ദീപാവലിക്ക് മധുരം ചോദിച്ചു, വീട്ടിലെത്തിയത് ഫ്രിഡ്ജും എസിയും ബിരിയാണിയും; സോഷ്യൽ മീഡിയയിൽ വൈറലായ വീരമണി ആരാണ്?

veeramani|photo:instagram.com/veeramani_official91/
veeramani|photo:instagram.com/veeramani_official91/

ദീപാവലിക്ക് കുറച്ച് മധുരപലഹാരങ്ങൾ വാങ്ങിത്തരാമോ എന്നൊരു ചോദ്യം. അതിനൊപ്പം സ്വന്തം വീട്ടുവിലാസവും ഫോൺ നമ്പറും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത്രയും ചെയ്തപ്പോൾ തമിഴ്‌നാട്ടുകാരനായ വ്‌ളോഗർ വീരമണി കരുതിയിട്ടുണ്ടാകില്ല, പിന്നാലെ സ്വന്തം വീട്ടിലേക്ക് ഫ്രിഡ്ജും എസിയും ടിവിയും അലമാരയുമൊക്കെ എത്തുമെന്ന്. അതും പണം നൽകാതെ സ്വീകരിക്കാവുന്ന സമ്മാനങ്ങളായല്ല, പണം കൊടുത്ത് വാങ്ങേണ്ട ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളായി എത്തുമെന്ന്.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ വീരമണിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ദീപാവലിക്ക് മധുരപലഹാരങ്ങൾ ആവശ്യപ്പെട്ട് പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ അജ്ഞാതർ അദ്ദേഹത്തിന്റെ വിലാസത്തിൽ നിരവധി സാധനങ്ങൾ ഓർഡർ ചെയ്തതോടെയാണ് സംഭവം തുടങ്ങിയത്. ആദ്യം തമാശയായി തോന്നിയ കാര്യം ഒടുവിൽ താമസസ്ഥലം പോലും മാറ്റേണ്ടിവന്ന അവസ്ഥയിലേക്കാണ് എത്തിയതെന്നാണ് റിപ്പോർട്ടുകൾ

പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ആരാണ് വീരമണി?

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ വീരമണി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവെക്കുന്ന വ്‌ളോഗറാണ്. 'നൻപർകളേ' എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം സാധാരണയായി വീഡിയോകൾ ആരംഭിക്കുന്നത്. സുഹൃത്തുക്കളേ എന്നാണ് ഈ തമിഴ് വാക്കിന്റെ അർഥം. സാമ്പത്തിക സഹായം അഭ്യർഥിച്ച് വീരമണി നേരത്തേ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലിക്ക് കുറച്ച് മധുരപലഹാരങ്ങൾ വാങ്ങിനൽകാൻ കഴിയുമോയെന്ന് ചോദിച്ച് മറ്റൊരു വീഡിയോ പങ്കുവെച്ചത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാനായി സ്വന്തം ഫോൺ നമ്പറും താമസിക്കുന്ന വിലാസവും അദ്ദേഹം വീഡിയോയിൽ നൽകിയിരുന്നു. എന്നാൽ ഈ വിവരങ്ങൾ മറ്റുചിലർ ദുരുപയോഗം ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

 
 
 
 
 
 
 
 
 
 
 
 
 
 
 

കേരളയാത്രയ്ക്ക് ആരാധകർ നൽകിയത് 6000 രൂപ

വീരമണിയുടെ വൈറൽ കഥ ആരംഭിക്കുന്നത് ദീപാവലി മധുരപലഹാരത്തിൽനിന്നല്ല, ഒരു കേരളയാത്രയിൽനിന്നാണ്. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കേരളയാത്രയ്ക്ക് സാമ്പത്തിക സഹായം അഭ്യർഥിച്ച് വീരമണി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥനയോട് അനുകൂലമായി പ്രതികരിച്ച ഫോളോവേഴ്‌സ് ചേർന്ന് 6000 രൂപ സമാഹരിച്ചു നൽകി. ആ പണം ഉപയോഗിച്ച് വീരമണി കേരളത്തിലെത്തി. യാത്രയുടെ വിശേഷങ്ങളും ദൃശ്യങ്ങളും റീലുകളായി പങ്കുവെക്കുകയും ചെയ്തു. ആരാധകരിൽനിന്ന് ലഭിച്ച ഈ പിന്തുണയാണ് പിന്നീട് വീണ്ടും സഹായം ചോദിക്കാൻ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയത്.

ഒരു പെട്ടി മധുരപലഹാരത്തിന് പകരം ലക്ഷങ്ങളുടെ ഓർഡറുകൾ

ദീപാവലി അടുത്തതോടെ ഒരു പെട്ടി മധുരപലഹാരം അയച്ചുതരാമോയെന്ന് ചോദിച്ചായിരുന്നു വീരമണിയുടെ അടുത്ത വീഡിയോ. മധുരയിലെ അനുബനാടി പ്രദേശത്തെ വിലാസവും ഫോൺ നമ്പറും അദ്ദേഹം പങ്കുവെച്ചു.

തുടക്കത്തിൽ ചിലർ മധുരപലഹാരങ്ങൾ അയച്ചുനൽകി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ടെലിവിഷനുകൾ, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങി വിലകൂടിയ സാധനങ്ങൾ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഇവയെല്ലാം ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളായിരുന്നു. അതായത്, സാധനം കൈപ്പറ്റുന്ന സമയത്ത് വീരമണി പണം നൽകണം. താൻ ഓർഡർ ചെയ്യാത്ത സാധനങ്ങൾക്ക് പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഡെലിവറി ജീവനക്കാരുമായുള്ള തർക്കങ്ങളും പതിവായി. 1.69 ലക്ഷം രൂപ വിലയുള്ള ടെലിവിഷന്റെ ഓർഡർ വരെ എത്തിയതായി റിപ്പോർട്ടുകളുണ്ട്.

