'എല്ലാവരും അമ്മയെ കളിയാക്കി വിളിക്കുന്നത് എന്റെ നിഴല്‍, നെറ്റ്‌വര്‍ക്ക് എന്നൊക്കെയാണ്'; സ്വാസിക

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി സ്വാസികയുടേയും നടനും മോഡലുമായ പ്രേം ജേക്കബിന്റേയും വിവാഹം. സിനിമ, ടെലിവിഷന്‍ രംഗത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഗുലാബിയും ബീച്ച് വെഡ്ഡിങ്ങും റിസപ്ഷനുമെല്ലാമായി ആഘോഷപൂര്‍വ്വമാണ് വിവാഹം നടത്തിയത്.
ഇപ്പോഴിതാ വിവാഹ ചടങ്ങുകള്‍ക്കിടയിലെ മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. അമ്മ ഗിരിജയ്ക്ക് തന്റെ ജീവിതത്തിലും കരിയറിലും എത്രത്തോളം പ്രാധാന്യമുണ്ടെന്നും അമ്മയോടുള്ള തന്റെ സ്‌നേഹം എത്രത്തോളമുണ്ടെന്നുമാണ് ഈ വീഡിയോയില്‍ സ്വാസിക പറയുന്നത്. വിവാഹത്തലേന്ന് സംഘടിപ്പിച്ച ഈ പരിപാടിയില്‍ അമ്മയ്‌ക്കൊപ്പം സ്വാസിക നൃത്തം ചെയ്യുന്നുമുണ്ട്.
ആദ്യം അച്ഛനോടൊപ്പമാണ് സ്വാസിക വേദിയിലെത്തുന്നത്. അമ്മയ്ക്കുവേണ്ടി ഒരു ഡാന്‍സ് ഡെഡിക്കേറ്റ് ചെയ്യാന്‍ പോകുകയാണെന്നും അതില്‍ അച്ഛനെന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും സ്വാസിക ചോദിക്കുന്നു. തന്റെ ജീവിതം മുഴുവന്‍ കുടുംബത്തിനായി ചെലവഴിച്ചവളാണ് തന്റെ ഭാര്യയെന്നും അവള്‍ക്കായി എന്ത് സമര്‍പ്പിച്ചാലും സന്തോഷം മാത്രമേയുള്ളുവെന്നും അച്ഛന്‍ പറയുന്നു.
പിന്നീട് അമ്മയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് സ്വാസിക പറയുന്നത്. 'ഞാന്‍ സ്വാസിക എന്ന നടിയായിട്ട് മാറിയതിന് ഒരേയൊരു കാരണം നിങ്ങളുടെയെല്ലാം ഗിരിജചേച്ചി ആയ എന്റെ അമ്മ തന്നെയാണ്. ഞാന്‍ അങ്ങനെയൊരു ആഗ്രഹം പറയുമ്പോള്‍ അമ്മ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാം അവിടെ തീര്‍ന്നിരുന്നു. ഒരുപാട് പേരുടെ അടുത്ത് വഴക്കുണ്ടാക്കി, അച്ഛനെ പറഞ്ഞു മനസ്സിലാക്കി എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. എനിക്ക് 31 വയസ്സായി. ഈ 31 വയസ്സ് വരെ ഞാന്‍ എല്ലാ കാര്യവും ചെയ്തിരിക്കുന്നത് അമ്മ വഴിയാണ്. കല്ല്യാണം കഴിയുമ്പോള്‍ ഒറ്റയ്ക്ക് ഇനി എല്ലാ കാര്യവും എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല. എല്ലാവരും അമ്മയെ കളിയാക്കി വിളിക്കുന്നത് എന്റെ നിഴല്‍, നെറ്റ്‌വര്‍ക്ക് എന്നൊക്കെയാണ്. അത്രയും എന്റെ കൂടെ നില്‍ക്കുന്ന വ്യക്തിയാണ് അമ്മ.
അമ്മയുടെ ആഗ്രഹം എല്ലാം എനിക്ക് സാധിച്ചുകൊടുക്കാന്‍ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സമാധാനവും സന്തോഷവുമെല്ലാം വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. എന്നെക്കൊണ്ട് ഭയങ്കരമായ കാര്യങ്ങളൊന്നും അമ്മയ്ക്ക് ചെയ്തുകൊടുക്കാന്‍ പറ്റിയിട്ടില്ല. നമ്മള്‍ എല്ലാവരേയുംപോലെ അമ്മയോടുള്ള സ്‌നഹേം പ്രകടിപ്പിച്ചതും കുറവാണ്. അമ്മയെ കെട്ടിപ്പിടിക്കാനോ ഉമ്മ വെയ്ക്കാനോ 'ഐ ലവ് യൂ' എന്ന് പറയാനോ അങ്ങനെയൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. ഉള്ളില്‍ എനിക്ക് സ്‌നേഹവും ബഹുമാനവുമെല്ലാമുണ്ട്. അതൊന്നും പ്രകടിപ്പിച്ചില്ലെന്ന് മാത്രം. അതുകൊണ്ട് ഇന്ന് ഈ ഡാന്‍സിലൂടെ കുറച്ചെങ്കിലും അത് പ്രകടിപ്പിക്കാമെന്ന് കരുതി. ഞാന്‍ ഇന്ന് ഈ വേദിയില്‍ കാണുന്ന എന്റെ ദൈവം എന്റെ അമ്മ തന്നെയാണ്. ആ അമ്മയ്ക്കുവേണ്ടി ഞാന്‍ ഈ ഡാന്‍സ് സമര്‍പ്പിക്കുന്നു.'-വീഡിയോയില്‍ സ്വാസിക പറയുന്നു.
തുടര്‍ന്ന് 'തുജ് മേം രബ് ദിക്താ ഹേ' എന്ന ഗാനത്തിന് അനുസരിച്ച് സ്വാസിക നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അമ്മയെ ചേര്‍ത്തുപിടിച്ചായിരുന്നു സ്വാസികയുടെ ഡാന്‍സ്.
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. 'കണ്ണ് നിറഞ്ഞതിനാല്‍ ഡാന്‍സൊന്നും കണ്ടില്ല', കണ്ണീരോടെയല്ലാതെ നിങ്ങള്‍ക്കിത് കാണാന്‍ കഴിയില്ല' എന്നിങ്ങനെ നീണ്ടുപോകുന്നതാണ് കമന്റുകള്‍.
Content Highlights: swasika shares an emotional post about her mother