'അവളുടെ ഈ കുറിപ്പ് കണ്ടപ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ എന്തൊക്കെയോ ശരികളുണ്ടെന്ന് മനസിലായി'

മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പലപ്പോഴും സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മകളുടെ ജന്മദിനാഘോഷവും അച്ഛന്‍ പൃഥ്വിരാജിന്റെ പിറന്നാളിന് തയ്യാറാക്കിയ ബര്‍ത്‌ഡേ കാര്‍ഡും മകളുടെ ആദ്യ പുസ്തരത്തെ കുറിച്ചുമെല്ലാം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ അലംകൃത തന്നെ കുറിച്ച് ഡയറിയില്‍ എഴുതിയ ഹൃദയംതൊടുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറഞ്ഞാണ് അലംകൃത ഈ കുറിപ്പ് തുടങ്ങുന്നത്. അമ്മ തന്നെ ഒരുപാട് സ്ഥലങ്ങളില്‍ കൊണ്ടുപോകുമെന്നും തങ്ങള്‍ക്ക് ഒരുമിച്ച് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും കുറിപ്പില്‍ പറയുന്നു. ഒരുമിച്ച് ഗെയിം കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങള്‍ അമ്മ പഠിപ്പിക്കാറുണ്ടെന്നും അല്ലി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ വലുതാകുമ്പോള്‍ മിടുക്കിയാകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അലംകൃത എഴുതുന്നു.
ഈ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ അഭിമാനത്തോടെ പങ്കുവെച്ച സുപ്രിയ മകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും പറയുന്നുണ്ട്. 'എല്ലാ അമ്മമാരേയും പോലെ മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല. അല്ലിയുടെ കാര്യത്തില്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്നോര്‍ന്ന് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട്. അവളുടെ ഡയറിയില്‍ ഇത്തരമൊരു കുറിപ്പ് കാണുമ്പോള്‍ ഞാന്‍ ചെയ്യുന്നത് എന്തൊക്കെയോ ശരിയാണെന്ന് എനിക്ക് തോന്നുന്നു.' സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
നിരവധി പേര്‍ ഇതിനുതാഴെ അലംകൃതയേയും സുപ്രിയയേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമ്മയെന്ന നിലയില്‍ സുപ്രിയയുടെ വിജയമാണെന്ന് ചിലര്‍ കമന്റ് ചെയ്തു. അലംകൃതയുടെ മനോഹരമായ എഴുത്തിനേയും പലരും അഭിനന്ദിച്ചു.
Content Highlights: supriya menon shares diary of daughter alankrita prithviraj