സ്‌കൂൾ കുട്ടികളായ പെൺമക്കളിൽ നിന്ന് വീട്ടുവാടക, തന്നില്ലെങ്കിൽ 'കടുത്ത നടപടി'; വ്യത്യസ്തയായ ഒരമ്മ

ജോലി കിട്ടി സ്വന്തം കാലില്‍ നില്‍ക്കുന്നതുവരെ മക്കളുടെ എല്ലാ ചെലവുകളും വഹിക്കുന്ന അമ്മമാരാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ ഇവിടെയിതാ അതില്‍ നിന്ന് വ്യത്യസ്തയായിരിക്കുകയാണ് ഒരമ്മ. സ്‌കൂള്‍ വിദ്യാര്‍ഥികളായ തന്റെ പെണ്‍മക്കളില്‍ നിന്ന് വീട്ടുവാടക ഈടാക്കാറുണ്ടെന്നാണ് യുഎസ്സില്‍ നിന്നുള്ള താജ അഷാക എന്ന യുവതി പറയുന്നത്. ഇക്കാര്യം പറയുന്ന താജയുടെ ടിക്ടോക് വീഡിയോ ഇതിനകം വൈറലായി.
ആഴ്ചയില്‍ അഞ്ച് ഡോളറാണ് പെണ്‍മക്കള്‍ വീട്ടുവാടകയായി നല്‍കേണ്ടത്. ഇതിനുപുറമെ യൂട്ടിലിറ്റി ഫീസായി അഞ്ച് ഡോളര്‍ കൂടി നല്‍കണം. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയാണ് വാടക നല്‍കാനുള്ള അവസാന സമയം. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രത്യാഘാതമുണ്ടാകും. വാടക നല്‍കുന്ന സമയം 09:01 ആയാല്‍ ആദ്യ നോട്ടീസായി അടുത്ത 24 മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. കൂടാതെ ഒരു ഡോളര്‍ അധികമായി നല്‍കുകയും വേണമെന്നും താജ പറയുന്നു.
രണ്ടാമത്തെ നോട്ടീസ് പ്രകാരം മൂന്നുദിവസം ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനുള്ള ലേറ്റ് ഫീസ് അഞ്ച് ഡോളറാണ്. അടുത്ത നടപടി കുറച്ച് കടന്ന കയ്യാണ്. മൂന്നാമത്തെ നോട്ടീസില്‍ ലേറ്റ് ഫീസായി പത്ത് ഡോളര്‍ അടയ്ക്കുന്നതിനൊപ്പം പുറത്താക്കപ്പെടുകയും ചെയ്യും. പക്ഷേ വീട്ടില്‍ നിന്നല്ല, അവരവരുടെ മുറിയില്‍ നിന്നാണ് പുറത്താക്കപ്പെടുക. ഹാളിലാണ് പിന്നീട് കിടക്കേണ്ടിവരിക. ബാധ്യത മുഴുവന്‍ തീര്‍ത്താല്‍ മാത്രമേ സ്വന്തം മുറിയും സ്വകാര്യതയും തിരികെ കിട്ടൂ.
ഈ ചെറിയ പെണ്‍കുട്ടികള്‍ എങ്ങനെ ഇത്രയും തുക നല്‍കുമെന്ന ആശങ്ക വേണ്ടതില്ല. കാരണം താജ അഷാകയുടെ ബിസിനസ് ലാഭത്തില്‍ നിന്ന് ഒരു നിശ്ചിത തുക എല്ലാ ആഴ്ചയും പെണ്‍മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. താജയും ഭര്‍ത്താവും പെണ്‍മക്കളുടെ മുറികള്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് പോലെയാണ് ക്രമീകരിച്ചത്. പ്രത്യേകം ഡോര്‍ബെല്‍, ചവിട്ടി, മെയില്‍ ബോക്‌സ് എന്നിവയെല്ലാമുണ്ട്. മുറി വൃത്തിയാക്കുന്ന കാര്യം നോട്ടുകളിലൂടെ അമ്മ മക്കളെ ഓര്‍മ്മിപ്പിക്കും.
താജ ചെയ്യുന്നത് വിഡ്ഡിത്തമാണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മക്കളെ പഠിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്നാണ് മറുപക്ഷം പറയുന്നത്. വലിയ ജീവിതപാഠമാണ് ഇതെന്നാണ് പലരുടേയും അഭിപ്രായം.
Content Highlights: Mom make her daughters pay rent weekly, they have to face consequences if they fail to pay