'അന്ന് മദ്യം വിളമ്പുന്നതില്‍ നിന്ന് സല്‍മാന്‍ ഖാനെ ഋഷി കപൂര്‍ തടഞ്ഞു';നീതു കപൂര്‍ പറയുന്നു

2006 ജനുവരി 25-നാണ് ഋഷി കപൂറിന്റേയും നീതു കപൂറിന്റേയും മകളായ റിഥിമാ കപൂറിന്റെ വിവാഹം നടന്നത്. ബോളിവുഡിലെ സെലിബ്രിറ്റികള്‍ മുഴുവന്‍ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ആ വിവാഹം. ഇപ്പോഴിതാ അന്നത്തെ രസകരമായ ഒരു സംഭവം പങ്കുവെയ്ക്കുകയാണ് നീതു കപൂര്‍.
നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യിലാണ് നീതു, സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തിയത്. അന്ന് സല്‍മാന്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിക്കൊടുക്കുകയും ഋഷി കപൂര്‍ അതില്‍ നിന്ന് സല്‍മാനെ വിലക്കുകയും ചെയ്തു. അതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു.
സല്‍മാന്‍ ഖാന്റെ അടുത്തുപോയി മദ്യം വീണ്ടും വാങ്ങാനായി അതിഥികളെല്ലാം നേരത്തെ ഗ്ലാസില്‍ വാങ്ങിയ മദ്യം പുറത്തേക്ക് ഒഴിച്ചുകളഞ്ഞു. ഇതോടെ ആഘേഷത്തിനായി കരുതിവെച്ചിരുന്ന മദ്യമെല്ലാം നിമിഷനേരത്തിനുള്ളില്‍ തീര്‍ന്നു.
'അന്ന് മദ്യം വിളമ്പിക്കോട്ടെ എന്ന് സല്‍മാന്‍ എന്നോട് വന്ന് ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ബാര്‍ അറ്റന്‍ഡര്‍ ഞങ്ങളോട് വന്ന് പറഞ്ഞു, 'മദ്യമെല്ലാം തീരാറായി എന്ന്'. ഇതുകേട്ട് ഋഷി ജി അമ്പരന്നു. 'ഞാന്‍ ആവശ്യത്തിന് വാങ്ങിയിരുന്നല്ലോ, പിന്നെ എങ്ങനെ ഇത്ര പെട്ടെന്ന് തീര്‍ന്നുപോയി' എന്ന് അദ്ദേഹം അയാളോട് ചോദിച്ചു.
അപ്പോഴാണ് അതിഥികളെല്ലാം മദ്യം വെറുതേ കളയുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചത്. ഗ്ലാസുമായി വീണ്ടും പോയി സല്‍മാന്‍ ഖാന്റെ അടുത്തുനിന്ന് മദ്യം വാങ്ങുന്നതും കണ്ടു. ഇതോടെ ഋഷി ജി സല്‍മാന്റെ അടുത്തെത്തി 'നിങ്ങള്‍ ദയവുചെയ്ത് മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണം' എന്ന് പറഞ്ഞു. ഇതോടെ സല്‍മാന്‍ വിളമ്പുന്നത് നിര്‍ത്തി.' -ഷോയില്‍ നീതു കപൂര്‍ വ്യക്തമാക്കുന്നു.
താന്‍ സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ തന്റെ മുറിയില്‍ ഒട്ടിച്ചുവെച്ചിരുന്നെന്നും ഷോയില്‍ റിഥിമ പറഞ്ഞു. രണ്‍ബീര്‍ കപൂറും ഇവര്‍ക്കൊപ്പം ഷോയില്‍ പങ്കെടുത്തിരുന്നു.
Content Highlights: when rishi kapoor stopped salman khan from bartending at daughters wedding