'അതെല്ലാം കണ്ടപ്പോള്‍ മോശമായി തോന്നി'-ഭാര്യക്കെതിരായ ട്രോളുകളെ കുറിച്ച് പഠാന്‍

ഇര്‍ഫാന്‍ പഠാനും സഫ ബെയ്ഗും | Photo: instagram/ safamirza
ഇര്‍ഫാന്‍ പഠാനും സഫ ബെയ്ഗും | Photo: instagram/ safamirza

ഭാര്യ സഫ ബെയ്ഗ് നേരിട്ട ട്രോളുകളേയും പരിഹാസങ്ങളേയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഭാര്യയുടെ മുഖം മറച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്റെ കാരണവും നെയ്ല്‍ പോളിഷ് ഇട്ടതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതും ഇര്‍ഫാന്‍ പഠാന്‍ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സഫയ്ക്കെതിരേയുള്ള കമന്റുകള്‍ വളരെ മോശമായി തോന്നിയെന്നും എപ്പോഴും ജീവിതത്തില്‍ വളരേയധികം സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും പഠാന്‍ വ്യക്തമാക്കി. നമ്മുടെ സന്തോഷങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കരുതെന്നാണ് താന്‍ കരുതുന്നതെന്നും തന്റെ വീടിനെ നയിക്കുന്നത് ഭാര്യയാണെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു.

'അതെല്ലാം കണ്ടപ്പോള്‍ വളരേയധികം മോശമായി തോന്നി. ഭാര്യയാണ് ഞങ്ങളുടെ വീടിനെ നയിക്കുന്നത്. അതിന് മുമ്പ് അമ്മയായിരുന്നു. അതിനാല്‍ അവരെ കുറിച്ച് ആരെങ്കിലും മോശമായി പറയുന്നത് ശരിയായി തോന്നിയിരുന്നില്ല. തെറ്റായ രീതിയിലുള്ള ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ആദ്യം ഭാര്യയ്ക്ക് വിഷമം തോന്നിയിരുന്നു. കമന്റുകളൊന്നും വായിക്കാതിരിക്കുക എന്നതാണ് എന്റെ നയം'-പഠാന്‍ പറയുന്നു. 

'ഞാന്‍ മിക്ക ദിവസവും എന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഒരു പൊതു വ്യക്തിയാണെങ്കിലും, ഞാന്‍ വളരെ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണ്. നമ്മുടെ യഥാര്‍ഥ സന്തോഷം പരസ്യമായി പ്രകടിപ്പിക്കരുതെന്ന് എനിക്ക് തോന്നുന്നു. എല്ലാവര്‍ക്കും അവരുടെ കുട്ടികളെ വളരെ സുന്ദരന്മാരായി തോന്നും. എനിക്കും അങ്ങനെതന്നെ. എന്റെ മകന്‍ സുലൈമാന്‍, ചുരുണ്ട മുടിയും ഇളം നിറമുള്ള കണ്ണുകളുമുള്ളവനാണ്. അവനാണ് ഏറ്റവും സുന്ദരനെന്നാണ് എനിക്ക് തോന്നുന്നത്. മറ്റൊരു മകന്‍ ഇമ്രാന്റെ പെരുമാറ്റം വളരെ നല്ലതാണ്. എന്റെ ഭാര്യയെ സുന്ദരിയാക്കുന്നത് അവരുടെ രൂപം മാത്രമല്ല, അവരുടെ സ്വഭാവം കൂടിയാണ്.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: wife trolled for blurred photos irfan pathan speaks out