ഇതാണ് ട്രെന്‍ഡ്; ക്ഷേത്രോത്സവത്തിന് കൈത്തറി ധരിച്ചിറങ്ങും ഈ നാട്

#പി. ലിജീഷ്
ഏറാമല മണ്ടോള്ളതില്‍ ക്ഷേത്ര തിറയുത്സവത്തിന് ധരിക്കാനായി കൈത്തറി ഷര്‍ട്ടുകള്‍ ഏറാമലയിലെ തയ്യല്‍ക്കടയില്‍ നിന്ന് തയ്ക്കുന്നു | Photo: mathrubhumi
ഏറാമല മണ്ടോള്ളതില്‍ ക്ഷേത്ര തിറയുത്സവത്തിന് ധരിക്കാനായി കൈത്തറി ഷര്‍ട്ടുകള്‍ ഏറാമലയിലെ തയ്യല്‍ക്കടയില്‍ നിന്ന് തയ്ക്കുന്നു | Photo: mathrubhumi

ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രത്തില്‍ തിറയുത്സവമേളം കൊട്ടിക്കയറുമ്പോള്‍ നെയ്ത്തുതൊഴിലാളികള്‍ക്കും സന്തോഷപ്പെരുക്കം. അവര്‍ നെയ്ത വസ്ത്രങ്ങളും ധരിച്ചാണ് ഏറാമലയിലെ പുരുഷാരം ഉത്സവപ്പറമ്പിലെത്തുക. 'ബ്രദേഴ്സ് മേപ്പാട്ടുമുക്ക്' എന്ന കൂട്ടായ്മയാണ് ക്ഷേത്രോത്സവത്തെ കൈത്തറിമേഖലയ്ക്ക് താങ്ങേകാനുള്ള കണ്ണിയായി ചേര്‍ത്തുവെക്കുന്നത്.

നാലാം തീയതി മുതല്‍ ഏഴു വരെയാണ് മണ്ടോള്ളതില്‍ ക്ഷേത്രോത്സവം. മുന്‍വര്‍ഷങ്ങളില്‍ ഒരേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നാട്ടുകാര്‍ ഉത്സവത്തിനെത്താറുണ്ട്. ഇത്തവണ അവരെ കൈത്തറി വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ച്, പ്രതിസന്ധി നേരിടുന്ന കൈത്തറിമേഖലയ്ക്ക് ഉണര്‍വ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ബ്രദേഴ്സ് ഈയൊരു പദ്ധതി തയ്യാറാക്കിയത്. ഇക്കാര്യം ഇവര്‍ നാട്ടുകാരില്‍ പ്രചരിപ്പിച്ചു. താത്പര്യമുള്ളവരില്‍നിന്ന് കൈത്തറി തുണിയുടെ ഓര്‍ഡര്‍ സ്വീകരിച്ചു.

പുരുഷന്‍മാരെ മാത്രമാണ് ഇത്തവണ ഇതിന്റെ ഭാഗമാക്കിയത്. കിട്ടിയ ഓര്‍ഡര്‍പ്രകാരമുള്ള തുണിനെയ്യാന്‍ നാട്ടിലെ ഏറാമല വീവേഴ്സ് സൊസൈറ്റിയെയും കുഞ്ഞിപ്പള്ളിയിലെ കേരള വീവേഴ്സിനെയും ഏല്‍പ്പിച്ചു. 150 പേര്‍ക്കുള്ള ഷര്‍ട്ടിന്റെ തുണി നെയ്തുകഴിഞ്ഞു. ഇവ ഏറാമലയിലെയും ഓര്‍ക്കാട്ടേരിയിലെയും തയ്യല്‍ക്കടകളില്‍ തയ്ച്ചുക്കൊണ്ടിരിക്കുകയാണ്. ഒപ്പം കൈത്തറിമുണ്ടും ഉണ്ട്. ചെറുപയര്‍ പച്ചനിറത്തിലുള്ള ഷര്‍ട്ടാണ് എല്ലാവര്‍ക്കും.

ഈ ഷര്‍ട്ടും ധരിച്ച് 150-ഓളംപേര്‍ ഉത്സവപ്പറമ്പിലെത്തുമ്പോള്‍ പച്ചപ്പ് നിറയുന്ന കാഴ്ചയ്ക്കുമപ്പുറം കൈത്തറിയുടെ സന്ദേശം നാട്ടിലാകെ പരക്കുമെന്നാണ് ബ്രദേഴ്സ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ക്ഷേത്രം സമൂഹത്തില്‍ പ്രതീക്ഷയായി നിലകൊള്ളേണ്ട ഇടമാണെന്ന തിരിച്ചറിവിലാണ് തിറ ഉത്സവത്തില്‍ത്തന്നെ ഈയൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ബ്രദേഴ്സ് പ്രവര്‍ത്തകന്‍ എസ്.പി. ചന്ദ്രന്‍ പറഞ്ഞു. വരുംവര്‍ഷം സ്ത്രീകളെയും ഇതിന്റെ ഭാഗമാക്കാന്‍ ആലോചനയുണ്ട്.

മീറ്ററിന് 408 രൂപ വിലവരുന്ന തുണിയാണ് ഷര്‍ട്ടിനായി നെയ്തത്. മുണ്ടിന് വില 400 രൂപ. തുന്നല്‍ക്കൂലി കൂടിയാകുമ്പോള്‍ ഒരാള്‍ക്ക് 1500 രൂപയോളം ചെലവ് വരും. ഉത്സവങ്ങളിലെല്ലാം ഈയൊരു ട്രെന്‍ഡ് വ്യാപിച്ചാല്‍ അത് കൈത്തറിമേഖലയ്ക്ക് പിടിവള്ളിയാകുമെന്ന് കേരള ഹാന്‍ഡ്ലൂം വീവേഴ്സ് സൊസൈറ്റി സെക്രട്ടറി വിജു രാഘവന്‍ പറഞ്ഞു.

Content Highlights: these villagers wear handlooms for temple festival