പലരും ചോദിക്കുന്നു 'എന്തിന് കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ?'; മറുപടിയുമായി കാനഡക്കാരൻ കാലേബ് ഫ്രീസൻ

പുറത്തേക്ക് ജോലി നോക്കുന്നില്ലേ എന്ന ചോദ്യം കേൾക്കാത്ത നാട്ടിൽ ജീവിക്കാൻ തീരുമാനിച്ച യുവാക്കളും യുവതികളും കുറവായിരിക്കും. വിദേശ രാജ്യത്തു നിന്ന് ഇന്ത്യയിൽ താമസിക്കാൻ വന്നവരും പലരുടേയും ചോദ്യങ്ങൾ കേട്ടിട്ടുണ്ടാകാം. കഴിഞ്ഞ എട്ടു വർഷമായി ബെംഗളൂരുവിനെ സ്വന്തം വീടായി കാണുന്ന കനേഡിയൻ യുവാവിനുണ്ടായതും സമാന അനുഭവമാണ്.
കാലേബ് ഫ്രീസൻ എന്ന യുവാവ്, എന്തിനാണ് താൻ ഇന്ത്യയിൽ തന്നെ തുടരുന്നത് എന്നതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബെംഗളൂരുവിലെ പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബോധവൽക്കരണ വീഡിയോകൾ ചെയ്യുന്നതിലൂടെ ഫ്രീസൻ നേരത്തെ തന്നെ ശ്രദ്ധേയനായിരുന്നു.
താൻ ഇന്ത്യയിൽ താമസിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് പലരും സംശയത്തോടെയാണ് ചോദിക്കാറുള്ളതെന്ന് ഫ്രീസൻ പറയുന്നു. ഇതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് കരുതുന്നവരോട് ലളിതമായ മറുപടിയാണ് അദ്ദേഹത്തിനുള്ളത്.
‘പലരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. വിനോദസഞ്ചാരത്തിന് ഇന്ത്യയിൽ വരുന്നതോ, ജോലി സംബന്ധമായി ഏതാനും വർഷം ഇവിടെ താമസിക്കുന്നതോ ആളുകൾക്ക് മനസ്സിലാക്കാം. എന്നാൽ ഒരു സാധാരണക്കാരനായി എട്ട് വർഷത്തിലേറെയായി ഇവിടെ ജീവിക്കുന്നു എന്ന് പറയുമ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ പ്രയാസമാണ്’- ഫ്രീസൻ പങ്കുവെക്കുന്നു.
ചില ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തോടുള്ള ഒരുതരം പുച്ഛമാണ് ഇതിന് കാരണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ തനിക്ക് അത്തരം മുൻവിധികളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ആ ബാഗേജ് ഞാൻ ചുമക്കുന്നില്ല. ഞാൻ ഇവിടെ ജനിച്ചു വളർന്നവനല്ല. അതുകൊണ്ട് തന്നെ ഇന്ത്യയെക്കുറിച്ചുള്ള മുൻവിധികളൊന്നും എനിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്താണോ അത് ഞാൻ സ്വീകരിക്കുന്നു. എല്ലാ രാജ്യങ്ങൾക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. കാനഡയ്ക്കും അമേരിക്കയ്ക്കും യുകെയ്ക്കുമെല്ലാം അതുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലെ കുഴികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു: ‘ഇന്ത്യയിലെ കുഴികൾ നിറഞ്ഞ റോഡിനോട് എനിക്ക് തോന്നുന്ന അതേ ദേഷ്യം തന്നെയാണ് ഒരു ചെറിയ വിള്ളൽ കാണുമ്പോൾ ഒരു ഡച്ച് പൗരനും തോന്നുന്നത്. ഓരോ സ്ഥലത്തെയും മോശം കാര്യങ്ങൾ അവിടുത്തെ മനുഷ്യർക്ക് ഒരുപോലെയാണ്’.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് സന്തോഷം ഇല്ലാതാക്കുമെന്നും, എവിടെയാണോ ജീവിക്കുന്നത് അവിടെ പോസിറ്റീവ് ആയി ഇരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചാണ് പലരും വീഡിയോയ്ക്ക് പ്രതികരണമായെത്തിയത്. ‘27 വർഷത്തെ പ്രവാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ എനിക്കും ഇത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാൻ ഇവിടുത്തെ ജീവിതം ഇഷ്ടപ്പെടുന്നു’- ഒരാൾ കമൻ്റ് ചെയ്തു.
‘ഞാനൊരു കനേഡിയൻ പൗരനാണ്, കഴിഞ്ഞ 20 വർഷത്തിനിടെ പത്തു വർഷത്തോളം ഞാൻ ഇന്ത്യയിൽ ചെലവഴിച്ചു. ഇപ്പോൾ ജയ്പൂരിലാണ് താമസം. ഇവിടുത്തെ സംസ്കാരവും ആളുകളും എനിക്ക് പ്രിയപ്പെട്ടതാണ്’- മറ്റൊരു വിദേശി കുറിച്ചു.
Content Highlights: A Canadian man, Caleb Friesen, explains his decision to live in Bengaluru for over eight years.