'കല്യാണം കഴിക്കാനായി കൈഞരമ്പ് മുറിച്ചത് ആരാണ്?'; രവി മോഹനെതിരെ രൂക്ഷവിമർശനവുമായി ആർതിയുടെ അമ്മ

തമിഴ് നടൻ രവി മോഹനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ആർതിയുടെ അമ്മ സുജാതാ വിജയകുമാർ. കഴിഞ്ഞദിവസം രവി മോഹൻ വാർത്താസമ്മേളനത്തിൽ ആർതിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച പല ആരോപണങ്ങൾക്കും മറുപടിയായാണ് ഇപ്പോൾ സുജാത രംഗത്തെത്തിയിരിക്കുന്നത്. ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുജാത.
ആർതിക്കെതിരെ രവി മോഹൻ ഉന്നയിച്ച സൈബർ ആക്രമണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ സുജാത നിഷേധിച്ചു. മക്കളായ ആരവിനേയും അയാനേയും കാണാൻ പോലും അനുവദിക്കുന്നില്ല എന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് സുജാത പറഞ്ഞു. രവിയുടേയും ആർതിയുടേയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സുജാത മറുപടി നൽകി.
ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തത് എന്ന് പഴയ ഒരു മാഗസിൻ അഭിമുഖം ചൂണ്ടിക്കാട്ടി സുജാത ചോദിച്ചു. ഒപ്പം, വിവാഹം ചെയ്യാനായി കൈഞരമ്പ് മുറിച്ചത് ആരാണെന്നും അവർ ചോദിച്ചു. വാർത്താസമ്മേളനത്തിൽ രവി മോഹൻ കൈഞരമ്പ് കാണിച്ചുകൊണ്ട് ആത്മഹത്യയെ കുറിച്ച് സൂചന നൽകിയതിന് മറുപടിയായാണ് സുജാത ഇക്കാര്യം പറഞ്ഞത്.
'2008-ൽ വികടൻ മാസികയിൽ ഒരു അഭിമുഖം വന്നിരുന്നു. അത് കിട്ടുമോ എന്നാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും ആരാണ് വിവാഹം കഴിക്കാനായി ഞരമ്പ് മുറിച്ചതെന്നും അതിലുണ്ട്. എന്റെ പേരക്കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. അവൻ ഈ പ്രശ്‌നങ്ങൾ കാരണം വൈകാരികമായി വലിയ പിരിമുറുക്കമാണ് അനുഭവിക്കുന്നത്. ഈ ചെറുപ്രായത്തിൽ കാണാൻ പാടില്ലാത്ത കാര്യങ്ങൾക്കാണ് അവൻ സാക്ഷിയാകുന്നത്.' -സുജാത പറഞ്ഞു.
വികാരാധീനനായാണ് കഴിഞ്ഞദിവസം രവി മോഹൻ മാധ്യമങ്ങളോട് സംസാരിച്ചത്. ആർതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത് വരെ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. കടുത്ത അപമാനം സഹിച്ചാണ് താൻ ആർതിക്കൊപ്പം ജീവിച്ചതെന്നും രവി മോഹൻ പറഞ്ഞു. വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും താരം പറഞ്ഞു.
'സഹിക്കാവുന്നതിന്റെ അപ്പുറമായി. ഇത്രയും ദിവസം ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇപ്പോൾ സമയമായി. ആളുകൾ കരുതുന്നത് ജയം രവി എന്ന രവി മോഹൻ സോഫ്റ്റായ മനുഷ്യനാണെന്നാണ്. ഞാൻ അങ്ങനെയായിരുന്നു. എന്നാൽ ഇനി അങ്ങനെയായിരിക്കില്ല.' -രവി മോഹൻ പറഞ്ഞു.
'എന്ത് തന്നെ സംഭവിച്ചാലും എനിക്ക് വിവാഹമോചനം ലഭിക്കുക തന്നെ ചെയ്യും. എന്റെ ജീവിതം വീണ്ടും സാധാരണനിലയിലാകും. ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.' -കണ്ണ് നിറഞ്ഞുകൊണ്ട് രവി മോഹൻ പറഞ്ഞു.
Content Highlights: Aarathi's mother Sujata Vijayakumar strongly refuted actor Ravi Mohan's slave-like treatment claims. She questioned his statements by bringing up a past magazine interview detailing who cut their wrists to make the marriage happen.