തിരുപ്പൂർ ഇന്ത്യയുടെ ബനിയൻ സിറ്റിയും ഡോളർ സിറ്റിയും ആയതെങ്ങനെ?

#പി. സുരേഷ്ബാബു
കോറൽ വിശ്വനാഥൻ തന്റെ വസ്ത്രനിർമാണ കമ്പനിയിൽ
കോറൽ വിശ്വനാഥൻ തന്റെ വസ്ത്രനിർമാണ കമ്പനിയിൽ

ഇന്ത്യയുടെ ബനിയൻ സിറ്റിയാണ് തിരുപ്പൂർ. ഏറ്റവുംപുതിയ ഫാഷൻ വസ്ത്രങ്ങളുടെ നിർമാണത്തിലും കയറ്റുമതിയിലും മുന്നിൽനിൽക്കുന്ന ജില്ല. രാജ്യത്തിന്റെ നിറ്റ് വെയർ (ടീ ഷർട്ട്, അടിവസ്ത്രങ്ങൾ, നിശാവസ്ത്രങ്ങൾ, സ്‌പോർട്‌സ് വസ്ത്രങ്ങൾ എന്നിവ) കയറ്റുമതിയിൽ 80 ശതമാനവും തിരൂപ്പൂരിൽ നിന്നായതിനാൽ ഈ നഗരത്തിന് ഡോളർസിറ്റിയെന്നും പേരായി. അഡിഡാസ്, പോളോ തുടങ്ങി വിദേശങ്ങളിലെ വൻകിട ബ്രാൻഡുകൾക്കുവേണ്ടി ഉത്പന്നങ്ങൾ നിർമിച്ചുനൽകുന്നത് തിരുപ്പൂരിലെ മില്ലുകളാണ്. കയറ്റുമതിയിലൂടെ മാത്രം വർഷം 26,000 കോടിയുടെ ബിസിനസ് നടക്കുന്ന തിരുപ്പൂരിലെ വസ്ത്രനിർമാണ മേഖലയിൽ കോവിഡും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. പല സ്ഥാപനങ്ങളും പൂട്ടുന്ന സ്ഥിതിവരെയെത്തിയെങ്കിലും വീണ്ടും നല്ലകാലം വരുമെന്ന പ്രതീക്ഷയുണ്ട്. വസ്ത്രനിർമാണ മേഖലയിൽ സജീവസാന്നിധ്യമായി ഒട്ടേറെ മലയാളി സംരംഭകരുണ്ട്. അവരിലൂടെ ഡോളർസിറ്റിയിലെ വിശേഷങ്ങളെക്കുറിച്ച് ഒരന്വേഷണം ...

തിരുപ്പൂരെന്ന്‌ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽവരുന്നത് തൂവെള്ള ബനിയനും പല വർണങ്ങളിലുള്ള ടീഷർട്ടുകളുമാണ്. ബനിയൻസിറ്റിയും ഡോളർസിറ്റിയും ആവുന്നതിന് മുമ്പ് മഴനിഴൽപ്രദേശമായിരുന്ന മണ്ണ്.

നൊയ്യൽനദിയുടെ ചാരെ പരന്നുകിടക്കുന്ന ഊഷരഭൂമി. ഇവിടത്തെ വെള്ളത്തിൽ ധാതുക്കളുടെ അംശം കൂടുതലായതിനാൽ കൃഷിക്ക് അനുയോജ്യമല്ലായിരുന്നു. മഴ കുറവായതിനാൽ പൊള്ളുന്നചൂടാണ് സദാസമയവും. കർഷകർക്ക് കൃഷിയിറക്കി ജീവിക്കാൻ പറ്റാത്ത സ്ഥലമായിരുന്നു തിരുപ്പൂർ. അവർ മറ്റുമേഖലകളിലേക്ക് തിരിയാൻ നിർബന്ധിതിരായി.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തുണിവ്യവസായവും സമീപസ്ഥലങ്ങളിലെ പരുത്തിക്കൃഷിയുംമൂലം പതുക്കെ വസ്ത്രനിർമാണരംഗത്തേക്ക് ജനങ്ങൾ മാറി. പകൽ മുഴുവൻ സമയവും നല്ല സൂര്യപ്രകാശംകിട്ടുന്ന സ്ഥലമായതിനാൽ നെയ്‌തെടുത്ത തുണികൾ ഉണക്കാൻ എളുപ്പമായിരുന്നു.

വെള്ളത്തിന്റെ പ്രത്യേകതമൂലം ബ്ലീച്ചിങ്ങിന് (അലക്കൽ) ഇവിടം അനുയോജ്യവുമായി. നന്നായി അധ്വാനിക്കുന്ന ജനങ്ങൾകൂടി ചേർന്നതോടെ ബനിയൻസിറ്റിയുടെ വളർച്ച ആരംഭിച്ചു.

1937-ൽ ഗുലാംകാദർ എന്നയാളാണ് ആദ്യമില്ല് സ്ഥാപിക്കുന്നത്. ബേബിനിറ്റിങ് ഇൻഡസ്ട്രീസ് എന്ന പേരിൽ. തിരുപ്പൂരിന്റെ കയറ്റുമതിക്കാലം ആരംഭിക്കുന്നത് 1978-ലാണ്. ഇറ്റലിയിലേക്കായിരുന്നു ആദ്യം. വെള്ള ടീഷർട്ടിന്റെ കയറ്റുമതിക്കുള്ള ഓർഡറാണ് ആദ്യം കിട്ടയിത്. പിന്നീട് ആഗോള ബ്രാൻഡിങ് കമ്പനികൾ മുഴുവൻ തിരുപ്പൂരിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇവിടം ഡോളർസിറ്റിയും ഫാഷൻ വസ്ത്രങ്ങളുടെ നിർമാണകേന്ദ്രവുമായി.