പീരങ്കി മാത്രമല്ല, വൃക്കദാനത്തിനും പേര്

വീട്ടുപകരണങ്ങൾ ഓർഡർ ചെയ്തതുകൊണ്ടും ചിലരുടെ തമാശ അവസാനിച്ചില്ല. 70 കോടി രൂപ വിലയുള്ള സൈനിക ടാങ്കും ജെസിബിയും വീരമണിയുടെ പേരിൽ ഓർഡർ ചെയ്‌തെന്ന തരത്തിലുള്ള സ്‌ക്രീൻഷോട്ടുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഇവ യഥാർഥ ഓർഡറുകളാണെന്നതിന് സ്ഥിരീകരണമില്ല. എന്നാൽ സ്‌ക്രീൻഷോട്ടുകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ വീരമണിയുടെ ഫോൺ നമ്പർ വൃക്കദാനവുമായി ബന്ധപ്പെട്ട് ആരോ പ്രചരിപ്പിച്ചു. ഇതോടെ വൃക്ക ആവശ്യപ്പെട്ടുള്ള അന്വേഷണങ്ങളും ഫോൺ കോളുകളും അദ്ദേഹത്തെ തേടിയെത്തി. വിവാഹാലോചനാ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിന്റെ വിവരങ്ങൾ ഉപയോഗിച്ചതായി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

കാലുപിടിക്കാം, ദയവായി ഓർഡർ ചെയ്യരുത്'

തുടർച്ചയായി ഓർഡറുകൾ എത്തിയതോടെ വീരമണി വീണ്ടും വീഡിയോയുമായി രംഗത്തെത്തി. അരമണിക്കൂറിനിടെ 15 ഓർഡറുകൾ വരെ എത്തിയെന്നും ഇത്രയും സാധനങ്ങൾ വാങ്ങാൻ തന്റെ കൈയിൽ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഡെലിവറി ജീവനക്കാർ ദൂരസ്ഥലങ്ങളിൽനിന്നാണ് വരുന്നത്. ദയവായി ഇതൊന്ന് അവസാനിപ്പിക്കൂ,' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ഓർഡറുകൾ റദ്ദാക്കുമ്പോൾ ഡെലിവറി ജീവനക്കാരുടെ ദേഷ്യത്തിനും താൻ ഇരയാകേണ്ടിവരുന്നതായി വീരമണി പരാതിപ്പെട്ടു. ഒടുവിൽ ഇനി ആരും തന്റെ പേരിൽ സാധനങ്ങൾ ഓർഡർ ചെയ്യരുതെന്ന് അപേക്ഷിക്കുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ.

ഒടുവിൽ വീടുവിട്ട് പോകേണ്ടിവന്നു

തുടർച്ചയായ ഫോൺ കോളുകളും ഡെലിവറികളും കാരണം വീരമണിക്ക് താമസസ്ഥലം വിട്ടുപോകേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രതിനിധികൾ അനുബനാടിയിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. നിരന്തരമായ ശല്യത്തെത്തുടർന്ന് അദ്ദേഹം താമസം മാറിയെന്ന് അയൽവാസികൾ പറഞ്ഞു. എന്നാൽ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമല്ല. വീരമണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചിരിച്ചുതള്ളാവുന്ന തമാശയല്ല

ആദ്യം രസകരമായൊരു സംഭവമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീരമണിയുടെ അനുഭവം ഇപ്പോൾ ഓൺലൈൻ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.വിലാസവും ഫോൺ നമ്പറും പരസ്യമായി പങ്കുവെച്ചത് വീരമണിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണെന്ന് ചിലർ വിമർശിക്കുന്നു. എന്നാൽ അതിന്റെ പേരിൽ ഒരാളെ നിരന്തരം ശല്യപ്പെടുത്തുന്നതും അയാളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും ന്യായീകരിക്കാനാവില്ലെന്നാണ് മറുവാദം.വീരമണി മാത്രമല്ല, ഓർഡറുകളുമായി ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന ഡെലിവറി ജീവനക്കാരും ഈ തമാശയുടെ ഇരകളാണ്. അവരുടെ സമയവും അധ്വാനവും നഷ്ടപ്പെടുന്നതിനൊപ്പം അനാവശ്യ തർക്കങ്ങളും ഉണ്ടാകുന്നു.ഒരു പെട്ടി മധുരപലഹാരം പ്രതീക്ഷിച്ച് പങ്കുവെച്ച വീഡിയോ ഒടുവിൽ സ്വന്തം വീട്ടിൽ സമാധാനമായി കഴിയാൻപോലും കഴിയാത്ത അവസ്ഥയിലേക്കാണ് വീരമണിയെ എത്തിച്ചത്. സോഷ്യൽ മീഡിയയിൽ സ്വകാര്യവിവരങ്ങൾ പങ്കുവെക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും തമാശയുടെ പേരിൽ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നതിന്റെ അപകടത്തെക്കുറിച്ചും ഓർമപ്പെടുത്തുകയാണ് ഈ സംഭവം.

Content Highlights: Tamil vlogger Veeramani asked for Deepavali sweets and shared his address online., Unknown pranksters flooded his address with expensive Cash on Delivery (COD) orders including ACs and fridges., Veeramani was forced to leave his home due to constant harassment and delivery issues., The incident highlights severe concerns regarding online privacy and the misuse of personal data.