അപകടകരമായ 'നാവ് പിളർത്തൽ', രണ്ടുലക്ഷം മുടക്കി കണ്ണിൽ ടാറ്റൂ; യുവാക്കൾക്ക് പിടിവീണു, പാർലർ പൂട്ടിച്ചു

അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിനും യാതൊരു സുരക്ഷയുമില്ലാതെ 'നാവു പിളർത്തൽ' (tongue spliting) അടക്കമുളള 'ബോഡി മോഡിഫിക്കേഷന്‍' നടത്തിയതിനും ടാറ്റൂ ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിവന്നിരുന്ന ഹരിഹരന്‍, ഇയാളുടെ കൂട്ടാളി ജയരാമന്‍ എന്നിവരാണ് പിടിയിലായത്. ഹരിഹരൻ്റെ ടാറ്റൂ പാർലറും പോലീസ് പൂട്ടിച്ചു.
ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ കഴിഞ്ഞ ജനുവരിയില്‍ സ്വന്തം നാവ് രണ്ടായി പിളര്‍ത്തി വൈറലായിരുന്നു. പിന്നാലെ മുംബൈയില്‍ പോയി രണ്ടുലക്ഷം മുടക്കി 'ഐ ടാറ്റൂ'വും ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ ഹരിഹരന്‍ നടത്തിയിരുന്ന ടാറ്റൂ പാര്‍ലറില്‍ ഇയാള്‍ ടാറ്റൂ ചെയ്തുനല്‍കിയിരുന്നു. ഇതിനൊപ്പമാണ് അപകടകരമായരീതിയില്‍ 'നാവ് പിളര്‍ത്തല്‍' അടക്കമുള്ള 'ബോഡി മോഡിഫിക്കേഷനും' നടത്തിയിരുന്നത്.
അടുത്തിടെ 'നാവ് പിളര്‍ത്തലു'മായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തന്റെ കൂട്ടുകാരനായ ജയരാമന്റെ 'നാവ് പിളര്‍ത്തല്‍' വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഒരു സുരക്ഷാ മുന്‍കരുതലോ മെഡിക്കല്‍ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ 'ഓപ്പറേഷന്‍'. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മതിയായ രേഖകളില്ലാതെയാണ് ഹരിഹരന്‍ ടാറ്റൂ പാര്‍ലര്‍ നടത്തിയിരുന്നതെന്നും മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളര്‍ത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷന്‍ പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: trichy tattoo artist arrested for illegal studion and tongue spliting