'അന്ന് കരച്ചില്‍ കാണാതിരിക്കാന്‍ രഹ്നയെ ഫെയ്‌സ് ചെയ്തില്ല, നവാസിന് വേണ്ടി രഹ്ന ജീവിച്ചുകാണിക്കണം'

തെസ്‌നി ഖാന്‍/  കലാഭവന്‍ നവാസും രഹ്നയും | Photo: instagram/ thesni khan/ kalabhavan navas
തെസ്‌നി ഖാന്‍/ കലാഭവന്‍ നവാസും രഹ്നയും | Photo: instagram/ thesni khan/ kalabhavan navas

അപ്രതീക്ഷിതമായിട്ടായിരുന്നു കലാഭവന്‍ നവാസിന്റെ മരണം. കരിയറില്‍ ശക്തമായി തിരിച്ചുവരുന്നതിനിടയിലാണ് നവാസ് വിട പറഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടലിലെത്തിയ നവാസിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. നവാസ് ഇല്ലാത്തതിന്റെ ശൂന്യതയിലാണ് ഇപ്പോഴും എല്ലാവരും. നവാസിനൊപ്പമുള്ള ഓര്‍മകള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കുവെച്ചിരുന്നു. നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന ഈ സങ്കടം എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്.

നടി തെസ്‌നി ഖാനും രഹ്നയെ കുറിച്ച് തന്നെയാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. രഹ്നയ്ക്ക് അത്രയും സ്‌നേഹമാണ് നവാസിനോടെന്നും ആ സ്‌നേഹത്തിന് കണ്ണ് തട്ടിയതായിരിക്കാമെന്നും തെസ്‌നി ഖാന്‍ പറഞ്ഞു. ദൈവം രഹ്നയ്ക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ദൈവം ആ കുട്ടിക്ക് ജീവിക്കാനുള്ള കരുത്ത് കൊടുക്കട്ടെ. ജീവിച്ചു കാണിച്ച് കൊടുക്കട്ടെ. മൂന്ന് കുട്ടികളേയും നല്ല നിലയിലെത്തിക്കണം. പറക്കമുറ്റാത്ത കുട്ടികളാണ്. എല്ലാവരും പഠിക്കുകയാണ്. ഒന്നുമൊന്നും ആയിട്ടില്ല. നവാസിന്റെ ഖബറില്‍ സന്തോഷം വരണമെങ്കില്‍ രഹ്ന മുന്നോട്ടുപോയി ജീവിച്ച് കാണിച്ചുകൊടുക്കണം. 

ഒന്ന് പോയി രഹ്നയെ കാണണം. അന്ന് കുറച്ച് സമയം രഹ്നയെ കണ്ടപ്പോള്‍ തന്നെ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓരോരുത്തരേയും കാണുമ്പോള്‍ പിന്നേയും പിന്നേയും പൊട്ടിക്കരയില്ലേ. ആ കരച്ചില് കാണാതിരിക്കാന്‍ ഞാന്‍ ഫെയ്‌സ് ചെയ്തില്ല. ഇനിയൊന്ന് പോയി കണ്ട് സമാധാനിപ്പിക്കണം. ജീവിക്ക്, മുന്നോട്ട് വാ എന്ന് പറഞ്ഞു കൊടുക്കണം. അതായിരിക്കും ഖബറില്‍ കിടക്കുന്ന നവാസിന്റെ സന്തോഷം.'-തെസ്‌നി ഖാന്‍ പറയുന്നു.

നവാസ് നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന വ്യക്തിയായിരുന്നുവെന്നും ഓരോരുത്തര്‍ക്കും ഓരോ വിധിയാണെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ത്തു. വേണ്ടവിധത്തില്‍ സിനിമ നവാസിന്റെ കഴിവ് ഉപയോഗിച്ചിട്ടില്ലെന്നും ഓരോരുത്തരും മരിച്ച് കഴിയുമ്പോഴാണ് അത് മനസിലാകുന്നതെന്നും തെസ്‌നി ഖാന്‍ പറഞ്ഞു. 'അങ്ങനെ കുറേ പേരുണ്ട്. ചിലപ്പോള്‍ ഓരോരുത്തരുടേയും ഭാഗ്യവും സമയവുമാകും. ചിലപ്പോള്‍ ഒട്ടും അഭിനയിക്കാന്‍ അറിയാത്തവരായിരിക്കും രക്ഷപ്പെട്ട് പോകുന്നത്. സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. ഇത്ര വര്‍ഷമായിട്ടും എനിക്ക് വലിയ റോളുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ഇത്രയൊക്കെ എത്തിയല്ലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.'-തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ത്തു.
 

Content Highlights: thesni khan talks about kalabhavan navas and rahna