'ട്യൂഷന് പോകുന്ന തൈമൂറിനെ പിന്തുടര്‍ന്നത് അമ്പതോളം പാപ്പരാസികള്‍'; അനുഭവം പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍

ബോളിവുഡിലെ സ്റ്റാര്‍ കിഡ്‌സില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കുഞ്ഞാണ് കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും മൂത്ത മകന്‍ തൈമൂര്‍ അലി ഖാന്‍. 2016 ഡിസംബര്‍ 20നാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. അതിനുശേഷം പാപ്പരാസികളുടെ ഇഷ്ടതാരമായിരുന്നു തൈമൂര്‍. എവിടെ കണ്ടാലും തൈമൂറിന്റെ ചിത്രം പകര്‍ത്തി അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സെയ്ഫും കരീനയും അതിന് അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു ഘട്ടത്തില്‍ തങ്ങളുടെ മകന്റെ സ്വകാര്യത മാനിക്കണമെന്ന അഭ്യര്‍ഥനയുമായി താരദമ്പതിമാര്‍ രംഗത്തുവന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറും പാപ്പരാസിയുമായ വരീന്ദര്‍ ചൗള. ഒരിക്കല്‍ തൈമൂര്‍ ട്യൂഷന് പോകുമ്പോള്‍ അമ്പതോളം പാപ്പരാസികള്‍ പിന്തുടര്‍ന്നുവെന്നും അത് കണ്ടപ്പോള്‍ വളരെയധികം പേടി തോന്നിയെന്നും വരീന്ദര്‍ ചൗള. അതിനുശേഷമാണ് സ്വകാര്യത മാനിക്കണമെന്ന ആവശ്യവുമായി സെയ്ഫും കരീനയും രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വരീന്ദര്‍ പറയുന്നു.
'ഒരു ദിവസം തൈമൂറിന്റെ ചിത്രം പോസ്റ്റ് ചെയ്തില്ലെങ്കില്‍ 'ഇന്ന് തൈമൂറിന്റെ ചിത്രം വന്നില്ല' എന്ന ചോദ്യം കമന്റുകളായി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വളരെ വേഗത്തിലാണ് താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അവന്റെ ക്യൂട്ട്‌നെസ് ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇതോടെ ഞാന്‍ ഉള്‍പ്പെടെയുള്ള പാപ്പരാസികള്‍ അവനെ 24 മണിക്കൂറും പിന്തുടരാന്‍ തുടങ്ങി.
സ്‌ക്കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴുമെല്ലാം പിന്തുടര്‍ന്നു. തൈമൂറിന്റെ സ്വകാര്യജീവിതം അതോടെ ഇല്ലാതായി. ഒരിക്കല്‍ ഒരു ടീം അംഗത്തിന്റെ ബൈക്കില്‍ തൈമൂറിനെ ഫോട്ടോയെടുക്കാനായി ഞാന്‍ പുറപ്പെട്ടു. അവന്‍ ട്യൂഷന് പോകുന്ന സമയമായിരുന്നു അത്. ആ സമയത്ത് ഏകദേശം അമ്പതോളം ആളുകള്‍ അവനെ ബൈക്കില്‍ പിന്തുടരുകയാണ്. ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇവരൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ഭുതപ്പെട്ടു. ചിലര്‍ തൈമൂര്‍ സഞ്ചരിക്കുന്ന വാഹനത്തിന് ചുറ്റും കൂടി. മറ്റു ചിലര്‍ മതിലില്‍ വലിഞ്ഞു കയറി. അവനെ ആക്രമിക്കാന്‍ പോകുന്നതുപോലെയായിരുന്നു അത്. ഞാന്‍ ശരിക്കും ഭയന്നുപോയി. അത് ശരിയല്ലെന്ന് എനിക്ക് തോന്നി.
ആ സംഭവത്തോടെ സെയ്ഫും കരീനയും അഭ്യര്‍ഥനയുമായെത്തി. സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും മകനെ പിന്തുടരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ തൈമൂറിന്റെ സ്വകാര്യതയെ മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാത്തിനും ഒരു പരിധിവെച്ചു.' വരീന്ദര്‍ അഭിമുഖത്തില്‍ പറയുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012-ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. 2016-ലാണ് ഇരുവര്‍ക്കും തൈമൂര്‍ ജനിക്കുന്നത്. 2021 ഫെബ്രുവരിയില്‍ കരീന രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് ഇളയ മകന് താരദമ്പതിമാര്‍ പേര് നല്‍കിയത്. 'ജെ' എന്നാണ് വിളിപ്പേര്.
Content Highlights: taimur ali khan was once chased by 50 people on bikes