'2 മാസം കൊണ്ട് വാശിപ്പുറത്താണ് വണ്ണം കുറച്ചത്, പിന്നീട് ആമാശയം ചുരുങ്ങുന്നപോലുള്ള പ്രശ്നമുണ്ടായി'

ജിസ്മ ശരീരഭാ​രം കുറയ്ക്കുന്നതിന് മുമ്പും പിമ്പും | Photo: instagram.com/jisma_jiji_kizhakkarakattu
ജിസ്മ ശരീരഭാ​രം കുറയ്ക്കുന്നതിന് മുമ്പും പിമ്പും | Photo: instagram.com/jisma_jiji_kizhakkarakattu

രണ്ട് മാസം കൊണ്ടാണ് ശരീരഭാരം കുറച്ചതെന്നും ഒരു വാശിയുടെ പേരിലാണ് അത് ചെയ്തതെന്നും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറും നടിയുമായ ജിസ്മ വിമൽ.' നല്ല രീതിയിലുള്ള ട്രാൻസ്ഫർമേഷനായിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കുമായിരുന്നു. നന്നായി കഴിക്കുന്നത് നിർത്തി. പിന്നീട് ശാരീരികമായി കുറേ പ്രശ്നങ്ങൾ വന്നു. പെട്ടെന്ന് ചർദ്ദിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ആമാശയം ചുരുങ്ങിപ്പോകുന്ന പ്രശ്നങ്ങളൊക്കെ. പതിയെ പതിയെയാണ് അത് ശരിയായത്. ഇപ്പോൾ കൃത്യമായി ക്രമംപാലിക്കുന്നത് കൊണ്ട് പ്രശ്നമില്ല. ഇപ്പോൾ അറിയാം എത്ര, എങ്ങനെ കഴിക്കണമെന്ന്' - ജിസ്മ ഒരു അഭിമുഖത്തിൽ പറഞ്ഞു. 

വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് 2016-ലാണ് ചിന്തിച്ച് തുടങ്ങുന്നതെന്ന് നേരത്തെ, മാതൃഭൂമി ഡോട്ട് കോമിന് നൽകിയ ഒരു അഭിമുഖത്തിൽ ജിസ്മ പറ‍ഞ്ഞിരുന്നു. ഏറ്റവുമധികം വണ്ണം വച്ച സമയം കൂടിയായിരുന്നു അത്. 80 കിലോ ഭാരമുണ്ടായിരുന്നു. അതുവരെ വണ്ണം വലിയൊരു പ്രശ്നമാണെന്ന തോന്നലുകളൊന്നും ഉണ്ടായിട്ടില്ല. ഒരു ഓഡിഷനിൽ‍ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവർ പറയുന്നത് എന്നെ കാണാൻ വളരെയധികം പ്രായം തോന്നിക്കുമെന്ന്. അതായത് 22 വയസുള്ള എനിക്ക് ഒരു 32 വയസെങ്കിലും തോന്നുമെന്ന് പറയുന്നത്. ഒരു 25 കിലോയൊക്കെ കുറച്ച് വന്നാൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ് എന്നെ മടക്കി അയച്ചുവെന്നും ജിസ്മ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 
‌
ആരോ​ഗ്യം നോക്കാതെയുള്ള തടി കുറക്കലിന്റെ ഭാ​ഗമായി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നും ജിസ്മ തുറന്നു പറഞ്ഞിരുന്നു. ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞു, കണ്ണെല്ലാം കുഴിഞ്ഞു ആകെ കോലം കെട്ടു. ഡോക്ടറെ കണ്ടപ്പോഴാണ് അബദ്ധം മനസിലാവുന്നത്. അങ്ങനെയാണ് വീണ്ടും നല്ല രീതിയിലുള്ള ഡയറ്റിങ്ങും വ്യായാമവും ചെയ്ത് 52 ലേക്ക് എത്തിക്കുന്നത്. ഇപ്പോൾ എനിക്കറിയാം എനിക്കെന്തൊക്കെ കഴിക്കാം, എന്ത് കഴിച്ചാൽ തടിക്കും, എന്ത് കഴിച്ചാൽ മെലിയും എന്നെല്ലാം.- ജിസ്മ പറഞ്ഞു. 

Content Highlights: weight loss journey of jisma vimal