നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ പട്ടികയിൽ നമ്മളെങ്കിലും വേണ്ടേ?-സ്വിം സ്യൂട്ടിലുള്ള ചിത്രവുമായി നടി

സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. അവരുടെ ഔട്ട്ഫിറ്റിനെ കുറിച്ചായിരിക്കും അധികവും ഈ ചർച്ചയുണ്ടാകുക. ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവെച്ചാൽ 'ഇത് ഈ നടിയിൽനിന്ന് പ്രതീക്ഷിച്ചില്ല' എന്ന തരത്തിലുള്ള കമന്റുകളാകും കൂടുതലുണ്ടാകുക. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ സ്വയം സ്‌നേഹിക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ നടി സുരഭി വിഷ്ണു.
സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു സുരഭിയുടെ ഈ കുറിപ്പ്. തന്റെ കാഴ്ച്ചപ്പാടിലുണ്ടായ മാറ്റത്തെ കുറിച്ചും സെൽഫ് ലൗവിന്റെ പ്രാധാന്യത്തെ കുറിച്ചും സുരഭി പോസ്റ്റിൽ പറയുന്നു.
'നമ്മളിൽ എത്ര സ്ത്രീകൾ ഈ ചിത്രം പങ്കുവെയ്ക്കുന്നതിന് മുമ്പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? എനിക്കും അത് അങ്ങനെ തന്നെയാണ്. ഈ ചിത്രത്തെ ഞാൻ അത്രയധികം ഇഷ്ടപ്പെടാൻ കാരണം ഇത് എന്റെ സ്വാതന്ത്രവും ഉന്മേഷഭരിതവും നിർഭയവുമായ ഒരു രൂപത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നതാണ്. ചുറ്റുമുള്ള വിമർശനങ്ങളെ കുറിച്ചോ ബഹളങ്ങളെ കുറിച്ചോ വേവലാതിയൊന്നുമില്ലാതെ ആ നിമിഷത്തിൽ ജീവിക്കുന്ന എന്നെത്തന്നെ സ്‌നേഹിക്കുന്ന എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരാൾ. അതുകൊണ്ടുതന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. ഒരു ദിവസം പൂർത്തിയാകുമ്പോൾ നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയിൽ നമ്മൾ തന്നെ ഇല്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അർഥമാണുള്ളത്.?'-സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രത്തോടൊപ്പം സുരഭി കുറിച്ചു.
കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുരഭി. നിരവധി ഹിറ്റ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actress Surabhi Vishnu shares a bold swimsuit photo to advocate for self-love., Addresses the societal pressure and criticism faced by actresses regarding their outfits.