'സുനിൽ ഷെട്ടി ആണുങ്ങളെ പോലെയാണ് സംസാരിക്കുക'; മിമിക്രി താരത്തോട് രോഷാകുലനായി താരം | വീഡിയോ

സുനില്‍ ഷെട്ടിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ശബ്ദം അനുകരിച്ച മിമിക്രി കലാകാരനോട് രോഷത്തോടെ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്റ്റേജില്‍ വെച്ച് മൈക്കിലൂടെ പരസ്യമായാണ് സുനില്‍ ഷെട്ടി ദേഷ്യപ്പെട്ടത്. ഇതിനകം വൈറലായ വീഡിയോയിലെ സുനില്‍ ഷെട്ടിയുടെ സംസാരം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഏതോ പരിപാടിക്കിടെയാണ് മിമിക്രി താരം സുനില്‍ ഷെട്ടിയുടെ ശബ്ദം അനുകരിക്കുന്നത്. ഇതിന് പിന്നാലെ സ്റ്റേജിലെത്തിയ സുനില്‍ ഷെട്ടി മൈക്ക് വാങ്ങി മിമിക്രി കലാകാരനോട് സംസാരിക്കുകയായിരുന്നു. ഇത്ര വിലകുറഞ്ഞ മിമിക്രി താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും തന്റെ ശബ്ദവുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ലെന്നും തുറന്നടിച്ചു.
'ഇയാള്‍ ഏതൊക്കെയോ ഡയലോഗുകള്‍ പറയുന്നു, അത് എന്റെ ശബ്ദത്തില്‍ പോലുമല്ല. ഇത്ര വിലകുറഞ്ഞ മിമിക്രി ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. സുനില്‍ ഷെട്ടി സംസാരിക്കുമ്പോള്‍ പുരുഷനെ പോലെയാണ് സംസാരിക്കുക. പക്ഷേ ഇയാള്‍ ഒരു കുട്ടി സംസാരിക്കുന്നത് പോലെയാണ് ഡയലോഗ് പറഞ്ഞത്. മോനേ, മിമിക്രി ചെയ്യുമ്പോള്‍ അത് നന്നായി ചെയ്യണം. അല്ലാതെ 'ബാഡ് ഇംപ്രഷന്‍' ഉണ്ടാക്കരുത്.'-ഇതാണ് വീഡിയോയില്‍ സുനില്‍ ഷെട്ടി പറഞ്ഞത്.
സുനില്‍ ഷെട്ടി ഇത്രയും പറഞ്ഞതിന് പിന്നാലെ മിമിക്രി കലാകാരനായ യുവാവ് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. 'സോറി സാര്‍, ഞാന്‍ താങ്കളെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നില്ല' എന്നാണ് യുവാവ് പറഞ്ഞത്. ഇതിനും രൂക്ഷമായ മറുപടിയാണ് സുനില്‍ ഷെട്ടി പറഞ്ഞത്.
'ശ്രമിക്കരുത് മോനേ. സുനില്‍ ഷെട്ടിയാകാന് നീ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. മുടി പിന്നില്‍ കെട്ടിവെച്ചാലൊന്നും നീ അതാകില്ല. എനിക്ക് തോന്നുന്നത് നീ സുനില്‍ ഷെട്ടിയുടെ ആക്ഷന്‍ സിനിമകളൊന്നും കണ്ടിട്ടില്ല എന്നാണ്.' -അദ്ദേഹം പറഞ്ഞു.
ഒട്ടേറെ പേരാണ് സുനില്‍ ഷെട്ടിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിട്ടത്. 'നല്ല രീതിയില്‍ പ്രശസ്തനാകാന് ഒരുപാട് വര്‍ഷങ്ങളെടുക്കും, എന്നാല്‍ അത് നശിപ്പിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മതി' എന്നാണ് ഒരാള്‍ കുറിച്ചത്. 'സുനില്‍ ഷെട്ടി എത്രത്തോളം അരക്ഷിതനാണെന്നാണ് ഇത് കാണിക്കുന്നത്. അയാള്‍ സ്വയം ലജ്ജിക്കണം' എന്ന് മറ്റൊരാള്‍ കമന്റിട്ടു.