ഇങ്ങനെയൊരു സുഹൃത്തിനെ എവിടെ കിട്ടും! 28 കോടിയുടെ സ്വത്ത് സുഹൃത്തിന്റെ പേരിൽ വിൽപ്പത്രമെഴുതി യുവാവ്

#Lifestyle Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കോടികളുടെ സ്വത്ത് ബാല്യകാലസുഹൃത്തിന്റെ പേരിൽ വിൽപ്പത്രമെഴുതി യുവാവ്. ചൈനയിലെ ഷാങ്ഹായിയിലാണ് സംഭവം. ലി എന്ന 19-കാരനാണ് ഇത്തരമൊരു തീരുമാനമെടുത്ത് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച അപ്പാർട്ട്‌മെന്റും സമ്പാദ്യവുമെല്ലാമാണ് യുവാവ് ഇത്തരത്തിൽ സുഹൃത്തിന് ലഭിക്കുന്ന തരത്തിൽ വിൽപ്പത്രമെഴുതിയത്. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇങ്ങനെ ചെയ്യാൻ തനിക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് ലി പറയുന്നത്. സാഹസികമായ കായികവിനോദങ്ങളോട് അതിയായ താത്പര്യമുള്ള ആളാണ് ലി. അതിനാൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വത്തുക്കൾ സുഹൃത്തിന് ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. ഇരുവരുടേയും നിലവിലെ പങ്കാളികൾക്ക് തന്റെ സ്വത്തുക്കൾ ലഭിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതിനാലാണ് സുഹൃത്തിന്റെ പേരിൽ സ്വത്തുക്കളെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലെ നിയമപ്രകാരം അവിവാഹിതനായ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ സ്വത്തുക്കൾ സ്വാഭാവികമായി അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കാണ് ലഭിക്കുക. അതേസമയം കുടുംബത്തിന് പുറത്തുള്ള ഒരാൾക്ക് സ്വത്തുക്കൾ ഇത്തരത്തിൽ നൽകാൻ ഒരാളെ ചൈനീസ് നിയമം അനുവദിക്കുന്നുമുണ്ട്. നിയമപരമായ വിൽപ്പത്രത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതിനാലാണ് യുവാവ് വിൽപ്പത്രമെഴുതി ഷാങ്ഹായിയിലെ ചൈനാ വിൽ രജിസ്‌ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്തത്. യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ 60 ദിവസത്തിനകം വിൽപ്പത്രത്തിൽ പേരുള്ളയാൾ സ്വത്തുക്കൾ കൈപ്പറ്റണമെന്നും നിയമം നിഷ്‌കർഷിക്കുന്നു.

Content Highlights: A nineteen-year-old youth named Li from Shanghai, China, has legally willed his inherited property worth ₹28 crore to his childhood friend. Li took the step due to his high-risk adventure sports lifestyle and his parents' divorce.