പിറന്നാളിന് കൊച്ചിയില്‍ ഒരുക്കിയ സര്‍പ്രൈസ്; നടി സുനൈനയുമായുള്ള പ്രണയം സ്ഥിരീകരിച്ച് ഖാലിദ് അല്‍ അമേരി

ഖാലിദ് അല്‍ അമേരിയും സുനൈനയും | Photo: instagram/ khalid al ameri
ഖാലിദ് അല്‍ അമേരിയും സുനൈനയും | Photo: instagram/ khalid al ameri

ടി സുനൈന യെല്ലയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ദുബായ് ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമേരി. ഖാലിദ് അല്‍ അമേരിയുടെ പിറന്നാള്‍ ദിനത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സുനൈന സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഖാലിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഇതിലെ അവസാന ചിത്രം സുനൈനയ്‌ക്കൊപ്പമുള്ള ഒരു മിറര്‍ സെല്‍ഫിയാണ്. സുനൈന പര്‍പ്പിൾ നിറത്തിലുള്ള സാരിയും ഖാലിദ് കറുപ്പ് നിറത്തിലുള്ള പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും കൈ കോര്‍ത്ത് പിടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഒപ്പം പിറന്നാള്‍ കേക്കുമുണ്ട്. 'എന്നെന്നും ഓര്‍മയിലുണ്ടാകുന്ന ഒരു രാത്രി' എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും ഖാലിദ് സുനൈനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 'മനോഹരമായ പിറന്നാളിന് നന്ദി' എന്നാണ് ഇതിനൊപ്പം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ മോതിരങ്ങള്‍ അണിഞ്ഞ രണ്ട് കൈകളുടെ ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ആരെയും ടാഗ് ചെയ്തിരുന്നില്ല. ഇതേ ചിത്രം സുനൈനയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

മലയാളികള്‍ക്കും സുപരിചിതനായ വ്‌ളോഗറാണ് ഖാലിദ് അല്‍ അമേരി. കുറച്ച് നാളുകള്‍ക്ക് മുമ്പ് അദ്ദേഹം നടന്‍ മമ്മൂട്ടിയെ അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റിക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയ്‌റിന്റെ സിഇഒയും ഇന്‍ഫ്‌ളുവന്‍സറുമായ സല്‍മ മുഹമ്മദാണ് ഖാലിദിന്റെ ആദ്യ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

നാഗ്പുര്‍ സ്വദേശിയായ സുനൈന, കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെയാണ് 2005-ല്‍ സിനിമയിലേക്കെത്തുന്നത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: uae influencer khalid al ameri reveals relationship with Indian actress in birthday post