പൂജയ്ക്ക് ശേഷമുള്ള മാലിന്യം ഗംഗാനദിയിൽ തള്ളി യുവതി; ചോദ്യം ചെയ്ത് വിദേശവനിത, വീഡിയോ വൈറൽ | VIDEO

#Lifestyle Desk
സിയേറാ ലിലിയാന്‍, ഗംഗാനദിയിൽ മാലിന്യം തള്ളുന്ന യുവതി | Photos: instagram.com/sierraliliann
സിയേറാ ലിലിയാന്‍, ഗംഗാനദിയിൽ മാലിന്യം തള്ളുന്ന യുവതി | Photos: instagram.com/sierraliliann

വിശ്വാസികൾ അമ്മയെ പോലെ കണ്ട് ആരാധിക്കുന്ന നദിയാണ് ഗംഗ. എന്നാൽ വലിയതോതിൽ മലിനീകരിക്കപ്പെടുന്ന നദി കൂടിയാണ് ഗംഗ എന്നതും യാഥാർഥ്യമാണ്. ആരാധിക്കുന്ന ഭക്തർ തന്നെയാണ് അറഞ്ഞോ അറിയാതെയോ ഗംഗാനദിയെ മലിനപ്പെടുത്തുന്നത്. അതിലേക്ക് വിരൽ ചൂണ്ടുന്നൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യുഎസ്സിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ സിയേറാ ലിലിയാൻ എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഋഷികേശിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പൂജയ്ക്ക് ശേഷം അവശേഷിച്ച മാലിന്യങ്ങൾ ഒരു യുവതി ഗംഗാനദിയിൽ തള്ളുന്നതാണ് വീഡിയോയിലുള്ളത്. ഋഷികേശിലെ സായി ഘട്ടിൽ ഇരിക്കുമ്പോഴാണ് താൻ ഈ കാഴ്ച കണ്ടതെന്ന് സിയേറ പറയുന്നു.

നദിയോട് ചേർന്ന് മണലിൽ കുഴി കുഴിച്ച യുവതി പൂജാമാലിന്യങ്ങൾ അതിലിട്ട് മൂടുന്നതാണ് വീഡിയോയിലുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സിയേറ ഇതിനെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ യുവതി സിയേറയെ അവഗണിക്കുകയും മാലിന്യങ്ങൾ ഗംഗയിൽ തള്ളുകയും ചെയ്തു. 'എനിക്ക് ഇന്ത്യയെ ഏറെ ഇഷ്ടമാണ്. എന്നാൽ ചിലപ്പോൾ എനിക്ക് വളരെ നിരാശ തോന്നും' എന്നാണ് അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

നിരവധി പേരാണ് സിയേറയുടെ വീഡിയോ കാണുകയും അവരെ പിന്തുണച്ച് കമന്റിടുകയും ചെയ്തത്. 'പൂജയ്ക്ക് ശേഷം അവശേഷിക്കുന്ന മാലിന്യങ്ങളെല്ലാം കുപ്പത്തൊട്ടിക്ക് പകരം നദിയിൽ തള്ളണമെന്ന വിശ്വാസത്തെ ഞാൻ വെറുക്കുന്നു. മാലിന്യം കുപ്പത്തൊട്ടിയിലിടുന്നത് പാപമായാണ് ആളുകൾ കാണുന്നത്. നദികൾ മലിനീകരിക്കപ്പെടുന്നതാണ് അതിന്റെ ഫലം.' -ഒരാൾ കുറിച്ചു. 'ഇത് വളരെ വേദനാജനകമാണ്' എന്ന് മറ്റൊരാൾ. 'ഇത് ഭക്തിയല്ല, മലിനീകരണമാണ്. അന്ധമായ അജ്ഞത. പ്രകൃതിയെ നശിപ്പിക്കാൻ ഒരു വിശ്വാസവും നിങ്ങളോട് ആവശ്യപ്പെടുന്നില്ല' -ഇനിയൊരാൾ കുറിച്ചു.

Content Highlights: US content creator Sierra Lillian shared a viral video from Sai Ghat, Rishikesh, showing an Indian woman burying and dumping puja waste, including plastic, into the Ganges. Despite Sierra's polite confrontation, the woman ignored her and continued. The video, captioned "I love India, but sometimes it makes me frustrated," has triggered a wave of support for Sierra, with many calling for an end to blind faith that harms nature.