‘ഇത് ഇങ്ങനെയൊന്നും അല്ലടാ...’; കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന അച്ഛൻ, വൈറലായി വീഡിയോ

#Lifestyle desk
സുഗന്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@drsuganyad3vi
സുഗന്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@drsuganyad3vi

ആദ്യ കൺമണിയെ കയ്യിലേക്ക് വാങ്ങുമ്പോൾ കൈകൾ വിറയ്ക്കാത്ത, പരിഭ്രമിക്കാത്ത അച്ഛന്മാർ കുറവായിരിക്കും. ഈ പരിഭ്രമവും ടെൻഷനും നിറഞ്ഞ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുകയാണ്. ചെന്നൈയിൽ നിന്നുള്ള ഡോക്ടറാണ് വീഡിയോ പങ്കുവെച്ചത്. 

നവജാതശിശുവിനെ ആദ്യമായി കൈകളിലെടുക്കുന്ന, പരിഭ്രമിച്ചു നിൽക്കുന്ന അച്ഛന്റെ വീഡിയോ 19.8 കോടിയിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഡോ. സുഗന്യ ശരവണകുമാർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. കുഞ്ഞിനെ കൈമാറാൻ ഡോക്ടർ ശ്രമിക്കുമ്പോൾ, പരിഭ്രമം കാരണം  അച്ഛന്റെ കൈകൾ വിറയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഡോക്ടർ ധൈര്യം നൽകിയപ്പോൾ, കണ്ണുനിറഞ്ഞും വികാരഭരിതനായും അദ്ദേഹം കുഞ്ഞിനെ വാങ്ങുന്നതും കാണാം.പേടിച്ചുനിൽക്കുന്ന അച്ഛനോട് ശാന്തനാകാൻ ഡോക്ടർ നിർദ്ദേശിക്കുന്നതും വീഡിയോയിലുണ്ട്.

‘ഏറ്റവും ശക്തനായ വ്യക്തിയുടെ കൈകൾ പോലും കുഞ്ഞു സന്തോഷത്തെ എടുക്കുമ്പോൾ വിറയ്ക്കുന്നു. പുതിയ അതിഥി കുടുംബത്തിലേക്ക് എത്തുമ്പോൾ ഓരോ നിമിഷവും ഓർമ്മയായി മാറുകയാണ്’- എന്നാണ് വീഡിയോയ്‌ക്കൊപ്പം ഡോക്ടർ കുറിച്ചത്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമൻ്റുകളുമായെത്തിയത്.