‘അദ്ദേഹം മരിച്ചുപോയി എന്ന് ആദ്യം മനസിലാക്കൂ, കരിഷ്മയെ അവൻ പീഡിപ്പിച്ചിട്ടില്ല’; അഭ്യൂഹങ്ങൾ തള്ളി സഞ്ജയ് കപൂറിന്റെ സഹോദരി

തങ്ങളുടെ കുടുംബം നേരിടുന്ന നിയമപരവും വൈകാരികവുമായ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച് അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര. 2003 മുതൽ 2016 വരെ നീണ്ടുനിന്ന വിവാഹബന്ധത്തിൽ, രണ്ടാം ഭാര്യയായ നടി കരിഷ്മ കപൂറിനെ അദ്ദേഹം പീഡിപ്പിച്ചു എന്ന വാദങ്ങളെ അവർ തള്ളിക്കളഞ്ഞു. പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ദിര ആവശ്യപ്പെട്ടു. ഇൻകൺട്രോവേർഷ്യൽ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.
സഞ്ജയ് കരിഷ്മയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ദിര പറഞ്ഞു. അവർ വിവാഹമോചിതരായിരുന്നു. എല്ലാ വിവാഹമോചനങ്ങളും മോശമാണ്. അങ്ങനെയല്ലാത്ത ഒരെണ്ണം കാണിച്ചുതരൂ. പങ്കാളികൾ ഇരുവരും സൗഹൃദപരമായി പിരിയുന്നില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. താനും വിവാഹമോചിതയാണ്. അതിനാൽ, ആളുകൾ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ സംസാരിക്കുന്ന അസംബന്ധങ്ങളിലേക്ക് പോകരുത്. പിടിച്ചുനിൽക്കണമെന്ന് പറഞ്ഞ അവർ മനുഷ്യരാവുകയും ശരിയുടെ പക്ഷത്ത് നിൽക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളെയും മുൻഭാര്യയെയും അമ്മയെയും സഹോദരിമാരെയും അപകീർത്തിപ്പെടുത്തുന്നത് നിർത്തുക. വിരൽ ചൂണ്ടാൻ വളരെ എളുപ്പമാണ്. ഒരു നിലപാടെടുക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.
ബഹുമാനവും സ്വകാര്യതയും ആവശ്യപ്പെട്ടുകൊണ്ട് സഞ്ജയ് കപൂറിൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ മന്ദിര തള്ളി. "സഞ്ജയ് ഒരു സ്ത്രീലമ്പടനായിരുന്നു എന്നൊക്കെയുള്ള കമൻ്റുകൾ ഞാൻ വായിക്കുന്നു. ഒന്നാമതായി, അദ്ദേഹം മരിച്ചുപോയി. അദ്ദേഹത്തെ ബഹുമാനിക്കുക. രണ്ടാമതായി, പ്രിയ ഉൾപ്പെടെ എല്ലാവർക്കും അവൻ എന്തായിരുന്നുവെന്ന് അറിയാമായിരുന്നു. അവൻ അത് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അതിനാൽ, നിങ്ങളെല്ലാവരും ഈ സംഭാഷണത്തിൽ നിന്ന് വിട്ടുനിൽക്കുക. താൻ ആരായിരുന്നു, എന്തായിരുന്നു എന്നതിനെക്കുറിച്ച് അവൻ ഒരിക്കലും നിശ്ശബ്ദനായിരുന്നില്ല." അവർ പറഞ്ഞു.
കരിഷ്മയുടെ മക്കളായ സമൈറയ്ക്കും കിയാനും ആണ് സഞ്ജയിൻ്റെ സ്വത്തിൽ പ്രാഥമിക അവകാശമെന്ന് മന്ദിര ചൂണ്ടിക്കാട്ടി. പ്രിയ സച്ച്ദേവിൻ്റെ മുൻ വിവാഹത്തിലുള്ള മകൾക്ക് കരിഷ്മ കപൂറിൻ്റെ മക്കൾക്കുള്ള അതേ അവകാശം ഉണ്ടായിരിക്കില്ലെന്ന് മന്ദിര പറഞ്ഞു. സഞ്ജയും പ്രിയയും തമ്മിലുള്ള വിവാഹത്തിന് വഴിയൊരുക്കിയതിൽ തനിക്ക് ഖേദമുണ്ടെന്ന് മന്ദിര പറഞ്ഞു. "'എൻ്റെ സഹോദരനുമായുള്ള വിവാഹശേഷം പ്രിയയുടെ സ്വഭാവം പൂർണ്ണമായും മാറി. അവൻ സന്തോഷവാനാണെങ്കിൽ, അങ്ങനെ നടക്കട്ടെ എന്ന് അച്ഛനോട് പറഞ്ഞത് ഞാനാണ്. അങ്ങനെ ചെയ്തതിൽ എനിക്ക് കുറ്റബോധം തോന്നുന്നു." മന്ദിര കുറ്റസമ്മതം നടത്തി.
"എനിക്കിതുവരെ ദുഃഖിക്കാൻ കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ അത് എന്നെ വല്ലാതെ ബാധിക്കാറുണ്ട്. കോടതികളിലെ പോരാട്ടങ്ങളിലും അമ്മയെ നോക്കുന്നതിലുമായിരുന്നു കൂടുതൽ ശ്രദ്ധ. അമ്മ ശരിക്കും പൂർണ്ണമായ ഞെട്ടലിലും കടുത്ത ദുഃഖത്തിലുമാണ്. എൻ്റെ സഹോദരൻ പോയി എന്ന് ഞങ്ങളിലാരും ശരിക്കും അംഗീകരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ശക്തമായി ബാധിക്കും, അതിൽ നിന്ന് കരകയറാൻ സമയമെടുക്കും." മന്ദിര കൂട്ടിച്ചേർത്തു.
Content Highlights: Mandhira Kapur Addresses Public Scrutiny Amidst Family's Legal & Emotional Turmoil