'ഈ ജീവിതമാണ് അവര്‍ ആഗ്രഹിച്ചത്'; ലണ്ടനില്‍ സാധാരണക്കാരെപ്പോലെ കോലിയും അനുഷ്‌കയും

വൈറല്‍ വീഡിയോയില്‍ നിന്ന്/ വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: instagram/ Virat Kohlis fan page
വൈറല്‍ വീഡിയോയില്‍ നിന്ന്/ വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: instagram/ Virat Kohlis fan page

കുടുംബവുമൊത്തുള്ള യുകെയിലെ ജീവിതം ആസ്വദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ട്വന്റി-20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചശേഷം കോലി ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മക്കളായ വാമികയ്ക്കും അകായിക്കുമൊപ്പം ലണ്ടനിലേക്ക് താമസം മാറിയിരുന്നു. 

ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള കോലിയുടേയും അനുഷ്‌കയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലണ്ടന്‍ നഗരത്തിലൂടെ സാധാരണക്കാരെപോലെ നടക്കുന്ന ഇരുവരും റോഡരികില്‍വെച്ച് ആകളുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കോലിയുടേയും അനുഷ്‌കയുടേയും യുകെയിലെ മേല്‍വിലാസം ഇതുവരെ പുറത്തുവന്നിട്ടില്ല. 

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഇത്തരമൊരു ജീവിതം ആസ്വദിക്കാനാണ് കോലി ലണ്ടനിലേക്ക് പോയതെന്നും ഇന്ത്യയില്‍ എല്ലാവരും അദ്ദേഹത്തെ തിരിച്ചറിയുന്നതിനാല്‍ സ്വകാര്യ ജീവിതം നഷ്ടപ്പെടുമെന്നും ആളുകള്‍ കുറിച്ചു. 

ആരാധകരില്‍ നിന്നും പാപ്പരാസികളില്‍ നിന്നും അകന്ന് സ്വകാര്യ ജീവിതം ആസ്വദിക്കാനാണ് ലണ്ടനിലേക്ക് മാറിയതെന്ന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുങ്ങളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും കോലി പറഞ്ഞിരുന്നു. ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് കോലി ഇന്ത്യക്കായി കളിക്കാനിറങ്ങുക. ഏകദിനത്തില്‍ നിന്ന് കൂടി വിരമിച്ചശേഷം കോലി ഡല്‍ഹി വിട്ട് യുകെയില്‍ സ്ഥിരതാമസമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


 

Content Highlights: virat kohli and anushka sharma take a stroll in london