വിവിധതരം വസ്ത്രങ്ങളുണ്ടാക്കി ബ്ലീച്ചിങ്ങും ഡൈയിങ്ങും എംബ്രോയ്ഡറിയും നടത്തി കയറ്റുമതിക്ക് സജ്ജമാക്കുന്നതുവരെയുള്ള വിവിധ പ്രവൃത്തി ചെയ്യുന്ന 6,000 കമ്പനികൾ തിരുപ്പൂരിലുണ്ട്. ഇതിൽ കയറ്റുമതിമാത്രം ചെയ്യുന്ന 2,000 മില്ലുകളുണ്ട്. ഇവരിൽ ഇരുനൂറിലധികംപേർ മലയാളിസംരംഭകരാണ്.

തിരുപ്പൂരിലെ മലയാളി സാന്നിധ്യം

പതിറ്റാണ്ടുകൾക്ക് മുന്നേ ഇവിടത്തെ വസ്ത്രനിർമാണ കമ്പനികളിൽ ജോലിചെയ്യാൻ കേരളത്തിൽനിന്നും ധാരാളംപേർ പോയിരുന്നു. കമ്പനി ജോലിക്കും തുന്നൽപ്പണിക്കും പോയിരുന്ന മലയാളികൾ അവിടെയൊരു മിനികേരളംതന്നെ സൃഷ്ടിച്ചു. തിരുപ്പൂരിലെ വസ്ത്രനിർമാണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾ നിരവധിയാണ്. കോട്ടൺ ബ്ലോസം-മിൽട്ടൺ, വെൽനിറ്റ് ഇൻഡസ്ട്രിസ് (എം.എൻ.എസ്. നായർ -തൃശ്ശൂർ), സ്വരാജ് (രാജൻനായർ- തൃശ്ശൂർ), യു.കെ. ടെക്‌സ് (ഉണ്ണിക്കൃഷ്ണൻ-തൃശ്ശൂർ), മൈൽസ്‌റ്റോൺ (പ്രദീപ്-കണ്ണൂർ), എക്‌സൽ ഡീൽസ് (രാജേന്ദ്രൻ), കോറൽ (വിശ്വനാഥൻ-പാലക്കാട്) തുടങ്ങി നിരവധിപേരുണ്ട് തിരുപ്പൂരിൽ.

പാലക്കാട് പൊൽപ്പുള്ളി സ്വദേശിയായ വിശ്വനാഥൻ കോറൽ വിശ്വനാഥനായതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയൊരു ചരിത്രമുണ്ട്. 1965-ൽ സഹോദരനൊപ്പം തിരുപ്പൂരിൽ ജോലിക്കെത്തിയതായിരുന്നു. 1969-ൽ സ്വന്തമായി ഒരു ബനിയൻകമ്പനി സ്ഥാപിച്ചാണ് തുടക്കം -പ്രേംസൺ ബ്രാൻഡ് എന്ന പേരിൽ. അന്ന് തിരുപ്പൂരിൽ വെള്ളബനിയൻ മാത്രം നിർമിക്കുന്ന കാലമായിരുന്നു. അതിനായിരുന്നു മാർക്കറ്റ്.

1981-ൽ കോറൽ എന്ന പേരിൽ കമ്പനി തുടങ്ങി. തിരുപ്പൂർ യൂണിയൻ മിൽ റോഡിലായിരുന്നു സ്ഥാപനം. 1990-ൽ കയറ്റുമതിരംഗത്തേക്ക് വന്നു. കയറ്റുമതി കമ്പനികൾക്കുവേണ്ടി ഓർഡറുകൾ തയ്യാറാക്കി നൽകുകയാണ് ആദ്യം ചെയ്തിരുന്നത്. 1995-മുതൽ കയറ്റുമതി ലൈസൻസ് നേടിയതോടെ സ്വന്തമായി കയറ്റുമതിതുടങ്ങി. കോറൽ നിറ്റിങ് മിൽസ് എന്ന പേരിൽ നാലുകമ്പനികൾ ഇപ്പോൾ തിരുപ്പൂരിലുണ്ട്.

കോറൽ ബ്രാൻഡ് കേരളത്തിൽ സുപരിചിതമാണ്. കയറ്റുമതി കൂടുതലും ടീഷർട്ടുകളും കുട്ടികളുടെയും സ്ത്രീകളുടെയും ഫാഷൻ വസ്ത്രങ്ങളുമാണ്. യൂറോപ്പിലേക്കും ഗൾഫിലേക്കും എല്ലാം അയയ്ക്കുന്നുണ്ട്.

നെതർലൻഡ്‌ ഉൾപ്പെടെ 15 രാജ്യങ്ങളിലെ പ്രമുഖ ബ്രാൻഡായ റിബെല്ലെ, അമേരിക്കയിലും യു.കെ.യിലുമുള്ള ജോജോ, ഗൾഫ് മേഖലയിലുള്ള റെഡ് ടാഗ് തുടങ്ങിയ വൻകിട കമ്പനികൾക്ക് വസ്ത്രങ്ങൾ നിർമിച്ചുനൽകുന്നത് കോറലാണെന്ന് കമ്പനി സി.ഇ.ഒ. അനൂപ് വിശ്വനാഥൻ പറഞ്ഞു. കലാ-സാംസ്‌കാരിക രംഗത്തും ക്ഷേമപ്രവർത്തനങ്ങളിലും കോറൽ വിശ്വനാഥൻ മുന്നിൽ പ്രവർത്തിക്കുന്നു.

(തുടരും)

Content Highlights: tirupur cotton, mill banian city of india, dollar city of india