മദ്യത്തിനും പുകവലിക്കും അടിമയായില്ല, ഇതാണ് കാരണം; വെളിപ്പെടുത്തി സണ്ണി ഡിയോൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സണ്ണി ഡിയോൾ | ഫോട്ടോ: PTI
സണ്ണി ഡിയോൾ | ഫോട്ടോ: PTI

ബോളിവുഡിലെ ഗ്ലാമറിൽ മദ്യമുൾപ്പെടെയുള്ള ലഹരികൾ ഒഴുകുന്ന പാർട്ടികൾക്കും വലിയ സ്ഥാനമാണ് ഉള്ളത്. പരിചയം പുതുക്കാനും ബന്ധങ്ങൾ നിലനിർത്താനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ പാർട്ടികൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ പാർട്ടികളിൽനിന്ന് വിട്ടുനിൽക്കാൻ ലൈംലൈറ്റിൽ നിൽക്കുന്ന താരങ്ങൾ ആഗ്രഹിക്കാറില്ല. ബോളിവുഡിലെ സാന്നിധ്യമുറപ്പിക്കുന്ന ഇടങ്ങളായി അവർ പാർട്ടികളെ ഉപയോഗിക്കുന്നതിനാൽ തന്നെ പലരും തങ്ങളറിയാതെ ലഹരികൾക്ക് അടിമപ്പെടുകയും ചെയ്യും.

പാർട്ടികൾക്കും കൂട്ടുകെട്ടുകൾക്കും ഇടയിലായിരുന്നപ്പോൾ പോലും ലഹരിക്ക് ഒരുകാലത്തും താൻ അടിമപ്പെട്ടിട്ടില്ലെന്ന് തുറന്നുപറയുകയാണ് സണ്ണി. വിദേശത്ത് പഠിക്കുന്ന സമയത്ത് സഹപാഠികൾക്കൊപ്പം മദ്യവും പുകവലിയും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാൽ അതൊരു ശീലമായി മാറാൻ അനുവദിച്ചില്ലെന്ന് താരം പറയുന്നു. ഒരു മാധ്യമപ്രവർത്തകന് നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സണ്ണി.

'ചെറുപ്പത്തിൽ വിദേശത്ത് പഠിക്കുമ്പോൾ ചുറ്റുമുള്ളവരെല്ലാം മദ്യപിക്കാറുണ്ടായിരുന്നു. ആ പ്രായത്തിന്റെ കൗതുകത്തിൽ ഞാനും അത് പരീക്ഷിച്ചു. എന്നാൽ മദ്യത്തിന്റെ ഗന്ധവും രുചിയും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കോക്ക് ചേർത്ത് പെട്ടെന്ന് വിഴുങ്ങേണ്ട, ഒടുവിൽ തലവേദന മാത്രം സമ്മാനിക്കുന്ന ഒരു കാര്യത്തിനായി എന്തിനാണ് സമയം കളയുന്നത് എന്ന് ഞാൻ ചിന്തിച്ചു,' സണ്ണി പറയുന്നു.

കൂട്ടുകാരുടെ ഇടയിൽ വേറിട്ടുനിൽക്കാതിരിക്കാനും അവരുടെ ഭാഗമാകാനുമാണ് തുടക്കത്തിൽ അത് ചെയ്തത്. എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി അവരുടെ കൂട്ടത്തിൽ ചേരാനായി സ്വയം മാറുന്നതിനേക്കാൾ താൻ എങ്ങനെയാണോ അതങ്ങനെ അംഗീകരിക്കുന്ന ആളുകൾ മതിയെന്നാണ് തീരുമാനിച്ചതെന്നും സണ്ണി പറയുന്നു.

വിഷമങ്ങളും ദുഃഖങ്ങളും മറക്കാൻ ലഹരി സഹായിക്കുമെന്ന വിശ്വാസത്തോടും അദ്ദേഹം വിയോജിച്ചു. 'സങ്കടങ്ങളെ മനസ്സിൽ ചുമന്നുകൊണ്ട് നടന്നാൽ അതിൽ നിന്ന് ഒരിക്കലും മോചനം ലഭിക്കില്ല. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് വേണ്ടത്,' അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേൽക്കുന്ന ശീലമാണ് തന്റേതെന്നും സണ്ണി പറയുന്നു. ഇത്തരത്തിലുള്ള ജീവിത ശൈലി തനിക്ക് ഊർജമേകുന്നതാണെന്നും സണ്ണി പറയുന്നു. 'ബട്വാര 1947' ആണ് സണ്ണി ഡിയോളിന്റെ പുതിയ ചിത്രം. ഇതിനുപുറമേ, റൺബീർ കപൂർ കേന്ദ്രകഥാപാത്രമാകുന്ന രാമായണ: പാർട്ട് 1 ലും സണ്ണി ഭാഗമാണ്.

Content Highlights: Sunny Deol admitted to trying alcohol and smoking during his student days abroad out of curiosity., He disliked the taste and smell of alcohol and refused to let it become a habit., He believes in facing problems directly rather than using substances to escape sadness., His upcoming projects include 'Batvara 1947' and Ranbir Kapoor's 'Ramayana: Part 1'. SEO Friendly URL: