'ശരീരം മാറും, അത് സ്വാഭാവികം'; പ്രസവാനന്തര ശരീരഭാരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സ്വര ഭാസ്കർ

പ്രസവാനന്തരമുള്ള ശരീരഭാരത്തെയും രൂപമാറ്റത്തെയും പരിഹസിക്കുന്നവർക്കെതിരെ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. കുഞ്ഞുണ്ടായതിന് ശേഷം തന്റെ ശരീരം മാറിയെന്നും എന്നാൽ അപരിചിതർ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ ഭാരം കുറയ്ക്കാൻ തനിക്ക് താല്പര്യമില്ലെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
ഗർഭകാലത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള രോഷമാണ് എനിക്ക് നേരിടേണ്ടി വരുന്നത്. പ്രസവശേഷം ഭാരം കുറയ്ക്കാൻ ഞാൻ തയ്യാറാകാത്തതാണ് പലരെയും ചൊടിപ്പിക്കുന്നത്. സ്ത്രീകളുടെ ശരീരം ലൈംഗികമായി കാണാനോ ഗ്ലാമർ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള ഹാങ്ങറായോ മാത്രമുള്ളതല്ല’- സ്വര കുറിച്ചു.
കുഞ്ഞ് ജനിച്ച് രണ്ടര വർഷമായിട്ടും പഴയ രൂപത്തിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ‘ഒരിക്കൽ അമ്മയായിക്കഴിഞ്ഞാൽ പിന്നെ പഴയ ജീവിതത്തിലേക്ക് ഒരു മടക്കമില്ല. ജീവിതം അടിമുടി മാറുന്നു, അത് സ്വാഭാവികമാണ്. നമ്മുടെ ശരീരം ഒരു ജീവനെ വഹിക്കുകയും പ്രസവിക്കുകയും പോഷിപ്പിക്കുകയും ചെയ്ത ഒന്നാണ്. അതിലുണ്ടാകുന്ന മാറ്റങ്ങളെ ബഹുമാനിക്കണം. പഴയ രൂപത്തിലേക്ക് മാറാൻ ശരീരത്തോട് നിർബന്ധിക്കുന്നത് ഒരുതരം ക്രൂരതയാണ്’- താരം കൂട്ടിച്ചേർത്തു.
ക്യാമറയ്ക്കും ഇന്റർനെറ്റിനും വേണ്ടി എപ്പോഴും ആകർഷകമായിരിക്കണമെന്ന സമ്മർദ്ദം ബുദ്ധിശൂന്യമാണെന്നും സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്നത് നിർത്തണമെന്നും സ്വര പറഞ്ഞു. ഇത് ആരോഗ്യത്തിനോ ഫിറ്റ്നസിനോ എതിരല്ലെന്നും മറിച്ച് സ്വന്തം ശരീരത്തിന് വില നൽകാനാണ് താൻ പ്രേരിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദാണ് സ്വരയുടെ ഭർത്താവ്. രാഷ്ട്രീയ സമരങ്ങളിലും പ്രതിഷേധ വേദികളിലും വെച്ചുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അതേവർഷം സെപ്റ്റംബറിലാണ് മകൾ റാബിയ ജനിച്ചത്.
ജഹാൻ ചാർ യാർ', മീമാംസ എന്നിവയാണ് സ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. മനീഷ് കിഷോർ സംവിധാനം ചെയ്യുന്ന മിസിസ് ഫലാനിയാണ് സ്വരയുടെ വരാനിരിക്കുന്ന ചിത്രം.