'യുഎസ്സിലെ ആരോഗ്യസംവിധാനം തട്ടിപ്പ്'; ഇന്ത്യൻ മരുന്നിന് കുറഞ്ഞവിലയെന്നും അമേരിക്കൻ യുവതി | VIDEO

#Lifestyle Desk
വിക്ടോറിയ വൈറൽ വീഡിയോയിൽ സംസാരിക്കുന്നു | Photos: instagram.com/lemonsnlyme
വിക്ടോറിയ വൈറൽ വീഡിയോയിൽ സംസാരിക്കുന്നു | Photos: instagram.com/lemonsnlyme

യുഎസ്സിലെ ആരോഗ്യസംവിധാനം തട്ടിപ്പാണെന്ന് അമേരിക്കൻ യുവതി. ഇന്ത്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിച്ച ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വിക്ടോറിയ എന്ന യുവതി ഇക്കാര്യം പറഞ്ഞത്. തന്റെ അവശ്യ മരുന്നുകൾക്ക് പരിരക്ഷ നൽകാൻ ഇൻഷുറൻസ് കമ്പനി വിസമ്മതിച്ചു. അതിനാൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി മരുന്ന് വാങ്ങേണ്ട സ്ഥിതി വന്നു. ഇന്ത്യൻ കമ്പനിയിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങിയതിനാലാണ് ആ വലിയ ചെലവിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്നും വിക്ടോറിയ പറയുന്നു.

'മരുന്നിനായി യുഎസ്സിൽ ആയിരം ഡോളറാണ് ഞാൻ എന്റെ കൈയിൽ നിന്നെടുത്ത് ചെലവാക്കേണ്ടിയിരുന്നത്. എന്നാൽ എനിക്ക് അത് വെറും 25 ഡോളറിന് ലഭിച്ചു. അതെ, വെറും ആറ് ഗുളികകൾക്കാണ് ആയിരം ഡോളർ ഞാൻ നൽകേണ്ടിയിരുന്നത്. കാരണം മരുന്നിന് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ല.'-വിക്ടോറിയ പറഞ്ഞു.

മരുന്നിനായി ഇത്ര വലിയ തുക കൈയിൽ നിന്ന് മുടക്കാൻ വിക്ടോറിയയ്ക്ക് താത്പര്യമില്ലായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഒരു കനേഡിയൻ ഫാർമസിയിലേക്ക് പോവുകയായിരുന്നു. അവർ ഇന്ത്യൻ മരുന്ന് കമ്പനിയിൽ നിന്ന് മരുന്ന് നേരിട്ട് വാങ്ങി വിക്ടോറിയയ്ക്ക് നൽകി.

'ഡോക്ടർ പറഞ്ഞതുപ്രകാരം ഞാൻ കനേഡിയൻ ഫാർമസിയിൽ പോയി. അവിടെ മരുന്നിന് 100 ഡോളറോ 200 ഡോളറോ കൊടുക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. അത് നൽകാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പറഞ്ഞു, 25 ഡോളറാണ് ചെലവെന്ന്. പത്ത് ഡോളർ മരുന്നിനും, 15 ഡോളർ ഷിപ്പിങ് ചാർജും.' -വിക്ടോറിയ തുടർന്നു.

അമേരിക്കയിലെ സാധാരണക്കാരെ അവിടുത്തെ ആരോഗ്യസംവിധാനം വഞ്ചിക്കുകയാണെന്നും വിക്ടോറിയ കുറ്റപ്പെടുത്തി. അധികമായി വാങ്ങുന്ന പണം മുഴുവൻ എവിടേയ്ക്കാണ് പോകുന്നതെന്നും അവർ ചോദിച്ചു.

'യുഎസ്സിലെ ഞങ്ങളുടെ ആരോഗ്യസംവിധാനം ഒരു തമാശയാണ്. ഞങ്ങൾ പൂർണമായും വഞ്ചിക്കപ്പെടുകയാണ്. ഇതിന് ആയിരം ഡോളർ ചെലവാകുമെന്ന് പറഞ്ഞതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എനിക്ക് വെറും 10 ഡോളറിനാണ് ഈ മരുന്ന് ലഭിച്ചത്. എന്തിനാണ് ഞാൻ ഇതിന് 1000 ഡോളർ നൽകേണ്ടിയിരുന്നത്? ആർക്കാണ് ഈ പണം പോകുന്നത്? അതൊരു സാങ്കൽപ്പിക ചോദ്യമാണ്. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും.' -വിക്ടോറിയ പറഞ്ഞു.

വിക്ടോറിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. 'ഇന്ത്യയിലാണെങ്കിൽ ഇത് വെറും 100 രൂപയ്ക്ക് അതായത് പരമാവധി ഒരു ഡോളറിന് നിങ്ങൾക്ക് ലഭിക്കും' എന്നാണ് ഒരാൾ കുറിച്ചത്. 'പ്രിസ്‌ക്രിപ്ഷൻ പോലുമില്ലാതെ ഞാൻ ഇന്ത്യയിൽ നിന്ന് നേരിട്ട് മരുന്ന് ഓർഡർ ചെയ്തിട്ടുണ്ട്' എന്ന് മറ്റൊരാൾ. 'ഇന്ത്യയിലേക്ക് വരൂ, ഒരാഴ്ച ഇവിടെ ചെലവഴിക്കൂ, ഫാർമസിയിൽ പോയി എന്താണ് വേണ്ടതെന്ന് വെച്ചാൽ വാങ്ങൂ, എന്നിട്ട് യുഎസ്സിലേക്ക് തിരികെ പോകൂ' എന്ന് ഇനിയൊരാൾ വിക്ടോറിയയോട് പറഞ്ഞു.

Content Highlights: An American woman named Victoria slammed the US healthcare system as a scam in a viral Instagram video after her insurance company denied coverage for an essential prescription. Faced with paying $1,000 out-of-pocket for just six pills, she followed her doctor's advice and turned to a Canadian pharmacy, which sourced the medicine directly from an Indian pharmaceutical firm for a total of $25 ($10 for the medication and $15 for shipping).