അന്ന് ചിലങ്കമണികള്‍കൊണ്ട് തുലാഭാരം, ഇന്ന് മൃദംഗവും; കാരണം വ്യക്തമാക്കി ഉത്തര ഉണ്ണി

ഉത്തര ഉണ്ണി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം | Photo: instagram/ utthara unni
ഉത്തര ഉണ്ണി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം | Photo: instagram/ utthara unni

മകള്‍ ധീമഹിയുടെ ചോറൂണിന്റേയും തുലാഭാരത്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഉത്തര ഉണ്ണി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മൃദംഗം കൊണ്ടാണ് മകള്‍ക്ക് ഉത്തര തുലാഭാരം നടത്തിയത്. മൃദംഗം എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നതിനെ കുറിച്ചും ചോറൂണിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദമായ ഒരു കുറിപ്പും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മൃദംഗം എന്നത് താളാത്മകമാണ്. അതിനാലാണ് അത് തിരഞ്ഞെടുത്തതെന്ന് പോസ്റ്റില്‍ ഉത്തര പറയുന്നു. 'താളത്തെ അടയാളപ്പെടുത്തുന്ന സംഗീതോപകരമാണ് മൃദംഗം. ഹൃദയം മുതല്‍ ശ്വാസകോശം വരെ നമ്മുടെ ശരീരത്തിന് താളമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ഉദിച്ചുയരുന്ന സൂര്യന്‍ വ്യത്യസ്തമായ ഋതുക്കള്‍ നല്‍കുന്നതിനും ഒരു താളമുണ്ട്. അതുപോലെ സംഗീതത്തിലും നൃത്തത്തിലും താളം ഒഴിവാക്കാനാകാത്ത ഘടകമാണ്. അതുകൊണ്ടാണ് കല ദൈവികമായ അനുഗ്രഹമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നതും.'-പോസ്റ്റില്‍ ഉത്തര പറയുന്നു.

തുലാഭാരത്തിനൊപ്പം മകള്‍ക്ക് ചോറൂണും നടത്തിയതായി പോസ്റ്റില്‍ ഉത്തര പറയുന്നു. കേരളത്തില്‍ ചോറൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടങ്ങിന് ഹിമാചല്‍ പ്രദേശില്‍ ഭട്ട് കുലായി എന്നും പശ്ചിമ ബംഗാളില്‍ മുഖേബത്ത് എന്നും നേപ്പാളില്‍ പാസ്‌നി എന്നുമാണ് അറിയപ്പെടുന്നതെന്നും പോസ്റ്റില്‍ ഉത്തര പറയുന്നു.

ഉത്തര ഉണ്ണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം | Photo: instagram/ utthara unni 

നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. മലയാളത്തില്‍ ഇടവപ്പാതി എന്നൊരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വ്യവസായിയായ നിതേഷ് എസ് നായരാണ് ഭര്‍ത്താവ്. 2021 ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ജൂലൈ ആറിനാണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊര്‍മിള ഉണ്ണി ഉത്തരയ്ക്ക് നടത്തിയ തുലാഭാരവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അന്ന് തഞ്ചാവൂരില്‍ നിന്ന് വരുത്തിയ ഏഴു കിലോ തൂക്കം വരുന്ന 1500 ചിലങ്കമണികളായിരുന്നു തുലാസില്‍ തൂങ്ങിയത്. അന്ന് വന്ന ഒരു വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഉത്തര പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താന്‍ ഒരു നര്‍ത്തകിയാകാനുള്ള കാരണം ആ ചിലങ്കമണികള്‍ കൊണ്ടുള്ള തുലാഭാരമാണെന്നും ഉത്തര സ്‌റ്റോറിയില്‍ പറഞ്ഞിരുന്നു. 

Content Highlights: utthara unnis daughter dheemahi thulabharam guruvayur temple