'രാവിലെ ഞാൻ വാരിവലിച്ചു തിന്നും'; മിഷൻ ഇംപോസിബിള്‍ ഷൂട്ടിങ് കാലത്തെ ഭക്ഷണത്തെ കുറിച്ച് ടോം ക്രൂസ്

ടോം ക്രൂസ്, മിഷൻ ഇംപോസിബിൾ ഷൂട്ടിങ്ങിനിടെ ടോം ക്രൂസ് | Photos: AFP, AP
ടോം ക്രൂസ്, മിഷൻ ഇംപോസിബിൾ ഷൂട്ടിങ്ങിനിടെ ടോം ക്രൂസ് | Photos: AFP, AP

'മിഷന്‍ ഇംപോസിബിള്‍' പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'ദ ഫൈനല്‍ റെക്കനിങ്' അടുത്തമാസമാണ് തിയേറ്ററുകളിലെത്തുക. മുന്‍ ചിത്രങ്ങളിലെന്ന പോലെ കേന്ദ്രകഥാപാത്രമായി ഏതന്‍ ഹണ്ടായി ഈ ചിത്രത്തിലും ടോം ക്രൂസ് നിറഞ്ഞാടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുതിയ ചിത്രത്തിലും ആരാധകരെ ത്രസിപ്പിക്കുന്ന സ്റ്റണ്ടുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ നടത്തുന്ന തയ്യാറെടുപ്പിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടോം ക്രൂസ്. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്റ്റണ്ടുകള്‍ക്ക് മുമ്പായി വമ്പന്‍ പ്രഭാതഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് 62-കാരനായ ടോം ക്രൂസ് പറയുന്നത്. 

'ഞാന്‍ വമ്പന്‍ പ്രഭാതഭക്ഷണമാണ് കഴിക്കുന്നത്. 'വിങ്-വാക്കിങ്ങി'നായി (പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്നത്) കഠിനമായ പരിശീലനം നടത്തിയിരുന്നു. അതിന് അത്രയുമധികം ഊര്‍ജ്ജം ആവശ്യമാണ്. സോസേജും ഒരു ഡസനോളം മുട്ടകളും ബേക്കണും ടോസ്റ്റും കോഫിയുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിച്ചിരുന്നത്.' -ടോം ക്രൂസ് പറഞ്ഞു. 

'മിഷന്‍ ഇംപോസിബിള്‍' ഫ്രാഞ്ചൈസിലെ അവസാന ചിത്രമാണ് 'മിഷന്‍ ഇംപോസിബിള്‍: ദഫൈനല്‍ റെക്കനിങ്' എന്നാണ് റിപ്പോര്‍ട്ട്. മേയ് 17-നാണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തുക. ഹായ്‌ലി അറ്റ്‌വെല്‍, വിങ് റെയ്മ്‌സ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, നിക്ക് ഓഫര്‍മാന്‍, ഗ്രെഗ് ടാര്‍സന്‍ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Tom Cruise, 62, shares what he eats for breakfast before shooting of Mission Impossible