl_

ഉയർന്ന ശമ്പളമുള്ള ജോലി ഏതൊരാളുടേയും സ്വപ്‌നമായിരിക്കും. ആ പണം കൊണ്ട് ജീവിതം മികച്ചതാക്കുമെന്നും അവർ കരുതും. എന്നാൽ അഞ്ച് ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പുതിയൊരു ജീവിതം തിരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു യുവതി.

കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ജോയിത എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഓരോ മാസവും അഞ്ച് ലക്ഷം രൂപ കിട്ടുന്നുണ്ടെങ്കിലും സ്വർണക്കൂട്ടിൽ അകപ്പെട്ട അവസ്ഥയാണെന്ന് അവർ പറയുന്നു. ശമ്പളത്തോടൊപ്പം ബോണസായി വരുന്നത് അമിതജോലിഭാരവും സമ്മർദവുമാണെന്നും ജോയിത വ്യക്തമാക്കുന്നു.

'ഉയർന്ന ശമ്പളം ലഭിക്കുമ്പോൾ സ്വാഭാവികമായും ജീവിതരീതിയും മാറ്റം വരും. ഇത് പിന്നീട് ആ ജോലി ഉപേക്ഷിക്കാൻ കഴിയാത്തവിധം കെണിയിൽ നമ്മളെ കുടുക്കിയിടും. കുടുംബത്തിൽനിന്നും കുഞ്ഞിൽനിന്നുപോലും ഞാൻ അകന്നുപോയി. പ്രൊമോഷന് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായി മാറി. പദവികൾക്കും പണത്തിനും അപ്പുറം ഞാൻ ആരാണെന്ന് കണ്ടെത്താനാണ് ഈ ജോലി ഉപേക്ഷിച്ചത്.'-യുവതി പറയുന്നു.

എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് താൻ ജോലി രാജിവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇഎംഐകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. ഫുൾടൈം ജോലിക്ക് പകരം ഫ്രാക്ഷണൽ സി.എം.ഒ ആയിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചില പ്രൊജക്റ്റുകളുടെ ഭാഗമായിട്ടുള്ള ജോലിയാണിത്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ധീരമായ തീരുമാനമാണെന്നും പലർക്കും അങ്ങനെയൊരു തീരുമാനത്തിൽ എത്താനാകില്ലെന്നും ചിലർ കുറിച്ചു. പണത്തേക്കാൾ സമാധാനത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നവർ ഇത്തരം തീരുമാനമെടുക്കുമെന്നും കമന്റുകളുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Joyeeta (@theog_girl__)

Content Highlights: The trap of high-paying corporate jobs and lifestyle inflation., Impact of excessive work stress on family and personal life., Financial planning before quitting.