'അതൊക്കെ ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ'; കരിയറിന്റെ തുടക്കകാലത്തെപ്പറ്റി തപ്‌സി

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
തപ്‌സി പന്നു | Photo -  @taapseeofficial
തപ്‌സി പന്നു | Photo - @taapseeofficial

കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡിലെ ജനപ്രിയ നായികമാരിൽ ഒരാളായ തപ്‌സി പന്നു. ആത്മവിശ്വാസം തീരെയില്ലാതിരുന്ന ആ കാലത്ത് തന്നിൽ തന്നെ സംശയമുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ലഭിക്കുമോ എന്ന് അവർ സംശയിച്ചിരുന്നു. സൗന്ദര്യത്തെക്കുറിച്ച് കടുത്ത അരക്ഷിതാവസ്ഥയും ഉണ്ടായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ നടി തുറന്നുപറഞ്ഞത്.

കഠിനാധ്വാനത്തിലൂടെയാണ് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞത്. വലിയ താരസുന്ദരികളെപ്പോലെയല്ല താൻ എന്ന് തോന്നിയിരുന്നു. അങ്ങനെയൊക്കെ തോന്നാതിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു. എന്തുകൊണ്ട് എന്നെ നായികയാക്കില്ല? എന്ന ചിന്ത മനസിനെ അസ്വസ്ഥമാക്കി. അടിസ്ഥാന ഫാഷൻ സെൻസോ, മേക്കപ്പ് സെൻസോ ഉണ്ടായിരുന്നില്ലെന്നും നിസാരമായ കാര്യങ്ങൾ പോലും തനിക്കറിയില്ലായിരുന്നുവെന്നും നടി പറയുന്നു.

ഈ ഘട്ടം മാനസികമായി തളർത്തിക്കളഞ്ഞു. സിനിമയിലെ ആദ്യത്തെ വർഷങ്ങളിൽ ഇതെല്ലാം പഠിക്കാൻ ഇത്രയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നില്ലായിരുന്നെങ്കിൽ എന്ന് ഇന്ന് ചിന്തിക്കുന്നു. എല്ലാം പഠിക്കാൻ കഴിഞ്ഞു. പക്ഷെ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവന്നത് തന്നെ മാനസികമായി തളർത്തി. എല്ലാം ആസ്വദിച്ച് പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അതൊക്കെ ഒരാൾ പറഞ്ഞുതന്നിരുന്നുവെങ്കിൽ എന്നൊക്കെ ഇപ്പോൾ ആലോചിക്കാറുണ്ട്.

തൊഴിൽപരമായ തിരിച്ചടികൾക്കുശേഷം കടുത്ത സ്വയം വിമർശനം അനുഭവിക്കേണ്ടിവന്നുവെന്നും നടി പറയുന്നു. ഓരോ ദിവസവും സ്വയം കൊല്ലുന്ന തരത്തിലാണ് നിരാശ ബാധിച്ചത്. ഒരു പരാജയം ഒരാളുടേത് മാത്രമല്ല. എല്ലാം ഒരു ടീം വർക്കാണ്, പക്ഷെ പരാജയങ്ങളുടെ ഉത്തരവാദിത്വം പലപ്പോഴും അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നും എന്ന് തപ്സി അഭിമുഖത്തിൽ പറഞ്ഞു.

മുദാസർ അസീസ് സംവിധാനം ചെയ്ത 'ഖേൽ ഖേൽ മേം' (2024) എന്ന കോമഡി-ഡ്രാമയാണ് തപ്‌സി ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രം. അക്ഷയ് കുമാർ, വാണി കപൂർ, അമ്മി വിർക്ക്, ആദിത്യ സീൽ, പ്രഗ്യ ജയ്സ്വാൾ, ഫർദ്ദീൻ ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ദേവാശിഷ് മഖിജയുടെ 'ഗന്ധാരി'യാണ് തപ്സിയുടെ അടുത്ത ചിത്രം. റൈറ്റർ-പ്രൊഡ്യൂസർ കനിക ധില്ലന്റെ കഥാ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്, നെറ്റ്ഫ്‌ളിക്‌സിൽ പ്രീമിയർ ചെയ്യും.

Content Highlights: Taapsee Pannu reveals her initial career struggles with self-doubt and insecurities about her beauty, wishing she hadn`t been so hard on herself.